വിയന്ന: ആറു വർഷം കൊണ്ട് രാജ്യത്ത് പ്രോപ്പർട്ടി വിലയിൽ 39 ശതമാനം വർധന നേരിട്ടതായി റിയൽ എസ്‌റ്റേറ്റ് റിപ്പോർട്ട്. രാജ്യത്ത് ശരാശരി ഒരു വീടു വില 359,000 യൂറോയാണെന്നാണ് ഇമ്മോഡെക്‌സ് 2016 റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്‌റ്റൈറിയ, ബർഗൻലാൻഡ്, ലോവർ ഓസ്ട്രിയ എന്നിവിടങ്ങളിലാണ് വില വർധന ആറു വർഷം കൊണ്ട് ഏറിയിരിക്കുന്നത്. പുതുതായി പണിത ഒരു പ്രോപ്പർട്ടിക്ക് സ്റ്റൈറിയയിൽ 301,000 യൂറോയും ബർഗൻലാൻഡിൽ 260,000 യൂറോയും ലോവർ ഓസ്ട്രിയയിൽ 338,000 യൂറോയുമാണ് ഇപ്പോഴത്തെ വില.

പുതിയ വീടുകൾക്ക് തലസ്ഥാനമായ വിയന്നയിലാണ് ഏറ്റവും കൂടുതൽ വില ഇവിടെ 471,000 യൂറോയാണ് ശരാശരി വില. 2010-നേക്കാൾ 22 ശതമാനം വില വർധനയാണ് പുതിയ വീടുകൾക്ക് ഉണ്ടായിട്ടുള്ളത്. പഴയ വീടുകൾക്കുള്ള വിലയിലും വർധന ഉണ്ടായിട്ടുണ്ട്. ഇവയ്ക്ക് ശരാശരി 35 ശതമാനത്തോളമാണ് വില വർധിച്ചിരിക്കുന്നത്. 2010-ൽ വീടു വാങ്ങിയവർക്ക് ഇപ്പോഴത്തെ നിലയിൽ ഏറെ സന്തോഷിക്കാവുന്നതാണെന്ന് റിയൽ എസ്‌റ്റേറ്റ് ഏജന്റുമാർ വ്യക്തമാക്കുന്നു.

ബർഗൻലാൻഡ്, കരിന്തിയ, സ്‌റ്റൈറിയ എന്നിവിടങ്ങളിൽ പഴയ വീടുകൾ 230,000 യൂറോയ്ക്കും 290,000 യൂറോയ്ക്കും മധ്യേ ലഭിക്കും. വോറാൽബർഗിലും സാൽസ്ബർഗിലും വില ഇതിനെക്കാൾ രണ്ടോ മൂന്നോ മടങ്ങാണ്. 515,000 യൂറോ മുതൽ 560,000 യൂറോ വരെയാണ് പഴ വീടുകൾക്കുള്ള വില. എന്നാൽ പഴയ വീടുകൾക്ക് ഏറ്റവും കൂടുതൽ വില വിയന്നയിൽ തന്നെയാണ് ഇവിടെ 710,000 യൂറോയാണ് ശരാശരി വില. ടൈറോലിൽ ശരാശരി വില 640,000 യൂറോയും.

പ്രോപ്പർട്ടി വിലയിൽ വർധനവുണ്ടായതോടെ മാസ വാടകയിനത്തിലും ആറു വർഷം കൊണ്ട് ഏറെ വർധന ഉണ്ടായിട്ടുണ്ട്. സ്‌ക്വയർ മീറ്ററിന് ശരാശരി 980 യൂറോയാണ് നിലവിൽ ഒരു അപ്പാർട്ട്‌മെന്റിന് നൽകേണ്ടി വരുന്നത്. 2010നു ശേഷം 11 ശതമാനം വർധനയാണ് വാടകയിനത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം പുതിയ കെട്ടിടങ്ങളുടെ വാടകയിൽ 21 ശതമാനം വർധനയാണ് നേരിട്ടത്. ഇവയ്ക്ക് സ്‌ക്വയർ മീറ്ററിന് 1150 യൂറോ നൽകേണ്ടി വരും.

മതിയായ തോതിൽ പ്രോപ്പർട്ടികൾ ലഭിക്കാത്തതാണ് വില വർധനയ്ക്കു കാരണമെന്നും ഇത് തുടർന്നുകൊണ്ടേയിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.