- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം ആലോചനയിൽ; നിയമത്തെക്കുറിച്ച് വിശദമായി പഠിച്ചശേഷം ബിൽ അവതരിപ്പിക്കുന്നുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര; മന്ത്രിയുടെ പ്രതികരണം സംസ്ഥാനത്ത് നിർബന്ധിത മത പരിവർത്തനം നടക്കുന്നുണ്ടെന്ന ആരോപണത്തിൽ
ബെംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കാൻ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ചില സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമമുണ്ടെന്നും കർണാടക സർക്കാറും നിയമത്തെക്കുറിച്ച് പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചതിന് ശേഷം ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.പ്രലോഭനത്തെ തുടർന്ന് തന്റെ അമ്മ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയെന്ന് ബിജെപി എംഎൽഎ നിയമസഭയിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഹൊസ്ദുർഗ എംഎൽഎ ഗൂളിഹട്ടി ശേഖറാണ് സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ശൂന്യവേളയിൽ ആരോപിച്ചത്. തന്റെ അമ്മയെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ''തന്റെ അമ്മയെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ മതപരിവർത്തനം നടത്തി. ഇപ്പോളവർ നെറ്റിയിൽ കുറിവരക്കുകയോ പൂജ ചെയ്യുകയോ ചെയ്യുന്നില്ല. ഫോണിലെ റിങ് ടോൺ പോലും ക്രിസ്ത്യൻ ഭക്തിഗാനമാണ്''-അദ്ദേഹം പറഞ്ഞു.
തന്റെ മണ്ഡലത്തിൽ 20000ത്തോളം പേർ മതപരിവർത്തനം നടത്തി ക്രിസ്ത്യാനിയായി. ദലിത്, ഒബിസി, മുസ്ലിം വിഭാഗങ്ങളാണ് ക്രിസ്ത്യൻ മതത്തിലേക്ക് പോയത്. സംസ്ഥാനത്ത് ഇത്തരം മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് സർക്കാരിന് അറിയാമെന്ന് ആഭ്യന്തര മന്ത്രി സമ്മതിച്ചു. ആളുകളെ പ്രലോഭിപ്പിച്ച് മറ്റൊരു മതത്തിലേക്ക് ചേർക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുടനീളം വ്യാപകമായ മതപരിവർത്തന ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ