കൊച്ചി: ഡിങ്ക ഭഗവാനെ തൊട്ടുകളിക്കേണ്ടെന്ന് അന്നേ ഡിങ്കോയിസ്റ്റുകൾ ദിലീപിനോട് പറഞ്ഞതാ. പക്ഷെ അതൊന്നും കേൾക്കാൻ ദിലീപ് തയ്യാറായില്ല. സിനിമാ ഉപേക്ഷിച്ച് മാപ്പും പറയാതെ ഡിങ്കശാപം മുഴുവൻ തലയിലെടുത്തു വെക്കുകയും ചെയ്തു. ഇപ്പോ ദാ കണ്ടില്ലേ.. വർഷം ഒന്നു കഴഞ്ഞിട്ടും ഡിങ്ക ശാപത്തിൽ നിന്നും ദിലീപിന് ഇനിയും മോക്ഷം ലഭിച്ചിട്ടില്ല. ജയിൽ വാസവും കോടതി കേറ്റവും നാണക്കേടും എല്ലാം കഴിഞ്ഞ് ഒടുവിൽ രക്ഷപ്പെട്ടെന്ന് വിചാരിച്ച ദിലീപിനെ തേടി ദാ വീണ്ടും ഡിങ്കനെത്തിയിരിക്കുകയാണത്രേ.

സിനിമയിലെ ചില ഭാഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യണം. അങ്ങനെയാണ് സംവിധായകന് ഡിങ്കന്റെ അരുളപ്പാട് ഉണ്ടായിരിക്കുന്നതത്രെ. എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മോക്ഷം ലഭിച്ചെന്നു കരുതിയ ദിലീപിന് ഇപ്പോൾ ഡിങ്കനെ കൊണ്ട് കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയായി. എങ്ങിനെ എങ്കിലും ഷൂട്ടിങം തീർത്ത് ഇ വയ്യാ വേലിയിലിൽ നിന്നും ഊരാൻ നോക്കിയ ദീലിപീന്റെ കാലിലെ ചുറ്റിയ വള്ളിയായി ദാ പിന്നെയും ഡിങ്കൻ ഒപ്പം കൂടിയിരിക്കുകയാണ്. ഡിങ്കനെ ഉപദേശിച്ച് ദിലീപിനെ ഈ ശാപത്തിൽ നിന്നും രക്ഷിക്കാൻ ഡിങ്കന്റെ പ്രിയപ്പെട്ട നമ്പോലൻ മാമനെ കഴിയൂ എന്നാണ് ഇപ്പോൾ ഡിങ്കോയിസ്റ്റുകൾ പറയുന്നത്. ബാലമംഗളത്തിലെ ഡിങ്കന്റെ പ്രിയപ്പെട്ട വൈദ്യരാണ് നമ്പൊലീ മാമൻ.

പ്രൊഫസർ ഡിങ്കന്റെ ചില ഭാഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്യണമെന്നാണേ്രത സംവിധായകന്റെ ആവശ്യം. ഷൂട്ട് ചെയ്ത ചിലഭാഗങ്ങളിൽ അണിയറ പ്രവർത്തകർക്ക് തൃപ്തിയില്ലാത്തതാണ് വീണ്ടും ചിത്രീകരിക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തിയത്. തന്റെ ജീവിതത്തിൽ ഇത്രയും പൊല്ലാപ്പുകൾ ഉണ്ടാക്കിയ ഡിങ്കൻ ഇനിയും പ്രശ്‌നമുണ്ടാക്കുമോ എന്നോർത്ത് കണ്ണ് തള്ളിയിരിക്കുകയാണ് ദിലീപ്. ഉടൻ തന്നെ നമ്പോലൻ മാമനെ മനസ്സിൽ ധ്യാനിച്ച് ദിലീപും പിള്ളേരും ഡിങ്കന്റെ റീ ഷൂട്ട് ഉടൻ തുടങ്ങുമെന്നാണ് കേൾക്കുന്നത്.

സിനിമകളുടെ ഷെഡ്യൂളുകൾ എല്ലാം പെട്ടെന്ന് പൂർത്തിയാക്കി അടുത്ത സെറ്റിലേക്ക് പരക്കം പായുന്ന തന്നെ ഡിങ്കൻ വിടാതെ പിടികൂടിയതോടെ ദിലീപ് ഡിങ്കനെ ഒഴിപ്പിക്കാൻ ഇനി ഡിങ്കോയിസത്തിൽ അഭയം തേടേണ്ടി വരുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ദിലീപ് നായകനായ പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം തുടങ്ങിയത്. അന്നു മുതൽ ഇങ്ങോട്ട് ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ പൊല്ലാപ്പുകൾ ഒന്ന് നോക്കണേ....

ഡിങ്കനിൽ നായകനാകാൻ തീരുമാനിച്ചപ്പോൾ വേണ്ട.. ഡിങ്കനെ തൊട്ടു കളിക്കേണ്ടെന്ന അഭിപ്രായം ഡിങ്കോയിസ്റ്റുകൾ രേഖപ്പെടുത്തിയിരുന്നു. മതവികാരം വ്രണപ്പെടുത്തുമെന്നാണ് ഡിങ്കോയിസ്റ്റുകൾ അറിയിച്ചത്. ഡിങ്കനെ തൊട്ടാൽ അക്കിളി തീക്കളി സൂക്ഷിച്ചോ... അങ്ങനെ ദിലീപിനെ വിട്ടൊഴിയാതെ പിന്തുടരുന്ന ഡിങ്കനെ ചൂണ്ടിക്കാട്ടി ഡിങ്കമതത്തിന്റെ പ്രചാരകർ വീണ്ടും സജീവമാകുകയാണ്. എല്ലാം ഡിങ്കന്റെ ഇച്ഛയെന്നാണ് മലയാള സിനിമയിലെ പുതിയ സംഭവത്തെ അവർ വിലയിരുത്തുന്നത്.

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് പ്രൊഫ. ഡിങ്കൻ. ത്രീഡിയിൽ ഒരുക്കുന്ന ചിത്രംകൂടിയാണിത്. ന്യൂ ടി.വി. പിക്ചേഴ്സിന്റെ ബാനറിൽ സനൽ തോട്ടമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാളസിനിമയിൽ ഏറെ ഇടവേളയ്ക്കു ശേഷമാണ് ഒരു ത്രീഡി ചിത്രം ഒരുങ്ങുന്നത്.

 

ഉയർന്ന സാങ്കേതിക മികവോടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ കൗതുകകരമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. ഇതിൽ ഡിങ്കനായി എത്തുന്നത് ദിലീപാണ്. ഡിങ്കൻ എന്ന ഏക ദൈവത്തിന് മലയാളികളുടെ മനസ്സിൽ കിട്ടിയ സ്ഥാനത്തെ ദുരപയോഗം ചെയ്യാനുള്ള ശ്രമം. ഇതാണ് ദിലീപിനെ ഡിങ്ക ദൈവത്തിന്റെ ശത്രുപക്ഷത്ത് എത്തിച്ചത് അത്രേ. ഇതു മാത്രമാണ് ജനപ്രിയ നായകനെ തളർത്തുന്നത്. ഡിങ്ക പൂജമാത്രമാണ്രേത ഏക ലക്ഷ്യമെന്ന ട്രോളുകളും താമസിയാതെ സജീവമാകും.

ഏപ്രിൽ 16 ഞായറാഴ്ച തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയിൽ വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഡി.ജി.പി.യായിരുന്ന ശ്രീ ലോക്നാഥ് ബെഹ്റയാണ് തദവസരത്തിൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. ഇതിന് പിന്നാലെ ബഹ്‌റയ്ക്കും കിട്ടി പണി. സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി തീരുമാനത്തിന് പിന്നിലും ഡിങ്കന്റെ ഇടപെടലുണ്ടായിരുന്നു. ഇതോടെ ബെഹ്‌റ പൊലീസ് മേധാവി കസേരയിൽ നിന്ന് വിജിലൻസ് ആസ്ഥാനത്ത് എത്തി. ഡിങ്കന്റെ ശക്തിക്ക് ഇതിലും വലിയ തെളിവ് വേണ്ട. അതിന് ശേഷം ഡിങ്കൻ ദിലീപിനെ പാഠം പഠിപ്പിച്ചു. പീഡനവും തട്ടിക്കൊണ്ടു പോകലിലും പെട്ടെന്ന് ദിലീപ് പ്രതിസ്ഥാനത്ത് ആയതിന് കാരണം ഇതു മാത്രമാണ്. ദിലീപ് വിവാദത്തിൽപ്പെടുന്നത് ഏപ്രിലിന് ശേഷമാണ്-ഡിങ്കോയിസ്റ്റുകൾ പറയുന്നു.

ദീപാങ്കുരൻ എന്ന ചെറുപ്പക്കാരൻ മാന്ത്രികവിദ്യ പഠിക്കാനെത്തുന്നത് പ്രൊഫ. മഹീന്ദ്രന്റെ കീഴിലാണ്. മഹീന്ദ്രന്റെ മകൾ സുഹാസിനിയെ അപ്പോൾ മുതൽ ദീപാങ്കുരനറിയാം. അത് ഒരടുപ്പത്തിലേക്കു നീങ്ങുന്നു. ഒരു ഘട്ടത്തിൽ ഗുരുശിഷ്യ ബന്ധത്തിൽ അരങ്ങേറുന്ന വിള്ളലുകൾ. ഇതിനിടയിൽ ഏറെ ആത്മസംഘർഷം അനുഭവിക്കുന്നതും സുഹാസിനി തന്നെ. അടിസ്ഥാനപരമായി ഒരു തികഞ്ഞ പ്രണയചിത്രം കൂടിയാണിത്. ഈ സിനിമയ്ക്ക് എങ്ങനെ ഡിങ്ക ദൈവത്തിന്റെ പേരു കൊടുക്കും. ഇത് ഡിങ്കോയിസത്തെ തള്ളിപ്പറയലാണ്. കളിയാക്കലാണെന്നാണ് ഡിങ്കോയിസ്റ്റുകളുടെ വാദം. ഡിങ്കമതം എന്തെന്ന് പഠിച്ചിട്ട് ഡിങ്ക ദൈവത്തിന്റെ പേരിലുള്ള സിനിമയിൽ അഭിനയിക്കൂ സുഹൃത്തേ എന്ന നടൻ ദിലീപിനെ പരിഹസിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റും കലക്ടർ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്ത് ഷെയർ ചെയ്തിരുന്നു. ഈ മുന്നറിയിപ്പും ദിലീപ് ഉൾക്കൊണ്ടില്ല. ഇതാണ് ഇപ്പോഴത്തെ കുഴിയിൽ വീഴലിന് കാരണമത്രേ.

കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലമംഗളത്തിൽ എൻ സോമശേഖരന്റെ ആശയത്തിൽ ബേബി വരച്ച ഒരു ചിത്രകഥാ കഥാപാത്രമായിരുന്നു ഡിങ്കൻ. വളരെയധികം അത്ഭുത ശക്തികളുള്ള ഒരു എലിയാണ് ഡിങ്കൻ. ചിത്രകഥയിലെ കഥാപാത്രനിർമ്മിതി പ്രകാരം ഒരു സാധാരണ എലിയായിരുന്ന ഡിങ്കനെ ചില അന്യഗ്രഹജീവികൾ തട്ടിക്കൊണ്ടുപോയി പരീക്ഷണങ്ങൾക്ക് വിധേയനാക്കുകയായിരുന്നു. തുടർന്നാണ് ഡിങ്കന് അസാധാരണ ശക്തിയുംകഴിവുകളും ലഭിച്ചത്. തുടർന്ന് തന്റെ കഴിവുകൾ മൃഗങ്ങളുടെയും കാടിന്റെയും നന്മക്കായി ഉപയോഗിക്കാൻ ഡിങ്കൻ തീരുമാനിക്കുകയായിരുന്നു.

ആധുനിക ജീവിതത്തിൽ മതം പലപ്പോഴും രാക്ഷസീയമായി ഇടപെടുന്ന കാലത്ത് പാരമ്പര്യമതങ്ങളുടെയും അയുക്തികതയും നിരർത്ഥകതയും ആക്ഷേപഹാസ്യത്തിന് വിധേയമാക്കുകയാണ് ഡിങ്കോയിസം. ചിത്രകഥാ കഥാപാത്രമായ ഡിങ്കനെ ദൈവം ആക്കുന്നതിലൂടെയാണ് ഇവിടെ പാരമ്പര്യമതങ്ങൾ ട്രോൾ ചെയ്യപ്പെടുന്നത്. ഡിങ്കൻ ദൈവമാകുമ്പോൾ ഡിങ്കന്റെ ചിത്രകഥ പ്രസിദ്ധീകരിച്ചുവന്ന ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നു.

സാമ്പ്രദായിക മതങ്ങളുടെ മാതൃകയിൽ ഡിങ്കോയിസ്റ്റുകൾക്കും സ്വന്തം വിശ്വാസത്തിന് വിരുദ്ധമായി ജീവിക്കുന്ന എതിർമതങ്ങളുണ്ട്. മായാവിസ്്റ്റുകളെയും ലുട്ടാപ്പിസ്റ്റുകളെയും എതിർക്കുന്നതായി ഡിങ്കമതക്കാർ പറയുന്നു. മായാവിയുടെ വിശ്വാസികളാണ് മായാവിസ്റ്റുകൾ. ലുട്ടാപ്പിസ്റ്റുകൾ ലുട്ടാപ്പിയുടെ ഭക്തരും. ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങൾ ബാലമംഗളം മാത്രമേ വായിക്കാവൂ എന്ന് ശാഠ്യം പ്രകടിപ്പിക്കാറില്ലെന്ന് ഡിങ്കോയിസത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.