ദുബായ്: ദുബായിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം എതോരാളുടെയും മോഹമാണ്. ഇപ്പോഴിതാ അതിനൊരവസരം കൈവന്നിരിക്കുന്നു. ദുബൈയിൽ സ്വന്തമായി വീടില്ലാത്ത കുറഞ്ഞ വരുമാനക്കാർക്കാണ് വീടൊരുക്കാൻ ദുബൈ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നത്. മുനിസിപ്പാലിറ്റി എഞ്ചിനീയറിങ് ആൻഡ് പ്ലാനിങ് ഡയറക്ടർ ജനറൽ അബ്ദുള്ള റാഫിയയാണ് ഇക്കാര്യം അറിയിച്ചത്. വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കുകൾക്ക് ഈ പദ്ധതി വഴി ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ സ്വന്തമായി ഒരു വീട് ഇല്ലാതെ വാടകയ്ക്ക് താമസിക്കുന്ന ഒട്ടേറെ പ്രവാസികൾക്ക് ഈ പദ്ധതി ഗുണകരമാകും. എന്നാൽ നിർദ്ദേശം അംഗീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. തൊഴിലിടങ്ങളിൽ നിന്ന് വളരെ അകലായിട്ടാണ് പ്രവാസികളും സ്വദേശികളും താമസിക്കുന്നത്. തൊഴിൽ സ്ഥലത്തേയ്ക്കുള്ള ഇവരുടെ യാത്രകൾ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. ഈ ഒരു അവസ്ഥ കൂടി പരിഗണിച്ചാണ് തൊഴിലിടങ്ങളിൽ നിന്ന് വളരെ അകലെയല്ലാതെ സാധാരണക്കാർക്ക് വീടൊരുക്കാൻ മുൻസിപ്പാലിറ്റി ആലോചിക്കുന്നത്.

ദുബായ് ഉൾപ്പടെയുള്ള യുഎഇ എമിറേറ്റുകളിൽ വാടക വർധിപ്പിച്ചതും ഇടത്തരക്കാർക്ക് തിരിച്ചടിയായി. പദ്ധതി നടപ്പിലാക്കിയാൽ വാടക വർധനയിൽ നിന്നും സാധാരണക്കാർ രക്ഷപ്പെടും. പദ്ധതിക്ക് വേണ്ടിയുള്ള ചർച്ചകൾ പുരോഗമിച്ച് വരികയാണ്.