- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം; സ്ഥാനക്കയറ്റം അനുവദിച്ചത് നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന ജഡ്ജി ഉൾപ്പടെയുള്ളവർക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്ന കൊച്ചി സിബിഐ. കോടതി സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗീസ് അടക്കം നാലുപേർക്ക് ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം നൽകി. കാസർകോട് ജില്ല ആൻഡ് സെഷൻസ് ജഡ്ജി പി.വി. ബാലകൃഷ്ണനെ തിരുവനന്തപുരം ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായി മാറ്റിനിയമിച്ചിട്ടുണ്ട്.
ഹൈക്കോടതി ഡിസ്ട്രിക്ട് ജുഡീഷ്യറി രജിസ്ട്രാർ പി. കൃഷ്ണകുമാറിന്റെതാണ് ഉത്തരവ്. ആലപ്പുഴ അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി പി.എസ്. ശശികുമാറിനെ തൊടുപുഴ ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായി നിയമിച്ചു. കൊച്ചി സിബിഐ. കോടതി സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗീസിനെ എറണാകുളം ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാകുന്നതുവരെ സിബിഐ. കോടതി സ്പെഷ്യൽ ജഡ്ജിയുടെ അധികചുമതലയും വഹിക്കും.
കൊല്ലം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി എൻ. ഹരികുമാറിനെ കോട്ടയം ജില്ല ആൻഡ് സെഷൻസ് ജഡ്ജിയായിട്ടാണ് നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എം.ബി. സ്നേഹലതയെ കാസർകോട് ജില്ല ആൻഡ് സെഷൻസ് ജഡിജിയായി നിയമിച്ചു. പാലക്കാട് അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ഒന്ന് പി.പി. സൈതലവിയെ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജിയായി നിയമിച്ചു.
കോട്ടയം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ഒന്ന് ജി. ഗോപകുമാറിനെ തിരുവനന്തപുരം വിജിലൻസ് ജഡ്ജിയായി നിയമിച്ചു.
കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്ജി (മാറാട് കേസ്) കെ.എസ്. അംബികയെ എസ്.സി. എസ്.ടി. പോക്സോ കേസുകൾ പരിഗണിക്കുന്ന കൊട്ടാരക്കര സ്പെഷ്യൽ ജഡ്ജിയായി നിയമിച്ചു.
തൃശ്ശൂർ അഡീഷണൽ ജില്ല ആൻഡ് സെഷൻ ജഡ്ജി മൂന്ന് ഉഷാ നായരെ കരുനാഗപ്പള്ളി സ്പെഷ്യൽ ജഡ്ജി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ കേസ്) ആയും നിയമിച്ചു.
മറുനാടന് മലയാളി ബ്യൂറോ