ദോഹ: രാജ്യത്ത് കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയുള്ള പിഴ സംഖ്യ 10000 റിയാലായി വർധിപ്പിക്കണമെന്ന് ശൂറ കൗൺസിൽ നിർദേശിച്ചു. കുടിവെള്ളം പാഴാക്കിയതുമായി ബന്ധപ്പെട്ട 12,000 കേസുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം റിപോർട്ട് ചെയ്യപ്പെട്ടത്.

കുടിക്കാനുള്ള വെള്ളം ഉപയോഗിച്ച് മുറ്റവും ചെടികളും നനയ്ക്കുക, കാർ കഴുകുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ദയിൽപ്പെട്ടാൽ അവർക്ക് 10000 പിഴ വിധിക്കണമെന്നാണ് അഡൈ്വസറി കമ്മിറ്റിയുടെ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച ഡ്രാഫ്റ്റ് നിയമത്തിൽ വിശദമായ പഠനങ്ങൾ നടത്തിയശേഷം പിഴ 5000 റിയാലായി കുറയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഡ്രാഫ്റ്റ് ലോയിൽ വ്യക്തമാക്കുന്നത് വെള്ളം കളയുന്നതിനുള്ള കൂടിയ പിഴ 20000 റിയാലും കുറഞ്ഞത് 10000 റിയാലുമാക്കണമെന്നാണ്. നിലവിൽ ഇത് 4000 റിയാലിനും 1000 റിയാലിനും ഇടയിലാണ്.

ഖത്തറിലെ ജല-വൈദ്യുത കണക്ഷനുകൾ 64,000ത്തിലെത്തിയതായി ഊർജ വ്യവസായ മന്ത്രി പറഞ്ഞു. ഇതിൽ 13 ശതമാനം കണക്ഷനുകളും ഖത്തരികളുടേതും അവശേഷിക്കുന്നത് പ്രവാസികളുടേതുമാണ്. സബ്‌സിഡിയടിസ്ഥാനത്തിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വെള്ളം ദുരുപയോഗം ചെയ്യുന്നത് ധനം പാഴാക്കുന്നതിനു സമാനമാണ്.

ജലം പാഴാക്കുന്ന പൊതു, സ്വകാര്യ ഗുണഭോക്താക്കളെ ഊർജമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിയമലംഘകരിൽ 50 ശതമാനവും ഒത്തുതീർപ്പിനായി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.