- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളുടെ പിന്നിൽ വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഞാൻ വരുന്നത് തടയാനുള്ള ഗൂഢാലോചന; നുണ പ്രചരിപ്പിച്ചത് അനധികൃതമായി നിയമനവും പ്രൊമോഷനും നേടിയവർ; മന്ത്രിയെ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല: ഒരുമണിക്കൂർ പ്രിൻസിപ്പൽ ആക്കിയതിന്റെ പേരിൽ വിവാദത്തിലായ ഇടതു സംഘടനാ നേതാവ് മറുനാടനോട് മനസ്സുതുറക്കുന്നു
തിരുവനന്തപുരം: താൻ വിദ്യാഭ്യാസമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിൽ എത്തിയാൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലുൾപ്പെടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ വഴിവിട്ട നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും പിടിവീഴുമെന്ന ഭയമാണ് ഇപ്പോൾ പ്രിൻസിപ്പലായി തനിക്ക് സ്ഥാനക്കയറ്റം നൽകിയതിനെച്ചാല്ലിയുണ്ടായ വിവാദങ്ങൾക്കു പിന്നിലെന്ന് ഡോ. ആർ ശശികുമാർ. ഇതിനായി ശക്തമായ ഗൂഢാലോചന നടന്നതായും ശശികുമാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. വിരമിക്കാൻ രണ്ടുമണിക്കൂർ ബാക്കിനിൽക്കെ കഴിഞ്ഞ 31നു മൂന്നു മണിക്ക് കോട്ടയത്തെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായിരുന്ന ഡോ.ആർ.ശശികുമാറിന് തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത് വിവാദമാവുകയായിരുന്നു. സിപിഐ(എം) അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് ശശികുമാർ. ഉത്തരവിറങ്ങിയതിനെ തുടർന്ന് നാലുമണിക്ക് അദ്ദേഹം പ്രിൻസിപ്പലായി ചുമതലേറ്റു. അഞ്ചുമണിക്ക് വിരമിക്കുകയും ചെയ്തു. ഇടതുമന്ത്രിസഭ അ
തിരുവനന്തപുരം: താൻ വിദ്യാഭ്യാസമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിൽ എത്തിയാൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലുൾപ്പെടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ വഴിവിട്ട നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും പിടിവീഴുമെന്ന ഭയമാണ് ഇപ്പോൾ പ്രിൻസിപ്പലായി തനിക്ക് സ്ഥാനക്കയറ്റം നൽകിയതിനെച്ചാല്ലിയുണ്ടായ വിവാദങ്ങൾക്കു പിന്നിലെന്ന് ഡോ. ആർ ശശികുമാർ. ഇതിനായി ശക്തമായ ഗൂഢാലോചന നടന്നതായും ശശികുമാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
വിരമിക്കാൻ രണ്ടുമണിക്കൂർ ബാക്കിനിൽക്കെ കഴിഞ്ഞ 31നു മൂന്നു മണിക്ക് കോട്ടയത്തെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായിരുന്ന ഡോ.ആർ.ശശികുമാറിന് തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത് വിവാദമാവുകയായിരുന്നു.
സിപിഐ(എം) അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് ശശികുമാർ. ഉത്തരവിറങ്ങിയതിനെ തുടർന്ന് നാലുമണിക്ക് അദ്ദേഹം പ്രിൻസിപ്പലായി ചുമതലേറ്റു. അഞ്ചുമണിക്ക് വിരമിക്കുകയും ചെയ്തു. ഇടതുമന്ത്രിസഭ അധികാരത്തിലേറി ദിവസങ്ങളേ ആയുള്ളൂ എന്നതിനാൽ വേണ്ടപ്പെട്ടവർക്ക് അനർഹമായ സ്ഥാനക്കയറ്റം നൽകുന്നു എന്ന രീതിയിൽ പ്രചരണം നടന്നതോടെ സംഭവം വിവാദമായി പ്രചരിച്ചു.
പലർക്കും വഴിവിട്ട് സ്ഥാനക്കയറ്റം നൽകിയതിനൊപ്പം യുഡിഎഫ് സർക്കാർ തടഞ്ഞുവച്ച അർഹമായ പ്രൊമോഷൻ തനിക്കു നൽകി എൽഡിഎഫ് സർക്കാർ നീതികാട്ടുകയായിരുന്നെന്നും ഇതിൽ വിവാദമുണ്ടാക്കിയവർക്ക് വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നു എന്നുമാണ് ഇപ്പോൾ ശശികുമാർ വ്യക്തമാക്കുന്നത്.
പ്രിൻസിപ്പൽ പദവി വിവാദമാക്കിയവരുടെ ലക്ഷ്യം ഞാൻ വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായി വരുന്നത് തടയുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ടായി. കോളേജ് മേഖലയിൽ പലയിടത്തും വഴിവിട്ട പ്രൊമോഷനുകളും നിയമനങ്ങളും നടന്നു. സംഘടനാ നേതാവെന്ന നിലയിൽ ഇതേപ്പറ്റിയെല്ലാം വ്യക്തമായ അറിവുള്ള ഞാൻ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫിലെത്തിയാൽ ഇതുസംബന്ധിച്ച ഫയലുകളെല്ലാം കാണുമെന്നും അത് പലർക്കും ഭീഷണിയാകുമെന്നും ഉറപ്പായ ചിലരാണ് എന്റെ പ്രൊമോഷൻ ഇപ്പോൾ വിവാദമാക്കാൻ ശ്രമിച്ചത്. എനിക്ക് കൂടുതൽ പെൻഷൻ നേടിത്തരാനും ആനുകൂല്യങ്ങൾ ലഭ്യമാക്കാനുമാണ് പ്രിൻസിപ്പലാക്കിയതെന്നായിരുന്നു പ്രചരണം. 31 വർഷം സർവീസുള്ള ഞാൻ നേരത്തേതന്നെ പരമാവധി പെൻഷന് അർഹനാണെന്നിരിക്കെ സർക്കാർ വഴിവിട്ട് സഹായിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാകുകയല്ലേ.. : ശശികുമാർ ചോദിക്കുന്നു.
എൻജിനീയറിങ് കോളേജിലെ പ്രൊമോഷൻ യുഡിഎഫിന്റെ കാലഘട്ടത്തിൽത്തന്നെ വലിയ വിവാദമായതാണ്. എൻജിനീയറിങ് കോളജിലെ അദ്ധ്യാപകരെ അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ, പ്രിൻസിപ്പൽ പദവിയിലേക്കു നിയമിക്കണമെങ്കിൽ സെലക്ഷൻ ബോർഡ് മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണമെന്നാണ് നിബന്ധന. ഇതുപ്രകാരം ഇന്റർവ്യൂവിൽ പങ്കെടുത്തുതന്നെയാണ് ഞാൻ പ്രൊഫസറായത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2014 നവംബറിൽ ഇത്തരത്തിൽ പ്രൊമോഷന് അർഹരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചതിനു പിന്നാലെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. അപേക്ഷ സ്വീകരിച്ചതിനു പിന്നാലെ തങ്ങൾക്കു താൽപര്യമുള്ള ചിലരെ തിരുകിക്കയറ്റുന്നതിന് സർക്കാർ ശ്രമം തുടങ്ങി. ഇതിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മൂന്നുതവണ സർക്കാർ തിരുത്തൽ വരുത്തി. ഇതിൽ പ്രതിഷേധിച്ച് കെജിഒഎ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇക്കാര്യം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമുമായി ചർച്ചെയ്തു. പക്ഷേ, അദ്ദേഹം സർക്കാരിന്റെ അട്ടിമറിയെ സഹായിക്കുംവിധം ഇന്റർവ്യൂ പ്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ നാല് പ്രിൻസിപ്പൽ പോസ്റ്റിലേക്കും 12 പ്രൊഫസർ പോസ്റ്റിലേക്കും നടന്ന ഇന്റർവ്യൂകൾ അദ്ധ്യാപകർ ബഹിഷ്‌കരിച്ചു. പ്രൊമോഷൻ വലിയതോതിൽ അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്ന് മനസ്സിലാക്കിയാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു ബഹിഷ്‌കരണം നടന്നത്. എന്നാൽ നടപടികളുമായി മുന്നോട്ടുപോയ സർക്കാർ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റി പ്രൊമോഷൻ നടത്തി. അതിലൊരാൾ തിരുവനന്തപുരത്തുണ്ട്. അങ്ങനെ റാങ്ക്‌ലിസ്റ്റ് പുറത്തുവന്നപ്പോൾ ഏറ്റവും താഴെയുണ്ടായിരുന്നയാൾ ലിസ്റ്റിൽ മേലെയായി. കേരളത്തിൽ എല്ലായിടത്തും സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് പ്രൊമോഷൻ എന്നിരിക്കെ സീനിയോരിറ്റി അട്ടിമറിച്ചായിരുന്നു ഈ ലിസ്റ്റ് തയ്യാറാക്കിയത്.
ഇതോടെ സംഘടന സമരം ശക്തമാക്കി, ഒരുദിവസത്തെ പണിമുടക്കു നടത്തി. എൻജിനീയറിങ് കോളേജുകളിലെ പഠനേതര വിഷയങ്ങളിൽ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു. ഇതോടെ എൻജിനീയറിങ് കോളേജുകളിലെ വേൾഡ് ബാങ്ക് പ്രൊജക്ടുകൾ ഉൾപ്പെടെ മുന്നോട്ടുപോകില്ലെന്ന നിലവന്നു. തുടർന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് എല്ലാ സംഘടനകളെയും ചർച്ചയ്ക്കുവിളിച്ചു. ആ സമയത്ത് ശ്രിനിവാസൻ ആയിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി. ചില തിരിമറികൾ പ്രൊമോഷൻ കാര്യത്തിൽ നടന്നുവെന്ന് സംശയിക്കുന്നതായി മന്ത്രിയുൾപ്പെടെ പങ്കെടുത്ത ചർച്ചയിൽ ശ്രീനിവാസനും വ്യക്തമാക്കിയതോടെ അപ്പോൾ നടന്ന പ്രൊമോഷൻ നടപടികളെല്ലാം റദ്ദാക്കി സുതാര്യമായി പ്രൊമോഷൻ വീണ്ടും തീരുമാനിക്കാൻ യോഗത്തിൽ മന്ത്രിതന്നെ നിർദ്ദേശം നൽകി. കേരളത്തിലെ എല്ലാ സർവീസ് സംഘടനകളും പങ്കെടുത്ത ചർച്ചയിലായിരുന്നു 2015 ആദ്യം ഈ തീരുമാനിച്ചു. അങ്ങനെ ആ റാങ്ക്‌ലിസ്റ്റുമായി മുന്നോട്ടുപോകുന്നത് ഉപേക്ഷിച്ചു.
എന്നാൽ അതിനുപിന്നാലെ വീണ്ടും വേണ്ടപ്പെട്ടവർക്ക് പ്രൊമോഷൻ നൽകാൻ കുറുക്കുവഴികളിലൂടെ ശ്രമം തുടങ്ങി. എമർജൻസി ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഏതുവകുപ്പിലും പ്രൊമോഷൻ നൽകാമെന്ന റൂൾ 31 എ സർവീസ് ചട്ടത്തിന്റെ മറവിലായിരുന്നു ഈ നീക്കം. അതിനൊപ്പം തന്നെ റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ട ഒരാളെക്കൊണ്ട് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേസ് കൊടുപ്പിച്ചു. ലിസ്റ്റ് അനുസരിച്ച് പ്രൊമോഷൻ നടത്താൻ ട്രിബ്യൂണൽ ഉത്തരവിട്ടു. യഥാർത്ഥ മാനദണ്ഡങ്ങൾ പാലിച്ചല്ല, ലിസ്റ്റ് തയ്യാറാക്കിയതെന്ന കാര്യം ഇവിടെ മറച്ചുവച്ചു. അതോടെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിൽ നാലും അഞ്ചും വർഷം സർവീസിൽ ഇരുന്നവർ 13ഉം 14ഉം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീനിയർമോസ്റ്റ് പ്രിൻസിപ്പലായിരുന്ന രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ആർ. ഇന്ദിരാദേവി പതിമൂന്നാമത്തെ ആളായി മാറി. അടുത്തവർഷം ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടർ വിജയകുമാർ റിട്ടയർ ചെയ്താൽ ഡയറക്ടർ ആകേണ്ടിയിരുന്ന ആൾക്കാണ് ഈ സ്ഥിതിവന്നത്. അതോടെ പുതിയ ലിസ്റ്റിലെ അപാകതകൾ എല്ലാവർക്കും ബോധ്യപ്പെട്ടു. ഇതാണ് പ്രൊമോഷനിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന അട്ടിമറി. ഇത്തരത്തിൽ എനിക്ക് തരാതെ തടഞ്ഞുവച്ച അർഹതപ്പെട്ട പ്രൊമോഷനാണ് ഇപ്പോൾ ലഭിച്ചത്. - ശശികുമാർ പറഞ്ഞു.
2008 മുതൽ എൻജിനീയറിങ് കോളേജുകളിൽ നടന്ന മിക്ക പ്രൊമോഷനും 31 എ എന്ന ചട്ടം ഉപയോഗിച്ച നടന്നതാണെന്നതാണ് മറ്റൊരു വസ്തുത. റാങ്ക്‌ലിസ്റ്റ് ഉണ്ടാക്കും. അത് ക്യാൻസൽ ചെയ്യും. എന്നിട്ട് സീനിയോരിറ്റി പ്രൊട്ടക്ട് ചെയ്യും. ഈ രീതിയിലാണ് പ്രൊമോഷൻ നടന്നിരുന്നത്. അതുകൊണ്ട് എനിക്ക് ഇപ്പോൾ നൽകിയ പ്രൊമോഷൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ആദ്യസംഭവമല്ല. യുഡിഎഫ് സർക്കാർ ഇരിക്കെത്തന്നെ ലാസ്റ്റ് ദിവസം പ്രിൻസിപ്പലായി പ്രൊമോഷൻ നടന്നിട്ടുണ്ട്. പിഎച്ച്ഡി ഉള്ളവരെയല്ല. എംടെക്കുകാരെപ്പോലും. വത്സല എന്ന ടീച്ചറെ ശ്രീകൃഷ്ണപുരത്ത് 30ന് ഓർഡറിട്ട് 31ന് ജോയിൻചെയ്യിച്ച്് റിട്ടയർ ചെയ്യിച്ചിരുന്നു.
ഇപ്പോഴത്തെ സംഭവത്തിൽ ഗൂഢോലോചന വരുന്ന്ത മറ്റൊന്നും കൊണ്ടല്ല. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ തീരുമാനിക്കുന്ന കാര്യത്തിൽ എന്റെ പേര് സജീവ പരിഗണനയ്ക്കുവന്നു. കഴിഞ്ഞ സർക്കാർ ചെയ്ത കാര്യങ്ങളൊക്കെ ഞാൻ അവിടെവന്നാൽ പുറത്തുവരും. അതിനാൽ എന്നെ അതിൽനിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. സെക്രട്ടേറിയറ്റിലെത്തന്നെ ചിലരാണ് എന്റെ പ്രൊമോഷൻ വിവാദമാക്കാൻ ചരടുവലിച്ചത്. ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി ഒരുപാടുപേരെ കയറ്റി ഇരുത്തിയിട്ടുണ്ട്. അവരെല്ലാം പുറത്തുപോകേണ്ടിവരും. അതാണ് സാഹചര്യം. അതുകൊണ്ട് ഇപ്പോഴത്തെ വിവാദമുണ്ടാക്കിയതിനു പിന്നിൽ വൻ ലോബിയുണ്ട്. - ശശികുമാർ പറഞ്ഞു.
വിവാദങ്ങളുയർന്ന സാഹചര്യത്തിൽ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമായില്ലല്ലോ എന്ന് ശശികുമാർ പ്രതികരിച്ചു. പിണറായി എന്റെ ബന്ധുവാണ്, വിദ്യാഭ്യാസമന്ത്രി അടുത്തയാളാണ് എന്നൊക്കെയാണ് പ്രചരണം. വിദ്യാഭ്യാസമന്ത്രിയെ ഞാൻ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഞാൻ എംജിയൂണിവേഴ്‌സിറ്റിയിൽ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ എൻജിനീയറിങ് കോളേജുകളിൽ ക്രെഡിറ്റ് സിസ്റ്റം കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്തയാളാണ് ഞാൻ. സ്വാശ്രയ ലോബിക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കാനായതിലും നല്ലൊരു അദ്ധ്യാപകൻ എന്ന നിലയിൽ ശിഷ്യരെല്ലാം അംഗീകരിക്കുന്നതിനാലും പൂർണ തൃപ്തിയോടെയാണ് സർവീസിൽ നിന്ന് വിരമിച്ചത്. എന്നെ ഏൽപ്പിച്ച ചുമതലകളെല്ലാം അർഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റിയെന്ന സംതൃപ്തിയുണ്ട്. അതുതന്നെയാണ് എന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാൻ കാരണമായതും. 25 വർഷം മാത്രമായ രാജീവ് ഗാന്ധി കോളേജിന് രണ്ടുതവണ എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചു. അതിന് നേതൃത്വം കൊടുത്തയാളാണ് ഞാൻ. എന്റെ അത്തരം പ്രവർത്തനങ്ങളെപ്പറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമറിയാം. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണല്ലോ ഞങ്ങളുടെ കോളേജ്. ഞാൻ ഒരു മോശക്കാരനായിരുന്നെങ്കിൽ അദ്ദേഹം എന്നെമാറ്റിയേനെയല്ലോ- 18 വർഷത്തിലേറെയായി രാജീവ്ഗാന്ധി കോളേജിൽ അദ്ധ്യാപകനായിരുന്ന ശശികുമാർ പറഞ്ഞുനിർത്തുന്നു. തനിക്കെതിരെ ഇത്രയും വാർത്തകൾ നൽകിയിട്ടും നിജസ്ഥിതി അന്വേഷിക്കാൻ വിളിച്ചത് മറുനാടൻ മലയാളിയിൽ നിന്ന് മാത്രമാണെന്ന് പറഞ്ഞുകൊണ്ട്.