- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരാറുകാരെ സഹായിക്കാൻ അധിക ചെലവും അഴിമതിയും; സർക്കാരിന് വരുത്തി വച്ചത് 1.39 കോടി രൂപയുടെ നഷ്ടം; കെഎസ്ആർടിസി ചീഫ് എഞ്ചിനീയർ ആർ.ഇന്ദുവിന് എതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ; സ്ഥാപനത്തിൽ തുടരാനാവില്ലെന്ന നിലപാടിൽ എംഡി
തിരുവനന്തപുരം: 2014 ലാണ് സംഭവം. വെഞ്ഞാറമൂട് കെഎസ്ആർടിസി ഗ്യാരേജിലെ റാമ്പ് നിർമ്മാണത്തിൽ ക്രമക്കേട് എന്ന ആരോപണം ഉയർന്നു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം കൺവീനർ തേമ്പാമൂട് സഹദേവനാണ് ആരോപണം ഉന്നയിച്ചത്. പരിശോധനാ- സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടായതായി കണ്ടെത്തി. റാമ്പ് നിർമ്മാണത്തിന് എസ്റ്റിമേറ്റ് 15.5 ലക്ഷം ആയിരുന്നു. ആവശ്യമില്ലാതെ പണി നടത്തി 2.3 ലക്ഷം രൂപ കരാറുകാരന് അധികമായി നൽകി. കെഎസ്ആർടിസി ചീഫ് എഞ്ചിനീയർ ആർ.ഇന്ദുവും അസിസ്റ്റന്റ് എഞ്ചിനീയറും ചേർന്ന് ക്രമക്കേട് കാട്ടി എന്നായിരുന്നു കണ്ടെത്തൽ. അന്നത്തെ ചീഫ് എഞ്ചിനീയർ ഇപ്പോഴും സർവീസിലിരുന്ന് ഗുരുതരമായ ക്രമക്കേടുകൾ കാട്ടുന്നുവെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. ആർ.ഇന്ദുവിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്.മനോരമയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിർമ്മാണത്തിലെ അപാകതകൾ കാരണം സർക്കാരിന് വരുത്തി വച്ചത് 1.39 കോടി രൂപയുടെ നഷ്ടമാണ്. ഇത് വിജിലൻസ് അന്വേഷിക്കണം. നഷ്ടം വന്ന തുക ഇന്ദുവിൽനിന്ന് നികത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2 ബേ ഗാരിജിന്റെയും അടിത്തറയ്ക്കു ഗുരുതരമായ അപാകത ഉണ്ടെന്നു കണ്ടെത്തിയിട്ടും കരാറുകാരന് ആർ.ഇന്ദു തുക അനുവദിച്ചെന്നും ഈ നടപടി കരാറുകാരെ സഹായിക്കുന്നതും അഴിമതിക്കു കൂട്ടുനിൽക്കുന്നതുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിർമ്മാണങ്ങൾക്കു സാങ്കേതിക അനുമതി നൽകുന്നതിനും റിവൈസ്ഡ് എസ്റ്റിമേറ്റുകൾ പരിശോധിക്കുന്നതിനും ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ, അവധിയിൽ പോകാനാണ് ഇന്ദുവിനോട് കെഎസ്ആർടിസി എംഡി നിർദ്ദേശിച്ചത്. ആർ.ഇന്ദുവിന് സ്ഥാപനത്തിൽ തുടരാൻ ആവില്ലെന്ന വിവരം സർക്കാരിനെയും അറിയിച്ചു. എന്നാൽ, അവധിയിൽ പോയ ഉദ്യോഗസ്ഥ, സിപിഐ നേതാക്കളുടെ സഹായത്തോടെ ഹൗസിങ് ബോർഡിൽ ഡപ്യൂട്ടേഷനിൽ പ്രവേശിച്ചിരുന്നു.
ശക്തമായ രാഷ്ട്രീയ സ്വാധീനമാണ് ആർ.ഇന്ദു തനിക്ക് അനുകൂലമാക്കുന്നതെന്ന് ജീവനക്കാർ പറയുന്നു. തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമ്മാണ കാലാവധി 6 മാസമായിരിക്കെ, 11 മാസം കൂടി ദീർഘിപ്പിച്ചു നൽകി. കരാർ കാലാവധി കഴിഞ്ഞശേഷം ചട്ടവിരുദ്ധമായി രണ്ട് ഉപകരാറുകൾ സൃഷ്ടിച്ചു. കണ്ണൂർ ഡിപ്പോയിൽ ജീവനക്കാരുടെ വിശ്രമമുറിയും ഓഫിസ് മുറിയും നിർമ്മിച്ച കരാറുകാരനെ സഹായിക്കുന്ന തരത്തിൽ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു. സാങ്കേതിക അനുമതി ഇല്ലാതെ പ്രവൃത്തി നടപ്പിലാക്കി റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ