കുവൈറ്റ് സിറ്റി: അഞ്ചു വർഷത്തിനിടെ അഞ്ചു തവണ ഗതാഗത നിയമലംഘനം നടത്തുന്ന വിദേശികളെ നാടുകടത്താനുള്ള നിയമനിർമ്മാണവുമായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം. അഞ്ചാമത്തെ തവണ ഗതാഗതനിയമലംഘനത്തോടെ ഇഖാമ പുതുക്കാനുള്ള അവസരം ഇല്ലാതാകുന്നതോടെ ആളെ അറസ്റ്റ് ചെയ്ത് നാടുകടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, വഴിയരികിലും കാൽനട യാത്രക്കാർക്കായി നീക്കി വച്ചിരിക്കുന്നിടത്തും പാർക്ക് ചെയ്യുക, ട്രാഫിക് തെറ്റിക്കുക തുടങ്ങിയവയാണ് ഗുരുതര ഗതാഗത നിയമലംഘനമായി കണക്കാക്കുക. പുതിയ നിർദ്ദേശപ്രകാരം ഒരു വിദേശിക്ക് അഞ്ചു വർഷത്തിനിടെ നാലു തവണ ഗതാഗത നിയമലംഘനം നടത്താം. അഞ്ചാമത്തെ തവണ നിയമലംഘനം നടത്തിയാൽ റെസിഡൻസി പെർമിറ്റ് പുതുക്കാനുള്ള അവസരം നിഷേധിക്കും. പിന്നീട് നാടുകടത്താലായിരിക്കും നേരിടേണ്ടി വരുക.

അതേസമയം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വിദേശിയെ കോടതി കുറ്റവിമുക്തനാക്കിയാലും ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിൽ നിന്ന് വിശദാംശങ്ങൾ നീക്കം ചെയ്യില്ല. അഞ്ചുവർഷത്തിനിടെ അഞ്ചു നിയമലംഘനങ്ങളില്ലെങ്കിൽ ആറാമത്തെ വർഷം മുതൽ പുതിയ അഞ്ചു നിയമലംഘനങ്ങളാകും കണക്കാക്കുക. ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലുള്ള നിർദ്ദേശം നിയമോപദേശത്തിനു ശേഷമാകും നടപ്പാക്കുക. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ വിദേശികൾ കാണിക്കുന്ന വിമുഖതയാണ് ഗൗരവസ്വഭാവമുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി പരിഗണിക്കാൻ കാരണമെന്നു സുരക്ഷാവിഭാഗം വ്യക്തമാക്കി