പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അയ്യപ്പൻ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ശബരിമല വിഷയം കൊടുംമ്പിരി കൊണ്ടിരിക്കെ പൃഥിരാജ് ആണ് ചിത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്ക് വച്ചിരിക്കുകയാണ് നിർമ്മാതാവ് ഷാജി നടേശൻ.2020 മകരവിളക്കിന് ചിത്രം റിലീസ് ചെയ്യുമെന്നും നവമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ 60 ശതമാനം ചിത്രീകരണവും കൊടുവനത്തിലായിരിക്കുമെന്നും ഷാജി നടേശൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് കൂടുതൽ വിശേഷങ്ങൾ അ്‌ദ്ദേഹം പങ്ക് വച്ചത്.

അയ്യപ്പന്റെ തിരക്കഥയ്ക്ക് വേണ്ടി ശങ്കർ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വർഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകൾ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാൽ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിട്ടാണ് അയ്യപ്പൻ വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഇംഗ്ലിഷ് വേർഷനും ഉണ്ടാവുമെന്നും ഓരോ ഭാഷകളിൽ നിന്നും താരങ്ങളെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചതായും ഷാജി നടേശൻ പറയുന്നു.

സിനിമയുടെ ചിത്രീകരണം അടുത്ത വർഷത്തെ വിഷുവിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ലെ മകരവിളക്കിന്റെ അന്ന് സിനിമ റിലീസിനെത്തിക്കണമെന്നാണ് അണിയറ പ്രവർത്തകരുടെ ആഗ്രഹം. ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലേക്കാണ് അടുത്തതായി പൃഥ്വിരാജ് പോവുന്നത്. അയ്യപ്പന്റെ വിവിധ കാലഘട്ടം അവതരിപ്പിക്കുന്നതിനാൽ അതേ ശരീരഭാരം തന്നെയായിരിക്കും അയ്യപ്പനു വേണ്ടിയും ആവശ്യമായി വരിക. മാത്രമല്ല അയ്യപ്പന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ഭാഗങ്ങളിൽ പൃഥ്വിയുടെ ആവശ്യമില്ല,നാല് ഷെഡ്യൂളുകളായി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷാജി നടേശൻ പറയുന്നു.

ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതൽമുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവർത്തകർ പറയുന്നത്. അന്യഭാഷയിൽ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരു സിനിമയിലുണ്ടാകും.