കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് അറസ്റ്റിൽ. അൽ സറാഫ ഏജൻസിയുടെ തട്ടിപ്പിന് കൂട്ടുനിന്ന അഡോൾഫസ് ലോറൻസിനെയാണ് അറസ്റ്റ് ചെയ്തത്. സിബിഐ കൊച്ചി യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു കേസുകളിൽ ഒന്നാം പ്രതിയാണ് അഡോൾഫസ് ലോറൻസ്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

മുൻപ് അഡോൾഫിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ അൽ സറഫ മാൻപവർ കൺസൾട്ടൻസി ഉടമ ഉതുപ്പ് വർഗീസാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്. കുവൈറ്റിലേക്കും മറ്റും നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തിയത് വഴി 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതാണ് കേസ്. വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്ത നഴ്‌സുമാരിൽനിന്ന് അനധികൃതമായി അമിത പണം ഈടാക്കുകയായിരുന്നു. ഇയാൾക്കുവേണ്ടി സിബിഐ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ് സംബന്ധിച്ച് ധാരണ ഉണ്ടാക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ഐഎഎസ് ഉദ്യോഗസ്ഥരായ ടോം ജോസും റാണി ജോർജും കുവൈത്തിലേയ്ക്ക് പോയതും വിവാദമായിരുന്നു. ഇവർ ഉതുപ്പ് വർഗീസുമായി സംസാരിച്ചിരുന്നതായും സൂചനയുണ്ടായിരുന്നു.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഉതുപ്പ് വർഗീസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഉതുപ്പ് വർഗീസിനോട് കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു. എന്നാൽ, ഒന്നാം പ്രതിയായ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിനെ അറസ്റ്റു ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്തു വിട്ടയക്കുകയ മാത്രമായിരുന്നെന്നുമായിരുന്നു ഉതുപ്പിന്റെ അവകാശവാദം. ഇതിനിടെയാണ് പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിനെ അറസ്റ്റു ചെയ്തത്.

അൽസറഫ ഏജൻസിയുടെ മറവിലാണ് ഉതുപ്പ് വർഗീസ് തട്ടിപ്പു നടത്തിയത്. പ്രൊട്ടക്ടർ ഒഫ് എമിഗ്രേഷൻസും കൊല്ലം സ്വദേശിയുമായ അഡോൾഫസ് ലോറൻസ് കേസിൽ ഒന്നാം പ്രതിയും എറണാകുളം സൗത്തിലെ അൽസറാഫ ട്രാവൽ ആൻഡ് മാൻപവർ കൺസൾട്ടൻസ് എന്ന സ്ഥാപനം രണ്ടാം പ്രതിയുമാണ്. ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഉതുപ്പിന് കീഴടങ്ങേണ്ടി വരും. എന്നാൽ കുവൈറ്റിലുണ്ടെന്ന് കരുതുന്ന ഉതുപ്പ് അതിന് തയ്യാറല്ലെന്നാണ് സൂചന. കുവൈറ്റിലുള്ള ഉതുപ്പിനെ കേരളത്തിലെത്തിക്കാൻ സിബിഐ ഇന്റർപോളിന്റെ സഹായം തേടാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഉണ്ടാക്കാത്ത ഏതെങ്കിലും രാജ്യത്തിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതായാലും കേസുമായി ബന്ധപ്പെട്ട അതി സുപ്രധാനമാണ് ഹൈക്കോടതിയുടെ ജാമ്യാപേക്ഷ തള്ളലെന്നാണ് സിബിഐയുടെ നിരീക്ഷണം

1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് കുവൈറ്റിലെ ആരോഗ്യമന്ത്രാലയവുമായി അൽസറഫ ഏജൻസി ഉണ്ടാക്കിയത്. സർക്കാർ വ്യവസ്ഥ പ്രകാരം സേവന ഫീസായി ഒരാളിൽ നിന്ന് 19,500 രൂപ മാത്രമേ ഇടക്കാൻ പാടുള്ളൂ. എന്നാൽ അൽ സറഫ മാൻ പവർ ഏജൻസി ഒരാളിൽ നിന്നും 19.5 ലക്ഷത്തോളം രൂപ ഈടാക്കിയിരുന്നു. ഇങ്ങനെ 230 കോടി രൂപയാണ് ഇയാൾ തട്ടിച്ചത്.

നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി കേസിലെ മറ്റൊരു പ്രതി അഡോൾഫസ്, ഉതുപ്പുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്ന മൊഴികളും സിബിഐയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അറസ്റ്റുണ്ടായത്.