- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭദ്രന്റെ നിലപാട് ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്നത്; മോഹൻലാലിന്റെ മുണ്ടുപറിച്ചടി ഞാൻ പറഞ്ഞിട്ടും മാറ്റിയില്ല; പക്ഷെ തിയേറ്ററിൽ എത്തിയപ്പോൾ കണ്ടത് 60 രൂപയുടെ ടിക്കറ്റ് 800 രൂപയ്ക്ക് വിൽക്കുന്നത്; സ്ഫടികത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് നിർമ്മാതാവ്
തിരുവനന്തപുരം: മലയാളി പ്രക്ഷകരെ ഇന്നും ഹരം കൊള്ളിക്കുന്ന സിനിമയും കഥപാത്രങ്ങളുമാണ് സ്ഫടികവും ആടുതോമയും ചാക്കോമാഷും. ഒരു പക്ഷെ മലയാളി പ്രേക്ഷകരെ ഇത്രയെറ നെഞ്ചേറ്റിയ റൗഡി ഉണ്ടാകുമോ എന്നും സംശയമാണ്. അത്രമേൽ ആഴത്തിൽ സിനിമാ ആസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറിയിട്ടുണ്ട് ആടുതോമ. കാലമാറ്റത്തിനനുസരിച്ച് ഫോർ കെ ദൃശ്യമികവോടെ ഭദ്രൻ സ്ഫടികത്തെ വീണ്ടും അവതരിപ്പിക്കുന്നുവെന്ന വാർത്ത രണ്ടും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിത സ്ഫടികത്തിന്റെ ഷൂട്ടിങ്ങ് മുതലുള്ള അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനൻ.സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സ്ഫടികം സിനിമയെ കുറിച്ച് വാചാലനായത്.
സ്ഫടികത്തിന് മുൻപ് തന്റെ സിനിമകളൊക്കെത്തന്നെയും ഒറ്റ ഷെഡ്യൂളിലാണ് പൂർത്തിയാക്കിയത് എന്നാൽ സ്ഫടികം മാത്രം നീണ്ടുപോയത് 4 ഷെഡ്യുളുകളാണ്. ഞാനും ഭദ്രനും മോഹൻ ലാലും ഭദ്രനും എന്നു തുടങ്ങി മൊത്തം വഴക്കായിരുന്നു സെറ്റിൽ. പെട്ടെന്ന് തന്നെ തീരുമെങ്കിലും അതൊക്കെത്തന്നെയും ഷെഡ്യൂൽ നീളാൻ കാരണമായി. ഒരുപാട് ബുദ്ധിമുട്ടിയാണ് ചിത്രം തീർത്തതെങ്കിലും തിയേറ്ററിൽ എത്തിയപ്പോഴാണ് അടുതോമ എന്ന റൗഡിയുടെ മഹത്വം അറിയുന്നത്.ഇന്ന് സ്ഫടികം ഇറങ്ങിയിട്ട് 26 വർഷങ്ങൾ കഴിഞ്ഞു. എങ്കിലും പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സിനിമ ലൈവായി തന്നെ നിൽക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഗുഡ്നൈറ്റ് മോഹനന്റെ വാക്കുകൾ
'' നാല് തവണ ചിത്രീകരണം മുടങ്ങിയതിന് ശേഷമായിരുന്നു സ്ഫടികം പൂർത്തിയാവുന്നത്. തുടക്കത്തിൽ വലിയ ആശയ കുഴപ്പം ഉണ്ടായിരുന്നെങ്കിലും പല പ്രതിസന്ധികളും മറികടന്നാണ് സിനിമ എത്തുന്നത്. റിലീസ് ചെയ്ത സമയത്ത് സ്ഫടികത്തിന്റെ ടിക്കറ്റ് കരിഞ്ചയിൽ വിൽക്കുന്നത് വരെ നേരിട്ട് കണ്ടിട്ടുണ്ട്. കഥയൊക്കെ നല്ലതാണ്. പക്ഷേ മോഹൻലാൽ മുണ്ട് പറിച്ച് അടിച്ചാൽ ആളുകൾ കൂവില്ലേ എന്ന് ഞാൻ ഭദ്രനോട് ചോദിച്ചിരുന്നു. അത് മാറ്റിക്കൂടേ എന്ന് ചോദിച്ചെങ്കിലും ആരെന്ത് പറഞ്ഞാലും പുള്ളിയത് മാറ്റില്ല. ഭദ്രൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്ന നിലപാടിൽ നിൽക്കുന്ന ആളാണ്. അങ്ങനെ സിനിമയുടെ ചിത്രീകരണം തുടങ്ങിയെങ്കിലും നാല് തവണ ഷൂട്ടിങ്ങ് നിന്ന് പോയി. സാധാരണ എന്റെ പടമൊക്കെ ഒറ്റ ഷെഡ്യൂളിൽ തീരുന്നതാണ്. പക്ഷേ സ്ഫടികം മാത്രം നാല് ഷെഡ്യൂളായി പോയി. മോഹൻലാലും ഭദ്രനുമായി വഴക്ക്, ഞാനും ഭദ്രനും തമ്മിൽ വഴക്ക് അങ്ങനെ പല കാരണങ്ങളായിരുന്നു.
അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി കഷ്ടപ്പെട്ട് സ്ഫടികം തീർത്തു. റിലീസ് ചെയ്തപ്പോഴാണ് ആട് തോമ എന്ന റൗഡിയുടെ മഹത്വം അറിയുന്നത്. ആ സിനിമ ഇറങ്ങിയിട്ട് ഇരുപത്തിയാറ് കൊല്ലങ്ങൾ കഴിഞ്ഞു. സ്ഫടികത്തിന്റെ ഫസ്റ്റ് കോപ്പി എനിക്ക് കാണാൻ സാധിച്ചിരുന്നില്ല. ഒരു ചടങ്ങിനായി കുടുംബത്തോടൊപ്പം തൃശൂർ വന്നപ്പോഴാണ് പടം കാണുന്നത്. പിറ്റേ ദിവസമാണ് സിനിമയുടെ റിലീസ്. കളിക്കാൻ പോകുന്ന തിയറ്ററിൽ സെക്കന്റ് ഷോ കഴിഞ്ഞ ശേഷം പടം ഇട്ടു. സിനിമ കണ്ട ശേഷം ഞാൻ വളരെ സന്തോഷത്തിലായിരുന്നു. പോസിറ്റീവ് ഫീലിങായിരുന്നു ചിത്രത്തിന്. റിലീസ് ദിവസം തിയറ്ററുകളിൽ കയറാൻ പറ്റാത്ത അത്രയും തിരക്കായിരുന്നു. പൊലീസുകാരുടെ സഹായത്തോടെയാണ് ഞങ്ങൾ തിയറ്ററിൽ കയറിയത്.
സിനിമ കാണാൻ ഇത്രയും ആളുകൾ വരുന്നതാണ് ഒരു നിർമ്മാതാവിന്റെ സന്തോഷം. അത് വീണ്ടും കാണാൻ ഞാൻ തിയറ്ററിന്റെ പുറത്തേക്ക് വന്നു. പുറത്ത് വന്നപ്പോൾ കാണുന്നത്, 600 രൂപ മുതൽ 800 രൂപ വരെയാക്കി ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നതാണ്. അന്ന് ബാൽക്കണി ടിക്കറ്റിന് അൻപതോ അറുപതോ രൂപയേ ഉള്ളൂ. ആരാണ് അത് വിറ്റതെന്ന് ഞാൻ അന്വേഷിച്ച് കണ്ടു പിടിച്ചു. ആൾക്കൂട്ടം നിയന്ത്രിക്കാൻ നാല് പൊലീസുകാർ അവിടെയുണ്ടായിരുന്നു. നാല് ഷോയ്ക്കും പതിനഞ്ചോ ഇരുപതോ ടിക്കറ്റ് ഇവർ വാങ്ങും. അത് 750 അല്ലെങ്കിൽ 800 രൂപയൊക്കെ ആയിട്ട് വിൽക്കും. അങ്ങനെ ഏകദേശം 60,000 രൂപ ഒരു ദിവസം ഇവർ കൊണ്ട് പോകുന്നുണ്ട്. അത്രയും ഷെയർ നിർമ്മാതാവായ എനിക്കില്ല. ഇന്ന് ഈ പ്രശ്നങ്ങളൊന്നും ഇല്ല ''
സ്്ഫടികത്തിന്റെ രണ്ടാം ഭാഗമെന്നൊക്കെ ഇടക്കാലത്ത് ചർച്ചകൾ സജീവമായിരുന്നെങ്കിലും സ്ഫടികം ഒന്നേ ഉണ്ടാകുവെന്ന് ഭദ്രൻ തന്നെ വ്യക്തമാക്കിയതോടെ അത്തരം പ്രചരണങ്ങൾക്കൊക്കെ അറുതിയായി. എങ്കിലും പുതിയ സാങ്കേതിക വിദ്യക്കനുസരിച്ച് പരിഷ്കരിച്ച പതിപ്പുമായി ഭദ്രൻ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ
മറുനാടന് മലയാളി ബ്യൂറോ