തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയപരാജയങ്ങളെ നിർണ്ണയിക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയക്കാരുടെ വിശ്വാസം. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് അടക്കുമ്പോൾ രാഷ്ട്രീയക്കാർ കാന്തപുരത്തെ തേടിയെത്തുന്നവരും. അങ്ങനെ അനുയായികളുടെയും രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനായ എ പി ഉസ്താദിനെ കിട്ടുന്ന അവസരത്തിലൊക്കെ പുകഴ്‌ത്താൻ അണികൾ മടി കാണിക്കാറില്ല. ചന്ദ്രനെ പോലെ തിളങ്ങുന്ന മുഖമുള്ള ആളെന്നും ദിവ്യത്വമുള്ള സന്യാസിവര്യനെന്നുമൊക്കെ പലരും പുകഴ്‌ത്താറുണ്ട്. ഇങ്ങനെ മൈക്ക് കണ്ടപ്പോൾ കാന്തപുരത്തെ പുകഴ്‌ത്തിയ പ്രൊഫ. ഹുസൈൻ രണ്ടത്താണ് ശരിക്കും പുലിവാല് പിടിച്ചിരിക്കയാണ്.

കോട്ടക്കൽ എടരിക്കോട് നടന്ന എ പി വിഭാഗം എസ്വൈഎസിന്റെ സമ്മേളന വേദിയിൽ എത്തിയപ്പോൾ നടത്തി പ്രസംഗമാണ് മുമ്പ് പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ഹുസൈൻ രണ്ടത്താണിയെ വിവാദത്തിൽ ചാടിച്ചിരിക്കുന്നത്. കാന്തപുരത്തിന്റെ സ്വാധീന വലയവും പ്രഭാവത്തെ കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ച രണ്ടത്താണി ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയതിന് പിന്നിലും ഉസ്താദിന് പങ്കുണ്ടെന്ന് പറഞ്ഞു. ഈ വീഡിയോ എ പി വിഭാഗത്തെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ് ഇപ്പോൾ. ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമാണ് രണ്ടത്താണിയുടെ പ്രസംഗം വൈറലാകുന്നത്.

രണ്ടത്താണി കാന്തപുരത്തെ പുകഴ്‌ത്തിയത് ഇങ്ങനെ: ആ മഹാനായ മനുഷ്യൻ ജോർജ്ജ് വാഷിങ്ടണിനെ കുറിച്ച് പറയാറുണ്ട്. പക്ഷേ, നമ്മൾ മലയാളത്തിൽ എഴുതുന്നതു കൊണ്ട് എ പി ഉസ്താദിന്റെ പേര് ലോകത്തെങ്ങും അറിയാതെ പോകുകയാണ്. അവരൊക്കെ വലിയ ത്യാഗം സഹിച്ചു എന്നാണ് പറയാറുള്ളത്. പക്ഷേ നമുക്ക് ഉസ്താദിനെ ശരിക്കും അറിയാമല്ലോ? ഈ ദേശീയോദ്‌ഗ്രഥനത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഭീകരതക്കെതിര, സാമൂഹ്യ സേവനത്തിന് വേണ്ടി, ദരിദ്ര വിഭാഗങ്ങൾക്ക് വേണ്ടി, ഇന്ത്യാ മഹാരാജ്യത്തിന് വേണ്ടി. എന്തിന് അധികം, ഇപ്പോൾ ഡൽഹിയിൽ ഒരു പുതിയ പാർട്ടിയാണ് ജയിച്ചത്. അതിന്റെ പിന്നിൽ വരെ എ പി ഉസ്താദ് ഉണ്ട് എന്നാണ് പലരും പറയുന്നത്. നമുക്കറിയില്ല, ഇതിന്റെ വാസ്തവം. അവിടെ ചെന്നു നോക്കിയപ്പോഴാണ് അറിയുന്നത്, മന്ത്രിപദത്തിൽ എത്തിയ മനുഷ്യൻ അദ്ദേഹം എ പി ഉസ്താദിന്റെ വേണ്ടപ്പെട്ട ആളാണെന്നാണ് അറിയുന്നത്. ഇതൊക്കെ അറിഞ്ഞപ്പോൾ നമ്മളൊന്നു ശരിക്കും ഉസ്താദിനെ അറിഞ്ഞിട്ടില്ലല്ലോ എന്നാണ് തോന്നിയത്.

എന്തായാലും ആം ആദ്മിയുടെ വിജയത്തിന്റെ ക്രെഡിറ്റും അവകാശപ്പെട്ടുകൊണ്ടുള്ള രണ്ടത്താണിയുടെ പ്രസംഗം കാന്തപുരം വിഭാഗത്തിന് തന്നെ ക്ഷീണമാണ്. പ്രസംഗത്തിലെ ഈ ഭാഗം അദ്ദേഹത്തിന്റെ എതിരാളികൾ തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണിപ്പോൾ. ആം ആദ്മിക്ക് പിറകിൽ ആർഎസ്എസ് ആണെന്ന വിധത്തിൽ പ്രചരണം നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് യഥാർത്ഥത്തിൽ ആരാണെന്ന് വ്യക്തമായത് എന്ന വിധത്തിലാണ് ഫേസ്‌ബുക്കിലെ ചില കമന്റുകൾ. വാട്‌സ് ആപ്പ് വഴിയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം ഹുസൈൻ രണ്ടത്താണിയുടെ പ്രസംഗത്തിലെ പ്രധാനഭാഗത്തിന്റെ സത്ത ഉൾകൊള്ളാതെ അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമാണ് ചിലർ നടത്തുന്നതെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ആരോപണം. മർക്കസ് നോളജ് സിറ്റി അടക്കമുള്ള വിഷയങ്ങളിൽ കാന്തപുരത്തിന് പാരവെക്കുന്നവാണ് ഇത്തരത്തിൽ കുപ്രചരണത്തിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായ ആളുമായി കാന്തപുരത്തിനുള്ള ബന്ധമാണ് പറയുന്നതെന്നും കാന്തപുരത്തിന്റെ അനുയായികൾ പറയുന്നു.