കോതമംഗലം: വിദ്യാഭ്യാരംഗത്ത് കിഴക്കൻ മേഖലക്ക് വിലപ്പെട്ട സംഭവനൽകുകയും വിവിധങ്ങളായ കർപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്ത പ്രൊഫ. എംപി വർഗീസിന്റെ നൂറാമത് ജന്മദിന ആഘോഷത്തിന് തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.കോതമംഗലത്ത് ഇന്ന് കാണുന്ന വികസനം പ്രൊഫ. എംപി. വർഗീസിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നേറാനുണ്ടെന്ന് അദ്ദേഹം തിരച്ചറിഞ്ഞിരുന്നെന്നും ഇതിനായി അദ്ദേഹം ചിന്തിക്കുകയും അക്ഷീണം പ്രയത്നിക്കുകയും ചെയ്തി രുന്നു.അദ്ദേഹത്തിന്റെ ദീർഷവീക്ഷണം നടപ്പായിരുന്നു എങ്കിൽ ഇന്ന് നമ്മുടെ കുട്ടികൾ യുക്രെയിനിൽ ദുരവസ്ഥ നേരിടേണ്ടി വരുമായിരുന്നില്ല.അദ്ദേഹം കൂട്ടിച്ചേർത്തു.

യുജിസി. മുൻ വൈസ് ചെയർമാൻ ഡോ. വി.എൻ. രാജശേഖരപിള്ള മുഖ്യപ്രഭാഷണം. നടത്തി.മികച്ച കോളേജുകളെല്ലാം സർവ്വകലാശാലകളാകണമെന്നും ഗുണനിലവാരമുള്ള കൽപ്പിത സർവ്വകലാശാലകൾ സ്വാശ്രയ മേഖലകളിൽ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതിനായി ദീർഘ വീക്ഷണത്തോടെ പ്രവർത്തിവ്യക്തി ആയിരുന്നു പ്രൊഫ. എംപി. വർഗീസ് എന്ന് അദ്ദേഹം അനുസ്മരിച്ചു.ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലെ വേദിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങിന് തുടക്കമായത്.

എം.എ കോളേജ് അസോസ്സിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം മെത്രപൊലീത്ത അധ്യക്ഷത വഹിച്ചു.എം.എ കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് സ്വാഗതം ആശംസ അർപ്പിച്ചു.അടുത്ത ഒരു വർഷം കൊണ്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.പ്രൊഫ. എംപി. വർഗീസ് വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തോടുള്ള ആദര സൂചകമായി തപാൽ വകുപ്പുമായി ചേർന്ന് സ്റ്റാമ്പ് പുറത്തിറക്കാൻ ശ്രമിക്കുമെന്നും ആശംസാപ്രസംഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു.

വിദ്യാഭ്യാസ കാലഘട്ടം മുതൽ പ്രൊഫ. എംപി. വർഗീസ് സാറുമായും, എം.എ കോളേജ് അസോസ്സിയേഷൻ സ്ഥാപനങ്ങളുമായും ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ തന്റെ വിജയങ്ങൾക്ക് ഒരു പ്രധാന പങ്കുവഹിച്ചുവെന്ന് ആന്റണി ജോൺ എംഎ‍ൽഎ. ചടങ്ങിൽ അനുസ്മരിച്ചു.എം.എ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം.കെ. ബാബു നന്ദി പ്രകാശിപ്പിച്ചു.

1922 ജൂൺ 29 നാണ് ജനനം.പ്രാഥമിക വിദ്യാഭ്യാസം,കുറുപ്പംപടി എം.ജി.എം,കോതമംഗലം സെന്റ് ജോർജ്ജ്, വടകര സെന്റ് ജോൺസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.ആലുവ യു.സി കോളേജിൽ നിന്നും സ്വർണ്ണ മെഡലോടെ ഇക്കണോമിക്സിൽ ബി.എ നേടി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ എം.എ., മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എംലിറ്റ് എന്നിവയും കരസ്ഥമാക്കി. 1957- 58 കാലയളവിൽ ലോകപ്രശസ്ത ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിഖ്യാത സാമ്പത്തിക പണ്ഡിതൻ സർ റോയ് ഹാരഡിന് കീഴിൽ ഗവേഷണ പഠനവും പൂർത്തീകരിച്ചു.വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനമാരംഭിച്ചു.1952-ൽ കോതമംഗലത്ത് സ്വതന്ത്രനായി മത്സരിച്ച് അക്കാലത്തെ പ്രഗത്ഭനായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിത്തൊമ്മനെ പരാജയപ്പെടുത്തി എംഎ‍ൽഎയായി.

എം എൽ എ എന്ന നിലയിൽ കോതമംഗലത്ത് ഒരു കോളേജ് സ്ഥാപിക്കാൻ ശ്രമിക്കുകയും 1953ൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ ആരംഭിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയാവുകയും ചെയ്തു.1955-ൽ മാർ അത്തനേഷ്യസ് ആർട്സ്‌കോളേജ്,1961-ൽ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്,1965-ൽ മാർ അത്തനേഷ്യസ് കോളേജ് ഹൈസ്‌കൂൾ, 2003-ൽ അടിമാലിയിൽ മാർ ബസേലിയോസ് കോളേജ്,2005ൽ മാർ ബസേലിയോസ് ട്രെയിനിങ് കോളേജ്, 2007-ൽ മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്‌കൂൾ എന്നിങ്ങനെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർത്ഥ്യമാക്കി.

കോളേജ് അദ്ധ്യാപകനായും പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.സാമുദായിക-വിദ്യാഭ്യാസ രംഗത്തെ നിസ്തുല സംഭാവനകളെ പരിഗണിച്ച് പാത്രിയർക്കീസ് ബാവ സഭയുടെ ജ്ഞാനിയായ പുത്രൻ എന്നർത്ഥമുള്ള 'ബാർ ഇത്തോ ഹക്കീമോ' എന്ന ബഹുമതിയും കമാൻഡർ പദവിയും നൽകി അദ്ദേഹത്തെ ആദരിച്ചു.ഭൂതത്താൻകെട്ടിൽ ആണവ നിലയം സ്ഥാപിക്കാൻ കേന്ദ്ര ഗവൺമെന്റ് നീക്കം ആരംഭിച്ചപ്പോൾ ഓർഗനൈസേഷൻ ഫോർ പ്രൊട്ടക്ഷൻ ഫ്രം ന്യൂക്ലിയർ റേഡിയേഷൻ എന്ന പ്രസ്ഥാനം രൂപീകരിച്ച് അദ്ദേഹം സമര രംഗത്തിറങ്ങിയിരുന്നു.ഒടുവിൽ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ടു.ജനവാസ മേഖലയിൽ ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു.സാമൂഹിക -സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുള്ള അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.2011 ജൂലൈ 19-ന് അന്തരിച്ചു.