- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാചക നിന്ദക്കെതിരെ കാൺപൂരിൽ പ്രതിഷേധം; പിന്നാലെ തെരുവുകളിലെ കെട്ടിടങ്ങൾ ഇടിച്ചുനിരത്തി ബുൾഡോസറുകൾ; നടപടി, അനധികൃത നിർമ്മാണം എന്ന പേരിൽ; പ്രയാഗ് രാജിലും പ്രതിഷേധക്കാർക്ക് എതിരെ നടപടി
ലഖ്നൗ: പ്രവാചക നിന്ദ പരാമർശത്തിന്റെ പേരിൽ പ്രതിഷേധം നടന്നതിന് പിന്നാലെ ഉത്തർപ്രദേശിലെ കാൺപൂരിൽ നഗരത്തിലെ തെരുവുകളിലെ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ച് നിരത്തി. പ്രതിഷേധത്തിൽ പങ്കെടുത്ത സഫർ ഹയാത്ത് ഹാഷ്മി എന്ന പ്രാദേശിക രാഷ്ട്രീയ പ്രവർത്തകന്റെ വീടാണ് ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.
അനധികൃത നിർമ്മാണത്തിന്റെ പേരിലാണ് വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് തകർത്തത്. കാൺപൂരിനെ കൂടാതെ പ്രതിഷേധം നടന്ന പ്രയാഗ് രാജിലും ബുൾഡോസറുകളുമായി അധികൃതർ നടപടി തുടരുകയാണ്.
ഇന്നലെ നഗരത്തിലെ അടൽ ചൗക്കിൽ നടന്ന അക്രമത്തിൽ ചില പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കാൺപൂരിൽ ജൂൺ 3ന് നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരൻ സഫർ ഹയാത്ത് ഹാഷ്മിയാണെന്നാണ് പൊലീസിന്റെ ആരോപണം. സഫർ ഹയാത്ത് ഹാഷ്മി വാട്സ്ആപ്പിലൂടെ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. ഇയാൾ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.
നുപുർ ശർമ നടത്തിയ പ്രവാചക പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. റാഞ്ചിയിലുണ്ടായ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ രണ്ടുപേർ മരിച്ചു. റാഞ്ചി മെയിൻ റോഡിലുണ്ടായ സംഘർഷം അടിച്ചമർത്താൻ റാഞ്ചിയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 12 പൊലീസുകാർക്കും പരിക്കേറ്റു.
സീനിയർ പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാർ ഝായ്ക്ക് ഗുരുതരമായി പരിക്കേറ്റു. റാഞ്ചി മെയിൻ റോഡിലും ഡെയ് ലി മാർക്കറ്റ് ഏരിയയിലും ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, പ്രയാഗ് രാജ് എന്നിവടങ്ങളിലെല്ലാം വൻ പ്രതിഷേധം ഉയർന്നിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ കല്ലെറിഞ്ഞതിനെ തുടർന്ന് നിരവധി പൊലീസുകാർക്കും പരിക്കേറ്റിരുന്നു.




