- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിയെ പ്രധാനമന്ത്രി കസേരയിൽ ഇരുത്തിയ തന്ത്രശാലി; രാഹുൽ ഗാന്ധി 'എടുക്കാ ചരക്കെന്ന്' തിരിച്ചറിഞ്ഞപ്പോൾ മമതയെ നായികയാക്കി മോദി വിരുദ്ധ പോരാട്ടത്തിൽ; മേഘാലയയിൽ കോൺഗ്രസിനെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കി; പ്രശാന്ത് കിഷോറിനെ കൈവിട്ട കോൺഗ്രസ് കാണിച്ചത് വൻ മണ്ടത്തരം
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറക്കാൻ കഴിയാത്ത ഒരു വ്യക്തിത്വമാണ് പ്രശാന്ത് കിഷോർ എന്ന തെരഞ്ഞെടുപ്പു തന്ത്രജ്ഞനെ. ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മോദിയെ ഇന്ത്യൻ പ്രധാനമന്ത്രി കസേരയിലേക്ക് എത്തിച്ചതിൽ പ്രശാന്ത് കിഷോറിന്റെ കൂടി സഹായത്തോടെയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടിയുള്ള തെരഞ്ഞെടുപ്പു കാമ്പയിന് നേതൃത്വം നൽകിയത് പ്രശാന്തായിരുന്നു. പിന്നീട് മോദിയുമായി സഹകരിക്കാതെ ബിജെപി പാളയം വിട്ടെങ്കിലും തൊട്ടതെല്ലാം പൊന്നാക്കി പ്രശാന്ത് കിഷോർ കരുത്തു കാട്ടി.
പാക്കിസ്ഥാൻ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിയാക്കിയത് മുതൽ തെക്ക് തമിഴ്നാട്ടിൽ എം കെ സ്റ്റാലിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതിൽ വരെ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളുണ്ട്. മമത ബാനർജിയെ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിൽ എത്തിച്ചതും പ്രശാന്തിന്റെ തന്ത്രങ്ങളായിരുന്നു. ഇടക്കാലം കൊണ്ട് കോൺഗ്രസുമായി സഹകരിക്കാൻ ഇറങ്ങിയ പ്രശാന്ത് കിഷോർ ഒടുവിൽ കളം മാറുകയായിരുന്നു. രാഹുൽ ഗാന്ധിയുമായി സഹകരിക്കാൻ തയ്യാറായെങ്കിലും അതിന് മുതിർന്ന നേതാക്കൾ തടസ്സമായതോടെ കോൺഗ്രസ് പാളയം വിട്ടു പ്രശാന്ത് കിഷോർ. കോൺഗ്രസുമായി ഉടക്കി പിരിഞ്ഞ കിഷോർ ഇപ്പോൾ കോൺഗ്രസിന് തന്നെ വൻ ഭീഷണി ആയിരിക്കയാണ്.
മമത ബാനർജിയെ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളാണ് പ്രശാന്ത് നടത്തുന്നത്. അതിന്റെ ഫലങ്ങളും പുറത്തുവന്നു തുടങ്ങി. തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങളുമായി പ്രശാന്ത് കിഷോർ മുന്നോട്ടു പോകുമ്പോൾ അടിതെറ്റുന്നത് കോൺഗ്രസിനാണ്. ഇതിന്റെ സൂചനയാണ മേഘാലയയിൽ നിന്നും പുറത്തുവന്നത്. മേഘാലയയിൽ പേരിന് ഒരു പഞ്ചായത്ത് മെമ്പർ പോലും സ്വന്തമായി ഇല്ലാതിരുന്ന തൃണമൂൽ കോൺഗ്രസ് ഒറ്റ രാത്രിക്കൊണ്ട് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടി ആയി മാറിയ അത്ഭുതത്തിന് പിന്നിൽ പ്രശാന്ത് കിഷോറാണ്.
അർദ്ധരാത്രിയിൽ നടന്ന അട്ടിമറിയിലൂടെ കോൺഗ്രസിന്റെ 12 എംഎൽഎമാരാണ് തൃണമൂലിൽ ചേർന്നിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്ത് കോൺഗ്രസിന് എടുത്ത് പറയാൻ കഴിയുന്ന ഏക പേരായിരുന്നു മുൻ മുഖ്യമന്ത്രി മുകുൾ സാങ്മയുടേത്. അദ്ദേഹമടക്കമാണ് പാർട്ടി വിട്ടത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസിന് ചൂണ്ടിക്കാട്ടാൻ ഒരു നേതാവ് പോലും ഇല്ലാതെയായി.
രണ്ടു മാസം മുമ്പാണ് മുകൾ സാങ്മ കോൺഗ്രസിൽ തുടരുന്നതിലുള്ള അതൃപ്തി ആദ്യമായി അറിയിച്ചത്. മെഘാലയ കോൺഗ്രസ് അധ്യക്ഷനായി വിൻസന്റ് പാലയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അസ്വരാസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അതൃപ്തി വർധിച്ചതോടെ സുഹൃത്തും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെ സാങ്മ സമീപിച്ചു. സെപ്റ്റംബറിൽ ഭപാനിപുർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ സാങ്മ കൊൽക്കത്തയിലെത്തി പ്രശാന്ത് കിഷോറിനെ കണ്ടു. കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയത് ഈ കൊൽക്കത്ത സന്ദർശനത്തോട് കൂടിയാണ്.
സാങ്മ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേരുമെന്ന പ്രചാരണം ഇതിനിടയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ കാതുകളിലെത്തി. സാങ്മയെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഡൽഹിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ സാങ്മ വർത്താസമ്മേളനം നടത്തി പറഞ്ഞത്, കോൺഗ്രസ് ദേശീയ നേതൃത്വം എല്ലാ കാര്യങ്ങളും പരിഗണിച്ചുവെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നുമായിരുന്നു. ഇതിനിടയിൽ പലതവണ പ്രശാന്ത് കിഷോറിനെ സാങ്മ ഡൽഹിയിലെത്തി കണ്ടു.
ദേശീയ തലത്തിൽ മമതാ ബാനർജി നടത്തിവരുന്ന രാഷ്ട്രീയ നീക്കങ്ങളിൽ അദ്ദേഹം ആകൃഷ്ടനായതാണ് വിവരം. പ്രശാന്ത് കിഷോറും ഒപ്പംകൂടി. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും മെഘാലയയിൽ വെച്ചും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളായി പ്രശാന്ത് കിഷോറിന്റെ ഐപിഎസി സംഘം മെഘാലയയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചുവരുന്നുണ്ടായിരുന്നു. ഒടുവിൽ കോൺഗ്രസിനോട് ടാറ്റ പറയാൻ തന്നെ സാങ്മ തീരുമാനിച്ചു. ഒപ്പം ഡസൻ എംഎൽഎമാരും കൂടെ വന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ പാർട്ടിയിലെത്തിക്കുന്ന തിരക്കിലാണ് തൃണമൂൽ കോൺഗ്രസ്. ഡൽഹിയിലെത്തിയാൽ സ്ഥിരമായി സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്ന മമതാ ബാനർജി ഇത്തവണ കൂടിക്കാഴ്ച ഒഴിവാക്കിയതും ശ്രദ്ധേയമാണ്.
അടുത്തിടെ ജനങ്ങൾ ഒരുപക്ഷേ മോദിയെ പുറത്താക്കിയാലും ബിജെപി എങ്ങും പോകില്ലെന്നും ശക്തരായി ഇവിടെ തന്നെ കാണുമെന്നും പ്രശാന്ത് കിഷോർ തുറന്നു പറഞ്ഞിരുന്നു. കോൺഗ്രസും രാഹുൽ ഗാന്ധിയും മോദിയെ നേരിടുന്നതിൽ പരാജയപ്പെടുന്ന കാര്യങ്ങൾ എന്തെന്ന് പ്രശാന്ത് കിഷോർ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. 'രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി പിന്നീടൊരു നാലു പതിറ്റാണ്ട് കോൺഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോൾ ബിജെപി. മോദിയെ ഒരുപക്ഷേ ജനം വലിച്ചെറിയുന്ന അവസ്ഥ വന്നേക്കാം. എന്നാലും ബിജെപി എങ്ങും പോകില്ല. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി അവർ തുടരും. കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചാൽ അവർ ഇപ്പോഴും പറയുന്നത് എല്ലാം സമയത്തിന്റേതാണ് എന്നാണ്. ജനം ബിജെപിയെ മടുക്കും, ഭരണവിരുദ്ധ തരംഗം വരും, ജനം അവരെ ചവിട്ടി പുറത്താക്കും എന്നൊക്കെയാണ് അവർ അപ്പോഴും പറയുന്നത്. ഇവിടെയാണ് രാഹുലിനും കോൺഗ്രസിനുമൊക്കെ തെറ്റു പറ്റുന്നത്. ഈ സമയം െകാണ്ട് മോദിയെ പഠിച്ച് നേരിടാൻ ഇവർ ഒരുങ്ങുന്നില്ല.' പ്രശാന്ത് പറയുന്നു.
പ്രശാന്തിന്റെ നേതൃത്വത്തിൽ ബംഗാളിൽ ബിജെപിയെ തോൽപ്പിച്ച് മമത തുടർഭരണം നേടിയിരുന്നു. ഇതിന് പിന്നാലെ 2024 തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന കോൺഗ്രസിനൊപ്പം പ്രശാന്തും ചേരുമെന്ന സൂചനകളും ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടന്നിട്ടില്ല. പിന്നാലെയാണ് കോൺഗ്രസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അദ്ദേഹം രംഗത്തുവന്നതും. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രിയങ്കക്ക് വേണ്ടി തന്ത്രങ്ങൾ മെനയും പ്രശാന്ത് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, അതുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് മമത ബാനർജിയെ മുന്നിൽ നിർത്തി പ്രശാന്ത് നടത്തുന്ന നീക്കങ്ങളിൽ നിന്നും വ്യക്തമാന്നത്.
മുതിർന്ന നേതാക്കൾ പ്രശാന്തിനെ വിശ്വസിക്കാത്തതാണ് രാഹുൽ ഗാന്ധി നേരിടുന്ന പ്രധാന പ്രശ്നം. രാഹുൽ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കാത്തതും പ്രശാന്തിന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. പ്രധാനമന്ത്രി മോദിയുടെ 2014 ലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രശാന്ത് 2024 ലെ ദേശീയ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താനുള്ള നീക്കങ്ങളിൽ സജീവമാണെന്നാണ് റിപ്പോർട്ട്. അതിനാൽ അടുത്ത വർഷം അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് പ്രശാന്ത് വിട്ടുനിൽക്കുമെന്നും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നുമാണ് സൂചനകൾ.
മറുനാടന് ഡെസ്ക്