ഡബ്ലിൻ: വീടുവിലയിൽ വൻ വർധന നേരിട്ടിരിക്കുന്ന സാഹചര്യത്തിൽ പ്രോപ്പർട്ടി ടാക്‌സും വർധിക്കുമെന്ന് റിപ്പോർട്ട്. വീടുകളിൽ താമസിക്കുന്നവരെക്കാൾ കൂടുതൽ പ്രോപ്പർട്ടി ടാക്‌സ്  ഏറെ ബാധിക്കുക അപ്പാർട്ട്‌മെന്റുകളിലുള്ളവരെയാണെന്ന് സർവേകൾ വെളിപ്പെടുത്തുന്നു. ആദ്യമായി വീടുവാങ്ങിയവരേയും ഡബ്ലിൻ മുതലായ അർബൻ മേഖലകളിൽ താമസിക്കുന്നവർക്കും പ്രോപ്പർട്ടി ടാക്‌സിൽ വൻ വർധനയാണ് അടുത്ത വർഷം നേരിടേണ്ടി വരിക.

യൂറോപ്പിൽ വീടു വില വർധനയിൽ റെക്കോർഡ് കുതിപ്പായിരുന്നു 2013 മുതൽ അയർലണ്ടിൽ രേഖപ്പെടുത്തിയതെന്ന് സിഎസ്ഒയും യൂറോസ്റ്റാറ്റും റിപ്പോർട്ടു ചെയ്യുന്നു. രാജ്യമെമ്പാടും ശരാശരി 24.5 ശതമാനമാണ് വീടുവിലയിൽ ഉണ്ടായിരിക്കുന്ന വർധന. ഡബ്ലിനിലാണ് ഇതിൽ ഏറ്റവും കൂടുതൽ വില വർധിച്ചിരിക്കുന്നത്. ഡബ്ലിൻ ഒഴിച്ചു നിർത്തിയാൽ തന്നെ മറ്റു മേഖലകളിലെ വീടു വില വർധന 12.7 ശതമാനമാണ്.

ഇതേ കാലയളവിൽ ഡബ്ലിനിലെ വീടു വില 40.2 ശതമാനമാണ് വർധിച്ചിരിക്കുന്നത്. അതേസമയം 2013  മെയ്‌ മുതൽ അപ്പാർട്ട്‌മെന്റുകളുടെ വിലയിൽ 48.3 ശതമാനം വർധന ഉണ്ടായതായും യൂറോസ്റ്റാറ്റ് വ്യക്തമാക്കുന്നു. രാജ്യമെമ്പാടും പ്രോപ്പർട്ടി വിലയിൽ ശക്തമായ മുന്നേറ്റം ഉണ്ടായത് പ്രോപ്പർട്ടി ടാക്‌സിലും വർധന ഉണ്ടാക്കാൻ കാരണമാകും. മിക്ക വീട്ടുടമകൾക്കും അടുത്ത വർഷം ചുമത്തുന്ന പ്രോപ്പർട്ടി ടാക്‌സ് താങ്ങാവുന്നതിലധികമായിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഒന്നോ രണ്ടോ ബെഡ്‌റൂമുകൾ ഉള്ള അപ്പാർട്ട്‌മെന്റ് വാങ്ങി ഫസ്റ്റ് ടൈം ബയേഴ്‌സിനായിരിക്കും പ്രോപ്പർട്ടി ടാക്‌സ് ഇടിത്തീ ആയിരിക്കുക. 2013 മേയിൽ 225,000 യൂറോ വിലയുണ്ടായിരുന്ന ഡബ്ലിനിലെ ഒരു അപ്പാർട്ട്‌മെന്റിന് നിലവിൽ 333,675 യൂറോയാണ് വില. അതായത് 48 ശതമാനത്തിലധികം വില വർധന. നിലവിൽ 405 യൂറോ എന്ന പ്രോപ്പർട്ടി ടാക്‌സ് 585 യൂറോ ആയി വർധിക്കുകയും ചെയ്യും. രണ്ടു വർഷം മുമ്പ് 425,000 യൂറോ വിലയുള്ള ഒരു ഡബ്ലിൻ അപ്പാർട്ട്‌മെന്റിന് 765 യൂറോയായിരുന്നു പ്രോപ്പർട്ടി ടാക്‌സ്. എന്നാൽ നിലവിൽ 630,275 യൂറോയായി വില ഉയർന്ന അപ്പാർട്ട്‌മെന്റിന് അടുത്ത വർഷം 1,125 യൂറോയായിരിക്കും ടാക്‌സ് ആയി അടയ്‌ക്കേണ്ടി വരിക.

ഡബ്ലിനു പുറത്തുള്ളവയ്ക്കും ടാക്‌സ് ബില്ലുകൾ വർധിക്കും. ഡബ്ലിനു പുറത്തുള്ള ഒരു വീടിന് 2013-ൽ 225,000 യൂറോയായിരുന്നു വിലയെങ്കിൽ ഇപ്പോൾ ശരാശരി 253,575 യൂറോയായി വില വർധിച്ചിട്ടുണ്ട്. ഇവയുടെ ടാക്‌സ് 405 യൂറോയിൽ നിന്ന് 495 യൂറോയായിട്ടാണ് വർധിക്കുക. അതേസമയം ലോക്കൽ അഥോറിറ്റി ടാക്‌സിൽ ചില ഡിസ്‌ക്കൗണ്ടുകൾ പ്രഖ്യാപിക്കുന്നത് അല്പം ആശ്വാസം നൽകും. ലൂത്തിൽ 1.5 ശതമാനം മുതലും ലീമെറിക്ക്, ലോംഗ്‌ഫോർഡ്, മയോ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ മൂന്നു ശതമാനം മുതലും കിൽഡെയറിൽ 7.5 ശതമാനം മുതലും കോർക്ക് സിറ്റിയിൽ പത്തു ശതമാനം മുതലുമാണ് ടാക്‌സ് ഇളവ് നൽകുക. കൂടിയ ടാക്‌സ് ഇളവ് 15 ശതമാനം ക്ലെയറിലാണ്.