ഡബ്ലിൻ: ഗാൽവേയിലുള്ള മറ്റേണിറ്റി ഹോസ്പിറ്റലിൽ രണ്ട് നവജാത ശിശുക്കൾ മരിക്കുകയും അഞ്ചു കുഞ്ഞുങ്ങൾക്ക് ഓക്‌സിജൻ ലഭിക്കാതെ പോകുകയും ചെയ്ത സംഭവത്തിൽ എച്ച്എസ്ഇ അന്വേഷണം പുരോഗിക്കുന്നു. ബല്ലിനസ്ലോയിലുള്ള പോർട്ട്വിൻകുല ഹോസ്പിറ്റലിലാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ രണ്ടു നവജാത ശിശുക്കൾ മരിക്കുകയും അഞ്ചു കുഞ്ഞുങ്ങൾക്ക് ഓക്‌സിജൻ ലഭിക്കാതെ പോകുകയും ചെയ്തത്. ആശുപത്രിയിൽ നവജാത ശിശുക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ അഭാവമാണ് ഇത്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

ഓക്‌സിജൻ ലഭിക്കാതെ പോയ കുഞ്ഞുങ്ങളെ പിന്നീട് ഡബ്ലിനിലുള്ള മറ്റ് ആശുപത്രികളിലെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന സംവിധാനമില്ലാതിരുന്നതും പ്രസവത്തിന് സഹായകമായ മരുന്നുകളുടേയും ഉപകരണങ്ങളുടെ അപര്യാപ്തതയും നവജാത ശിശുക്കൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള സംവിധാനങ്ങളും ഇല്ലാതെ പോയതാണ് കുഞ്ഞുങ്ങളെ അപകടാവസ്ഥയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.

അതേസമയം കുഞ്ഞുങ്ങളെ മരണത്തിലേക്ക് നയിച്ച സാഹചര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ഡിസംബറിൽ വിദഗ്ധരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും അത് നടപ്പായില്ല എന്നും ആശുപത്രി ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ അത്തരമൊരു സാഹചര്യം ആശുപത്രിയിൽ ഇല്ലെന്നും എല്ലാ മറ്റേണിറ്റി സ്റ്റാഫിനും അധികമായി ട്രെയിനിങ് നൽകിക്കഴിഞ്ഞുവെന്നും മതിയായ ഉപകരങ്ങൾ എത്തിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.