ശ്രീനഗറിൽ കാവിക്കൊടി പാറിക്കാനുറച്ച് ബിജെപി; ചെറുകക്ഷികളെ കൂട്ടുപിടിച്ച് ഭരണമുറപ്പിക്കാമെന്ന് പ്രതീക്ഷ; മിഷൻ ജമ്മു-കാശ്മീരിന് ശേഷം മോദിയുടെ മസ്സിലുള്ളത് കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുൻതൂക്കം മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ആവർത്തിച്ചു. മോദി പ്രഭാവത്താൽ രണ്ടിടത്തും ചരിത്രത്തിലാദ്യമായി ബിജെപി അധികാരത്തിലെത്തി. ഇനി ജമ്മു-കാശ്മീരാണ്. അതു കഴിഞ്ഞ് കേരളവും. ജമ്മുവിൽ ഡിസംബർ 25ന് തെരഞ്ഞെടുപ്പ് ഫലമെത്തും. ഇതോടെ കേരളത്തിലും മാറ്റമെത്തിക്കാൻ മോദിക്കാകുമോ എന്ന് വ്യക്തമാകുമെന്നാണ് വിലയിരുത്തൽ. ജമ്മുവും കേരളവും തമ്മിൽ ഒരു സാമ്യമുണ്ട്.

കേരളത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ അനുപാതം നേർത്തതാണ്. ഇതിന് സമാന സാഹചര്യമാണ് ജമ്മുവിലേതും. അവിടെ ന്യൂനപക്ഷത്തിന് മുൻതൂക്കമുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തുടനീളം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തിൽ കേരളത്തിനു പിടിച്ചു നിൽക്കാനാകുമോ? എന്നതിനെകുറിച്ച് എന്തെങ്കിലും സൂചന ലഭിക്കാൻ ഡിസംബർ 25-വരെ കാത്തിരുന്നാൽ മതി. മിഷൻ കേരളയുടെ അണിയറ പ്രവർത്തനങ്ങളുമായി ബിജെപി ഒരു വഴിക്ക് മുന്നേറുമ്പോൾ ആറുവർഷത്തിലൊരിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലമർന്ന ജമ്മു കാശ്മീരിൽ ആദ്യമായി സ്വന്തം സർക്കാരുണ്ടാക്കാനുള്ള പുറപ്പാടിലാണ് പാർട്ടി.

ബിജെപിയുടെ കരുതലോടെയുള്ള നീക്കങ്ങളുടെ വിജയമാണ് കേരളത്തെക്കുറിച്ചും അവരുടെ പ്രതീക്ഷകൾക്ക് കാവി നിറം നൽകുന്നത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നാശം വിതച്ച കാശ്മീരിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ് ഏഴിലേറെ പുതിയ രാഷ്ട്രീയ പാർട്ടികളുടെ ജനനം. ഈ മാസം 25 മുതൽ ഡിസംബർ 20 വരെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ആവേശത്തിലായിരിക്കാം ഈ പാർട്ടികളുടെ വരവെന്ന് ആദ്യനോട്ടത്തിൽ തോന്നാമെങ്കിലും ഇതിനു കാരണമാകാൻ ഏറെ സാധ്യതയുള്ളത് ബിജെപി നടത്തുന്ന നിശബ്ദ മുന്നേറ്റമാണ്.

കാശ്മീർ പദ്ധതി

ജമ്മു കാശ്മീരിൽ ബിജെപി ചരിത്രത്തിലാദ്യമായി എല്ലാ മണ്ഡലങ്ങളിലും (87) ഇത്തവണ മത്സരിക്കുന്നു. ജമ്മുവിലുള്ള 37 സീറ്റുകളിൽ 25 മണ്ഡലങ്ങളും ലഡാക്കിലെ നാലു സീറ്റിൽ മൂന്നും കാശ്മീരീലെ 46 സീറ്റുകളുടെ നാലിൽ മൂന്നു ഭാഗവും പിടിച്ചടക്കുക എന്നതാണ് ബിജെപി പദ്ധതി. മാന്ത്രിക സംഖ്യയായ 44 സീറ്റിൽ 32 സീറ്റുകൾ പിടിച്ചടക്കാൻ ബിജെപി പയറ്റുന്ന തന്ത്രങ്ങൾ എങ്ങനെയായിരിക്കുമെന്നതിനെയാണ് അവരുടെ വിജയം ആശ്രയിച്ചിരിക്കുന്നത്. ഇവിടെയാണ് ചെറു പാർട്ടികളുടെയും സ്വതന്ത്രരുടേയും സാധ്യകൾ ഉയർന്നു വരുന്നത്.

കാശ്മീരിനു വേണ്ടി ബിജെപി പണിയെടുത്തു തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി. ഇതുവരെ വലിയ പിഴലുകളൊന്നും സംഭവിക്കാത്തതാണ് അവരുടെ പ്രതീക്ഷയേറ്റുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആറിൽ മൂന്നിലും ജയിച്ചു. ഈ ആത്മവിശ്വാസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് ആധാരം.

തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം ഒക്ടോബർ 31-ന് ആർഎസ്എസ് സൈദ്ധാന്തികനും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ റാം മാധവ് കാശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ, കൃഷി മന്ത്രി ഗുലാം ഹസൻ മിർ തുടങ്ങി പല നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നാലു മാസത്തിനിടെ മാധവ് നടത്തിയ മൂന്നാമത്തെ കാശ്മീർ സന്ദർനമായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഏറ്റവും അടുപ്പമുള്ള നേതാവായി പരിഗണിക്കപ്പെടുന്ന മറ്റൊരു ബിജെപി മുൻ ദേശീയ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കാശ്മീരിലെത്തുകയും ലോണുമായി വിശദ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കാശ്്്മീർ ഗ്രാന്റ് മുഫ്തി ബശീരുദ്ദീനുമായും പ്രമുഖ സുന്നി, ശിയാ നേതാക്കളുമായും ചെറുപാർട്ടികൾ, സ്വതന്ത്രർ എന്നിവരുമായും ബിജെപി പ്രതിനിധികൾ ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങിയ മുൻ ഉദ്യോഗസ്ഥരെയും മറ്റു നേതാക്കളെയും മാധവ് കണ്ടിരുന്നു. ഇത്തവണ പ്രധാമന്ത്രിയുടെ ദീപാവലി ആഘോഷം ശ്രിനഗറിൽ നടന്നപ്പോൾ ചുരുക്കം അതിഥികളുടെ പട്ടികയിൽ രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കളും ഉണ്ടായിരുന്നു.

പുതിയ തന്ത്രങ്ങൾ

രാജ്യത്തുടനീളം ബിജെപി ഉപയോഗിച്ച തീവ്രവാദവും പാക്കിസ്ഥാൻ പ്രശ്‌നവും അടക്കമുള്ള വിവാദ വിഷയങ്ങളൊന്നും തൊടാതെയാണ് ഇവയുടെ എല്ലാം കേന്ദ്രമെന്ന് പാർട്ടി തന്നെ ആരോപിക്കുന്ന കാശ്മീരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം. പകരം മോദി ഉയർത്തിയ എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്ന മു്ദ്രാവാക്യമാണ് ബിജെപി ക്യാമ്പുകളിൽ മുഴങ്ങി കേൾക്കുന്നത്. മാത്രവുമല്ല മറ്റു പാർട്ടികളിലെ പ്രമുഖരെ വലയിലാക്കുന്നുമുണ്ട്.

ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വലകൈയായ നേതാവ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബിജെപിയിലെത്തുമെന്നാണ് ഉള്ളറ സംസാരം. ജമ്മുവിലെ പല പ്രമുഖ കോൺഗ്രസ് നേതാക്കളും ഇതിനകം ബിജെപി പാളയത്തിലെത്തിയിട്ടുണ്ട്. ജമ്മുകാശ്മീരിൽ അധികാരം പിടിക്കാൻ സ്വതന്ത്രരുമായും ചെറുപാർട്ടികളുമായുള്ള സഖ്യത്തിനു ബിജെപി രൂപം നൽകുക തെരഞ്ഞെടുപ്പു ഫലം വന്ന ശേഷമായിരിക്കും എന്നതു വ്യക്തമാണ്. മാന്ത്രിക സംഖ്യയായ 44 തികയ്ക്കാൻ പാർട്ടിക്ക് എത്ര സീറ്റ് വേണ്ടി വരും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

റാം മാധവിന്റെ നേതൃത്വത്തിൽ കാശ്മീർ തന്ത്രം മെനഞ്ഞു തുടങ്ങിയത് രണ്ടു വർഷം മുമ്പാണെന്ന പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള വൈസ് പ്രസിഡൻര് രമേശ് അറോറ പറയുന്നു. പാർട്ടി സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജെപി മാദ്ധ്യമ ഉപദേശകനും മുൻ ജനറൽ സെക്രട്ടറിയുമായ അൽത്താഫ് ഠാക്കൂർ പറയുന്നത്. ഫലം വന്നാൽ ബിജെപിയുടെ സഖ്യം ആരെല്ലാമാണെന്ന് നിങ്ങളിറിയും. ആരുടേയും പിന്തുണയില്ലാതെ 44 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ഞങ്ങൾക്കാകുമെന്നും അദ്ദേഹം പറയുന്നു.

മാറുന്ന കാശ്മീർ രാഷ്ട്രീയം

ബിജെപിയുടെ പട്ടികയിൽ സജ്ജാദ് ലോൺ എന്നും മുന്നിലുണ്ടായിരുന്നു. വിഘടനവാദികളിൽ നിന്ന് പിരിഞ്ഞ് 2009-ൽ ലേക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ലോൺ മുഖ്യധാര രാഷ്ട്രീയത്തിലേക്കിറങ്ങിയത്. അദ്ദേഹത്തിന്റെ പാർട്ടി ജയിച്ചില്ലെങ്കിലും വടക്കൻ കാശ്മീർ ജില്ലയായ കുപ്‌വാരയിൽ പാർട്ടി നല്ലൊരു പങ്ക് വോട്ട് നേടി. അതിപ്പോഴുമുണ്ട്. കാശ്മീരിലെ ഏതാണ്ടെല്ലാ സീറ്റുകളിലും മത്സരിക്കാനാണ് ലോണിന്റെ പദ്ധതിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കുപ്‌വാരയിലാണ്.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥീരീകരിച്ച ലോൺ താൻ ഏതു സഖ്യത്തിനും തയാറാണെന്നു പറയുകയും ചെയ്തു. കാശ്മീരിലെ രാഷ്ട്രീയത്തിൽ കാലുറപ്പിച്ച ദേശീയ പാർട്ടി കോൺഗ്രസായിരുന്നു. അവരിപ്പോൾ അബ്ദുല്ലമാരുടേയും മുഫ്തിമാരുടെയും ചൊൽപ്പടിയിലാണ്. ഇപ്പോളിതാ അധികാരത്തിലിരിക്കുന്ന മറ്റൊരു ദേശീയ പാർട്ടിയും അവരുടെ നേതാക്കളും വന്ന് കാശ്മീരിലെ നേതാക്കളെ കാണുന്നു, അദ്ദേഹം പറഞ്ഞു.

സിപിഐ എമ്മിന്റെ കാശ്മീർ ജനറൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് യുസുഫ് തരിഗാമി കൂടി ചേർന്ന് രൂപം നൽകിയ പുതിയ പാർട്ടിയായ അവാമി മുത്തഹിദ മഹാസ് എന്ന പാർട്ടിയുമായും ബിജെപി ചർച്ചകൾ നടത്തിക്കഴിഞ്ഞു. 2008-ൽ പിഡിപി വിട്ടു ഗുലാം ഹസൻ മിർ സ്ഥാപിച്ച ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് കാശ്മീരിലെ 12-ഓളം സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.

ഇപ്പോൾ കാശ്മീർ കൃഷി മന്ത്രിയായ ഗുലാമിനെയും മാധവ് കണ്ടിരുന്നു. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം ആരും തൊട്ടുകൂടാത്തവരല്ലെന്നായിരുന്നു ഗുലാമിന്റെ പ്രതികരണം. മറ്റൊരു ചെറുപാർട്ടിയായ പീപ്പ്ൾസ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ സ്ഥാപകനും മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ ഹക്കിം യാസിനുമായും മാധവ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മറ്റൊരു സ്വതന്ത്ര പ്രമുഖനായ എഞ്ചിനീയർ റാഷിദിനെ കൂടെകൂട്ടാനും ബിജെപി നീക്കങ്ങൾ നടത്തുന്നു.

അവാമി ഇത്തിഹാദ് പാർട്ടി എന്ന സ്വന്തം പാർട്ടി ബിജെപിയോടൊപ്പം ചേർന്നാൽ ചുരുങ്ങിയത് നാലോ ആറോ സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. റാഷിദിന്റെ പാർട്ടി 12 വരെ സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.

ജമ്മുവിൽ ഉറപ്പിച്ച മുന്നേറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൊത്തം പോൾ ചെയ്ത വോട്ടിന്റെ 48 ശതമാനവും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇവിടുത്തെ 37 മണ്ഡലങ്ങളിൽ 24-ലും ബിജെപി മുന്നിലാണ്. 12-ലേറെ സീറ്റുകളിൽ രണ്ടാ സ്ഥാനത്തുമെത്തിയിട്ടുണ്ട്. അതേസമയം പ്രമുഖ കക്ഷിയായ പിഡിപി ഈ മുന്നേറ്റത്തിന് തടസ്സമായേക്കാമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നവംബർ 15-നാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കുന്നത്.

ഇതിനു മുമ്പായി മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരേ ഒരു കുറ്റപത്രം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. അതോടെ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രാചരണം ഉച്ചിസ്ഥായിയിലെത്തും. ബിജെപി മുഖ്യമന്ത്രി ഒരു മുസ്ലിം ആയിരിക്കണമെന്ന് ചില പ്രദേശിക നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ജമ്മുവിലെ ശക്തമായ ഹിന്ദു വോട്ട് ബാങ്കിന്റെ താൽപര്യം മാനിക്കാൻ ഒരു ഹിന്ദു മുഖ്യമന്ത്രി വേണമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ താൽപര്യം.

ഒരു ഹിന്ദുവായിരിക്കാം അടുത്ത മുഖ്യമന്ത്രിയെന്ന് മുൻ കോൺഗ്രസ് നേതാവ് ശ്യാം ലാൽ ശർമ്മ പറയുകയും ചെയ്തത് കശ്്മീരിൽ പലരുടെയും നെറ്റിചുളിപ്പിച്ചിട്ടുണ്ട്. ശർമ്മ പിന്നെ ഒന്നും മിണ്ടിയിട്ടില്ല. ഇനി അധികാരത്തിന്റെ തൊട്ടടുത്ത് വരെ എത്തി പരാജയപ്പട്ടാലും ബിജെപിക്ക് അതൊരു വലിയ നേട്ടം തന്നെയായിരിക്കും.