അടിമാലി: ദേശീയ പാതയോരത്ത് കരിക്ക് വിൽപന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ജനദ്രോഹ നടപടിയിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിയപ്പാറയിൽ കരിക്ക് വെട്ടി പ്രതിഷേധിച്ചു. ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുന്നിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി ഉൽഘാടനം ചെയ്തു.

ഇരുമ്പുപാലം മണ്ഡലം പ്രസിഡണ്ട് ജോജി ജോൺ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷിയാസ്, അക്സ, നിഷാദ്, എം.എസ് വൈശാഖ്, നോബിൾ, നിബിൻ ബാബു, ദീപ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

പെട്ടി ഓട്ടോറിക്ഷയിൽ കരിക്കു വെട്ടി വിനോദസഞ്ചാരികൾക്ക് വിൽപന നടത്തിയിരുന്ന സ്വദേശികളായ രണ്ടു തൊഴിലാളികളെയും ഇതരസംസ്ഥാന തൊഴിലാളിയെയും ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസത്തെ റിമാൻഡിനു ശേഷം അടിമാലി കോടതിയാണ് ജാമ്യം അനുവദിച്ചത്.എന്നാൽ ഇവരുടെ വാഹനവും അതിലുണ്ടായിരുന്ന കരിക്കും ഉൾപ്പടെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഉപജീവനത്തിനായി വാഹനത്തിൽ ദേശീയപാതയോരത്ത് കരിക്കുവെട്ടി വിൽപന നടത്തിയ പാവങ്ങളെ അറസ്റ്റ് ചെയ്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്. വെള്ളം കുടിക്കുന്ന സ്ട്രോ വനത്തിലേക്ക് ഇട്ടു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

അതേസമയം ജോലിക്കാരെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യിച്ചുവെന്ന വനംവകുപ്പ് റേഞ്ച് ഓഫീസർക്കെതിരെയുള്ള ആരോപണത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ ഇയാൾക്ക് താക്കീതുകൊടുക്കുന്ന ജനപ്രതിനിധിയുടെ ശബ്ദരേഖ വൈറലാകുന്നു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മറ്റിയംഗം പ്രവീൺ ജോസിന്റെ ശബ്ദസന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഓഫീസറെ തെരുവിൽ തല്ലുന്നവർക്ക് തന്റെ ചെലവിൽ മുൻകൂർ ജാമ്യം എടുക്കുമെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇടാനാണ് ആദ്യം തിരുമാനിച്ചതെന്ന് പ്രവീൺ പറഞ്ഞു. മുൻപ് ജനങ്ങൾക്കെതിരെ രംഗത്തെത്തിയ റേഞ്ച് ഓഫീസറെ തെരുവിൽ മരത്തിൽ കെട്ടിയിട്ട് തല്ലിയ സംഭവമെല്ലാം പ്രവീൺ ഓർമ്മിപ്പിക്കുന്നുണ്ട്.പിന്നീടാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ ഫോണിൽ വിളിച്ച് ഉപദേശം നൽകുന്നത്. ഓൺലൈൻ മധ്യമങ്ങളും സംഭവം വാർത്തയാക്കി. വനംവകുപ്പിനെ പൊങ്കാലയിടുന്ന കമന്റുകളുമായാണ് ജനങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രതികരിക്കുന്നത്.

പിന്നാലെ അനാവശ്യമായി ജാമ്യമില്ലാ വകുപ്പിൽ തങ്ങളെയും കൂട്ടാളികളായ ജോലിക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥർ ക്രൂരമായ നടപടിയാണ് സ്വീകരിച്ചതെന്ന ആരോപണവുമായി അറസ്റ്റിലായ മധ്യവയസ്‌ക്കൻ രംഗത്തെത്തി. മീരാൻകുഞ്ഞ് എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും സ്വാതന്ത്ര്യദിനത്തിന്റെ അന്ന് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്.

തങ്ങളെ പിടികൂടിയത് പുറംലോകം അറിയാതിരിക്കാൻ മൊബൈൽ ഫോണുകൾ വരെ ഉദ്യോഗസ്ഥർ വാങ്ങിയെടുത്തുവെന്നും ഇവർ പറയുന്നു. ദേശീയപാതയോരത്ത് ചീയപ്പാറയിൽ മറ്റുള്ള നിരവധി കച്ചവടക്കാരുമുണ്ടെങ്കിലും തങ്ങളെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.