- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പ്രാദേശിക നേതൃത്വം ടാർ മിക്സിങ് പ്ലാന്റിനെതിരേ സമരം നയിക്കുമ്പോൾ പ്ലാന്റിനെ മഹത്വവൽക്കരിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ വീഡിയോ; ആർഡിഓ വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കുക കലഞ്ഞൂർ മധുവിനെ അനുകൂലിക്കുന്നവർ മാത്രം; ഇളമണ്ണൂർ കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റിനെതിരായ സമരം അട്ടിമറിക്കുമ്പോൾ
അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു സ്ഥാപിക്കാനുദ്ദേശിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരായ ജനകീയ സമരം അട്ടിമറിക്കാനുള്ള നീക്കം പൂർണം. 13 ന് ആർഡിഓ വിളിച്ചിരിക്കുന്ന സർവ കക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധിയായി കലഞ്ഞൂർ മധുവിന്റെ അടുപ്പക്കാർ മാത്രമാകും പങ്കെടുക്കുക. ഒരു പാർട്ടിയിൽ നിന്ന് രണ്ടു പ്രതിനിധികളെ വീതമാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. സമരം നടക്കുന്ന പ്രദേശത്ത് നിന്ന് ആർക്കും ക്ഷണമില്ലെന്നതാണ് വിരോധാഭാസം. നേതാക്കൾ ചെന്ന് ഒത്തു തീർപ്പുണ്ടാക്കി സമരത്തിൽ നിന്ന് പിന്മാറാനാണ് നീക്കം. എന്നാൽ, യാതൊരു ഒത്തു തീർപ്പിനും സമരക്കാർ തയാറല്ല. തങ്ങൾക്ക് ഹാനികരമാകുന്ന ഏത് തീരുമാനവും നേതാക്കൾ അംഗീകരിച്ചാലും തങ്ങൾ അത് വക വച്ചു കൊടുക്കില്ലെന്നും സമരം തുടരുമെന്നാണ് ജനങ്ങൾ പറയുന്നത്.
അതേ സമയം സമരം അട്ടിമറിക്കാനുള്ള നീക്കം കൊണ്ടു പിടിച്ച് നടക്കുന്നു. ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളും പഞ്ചായത്തംഗങ്ങളും ഒന്നടങ്കം പ്ലാന്റിനെതിരായ സമരത്തിലാണ്. അതേ സമയം, പ്ലാന്റ് യാതൊരു വിധ പരിസ്ഥിതി മലിനീകരണവുമുണ്ടാക്കാത്ത ഓറഞ്ച് കാറ്റഗറിയിൽപ്പെട്ടതാണ് എന്ന വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ് അർജുൻ രംഗത്ത് വന്നിട്ടുണ്ട്. കലഞ്ഞൂർ മധുവിന് വേണ്ടി ഒരു ഫേസ്‌ബുക്ക് ചാനലിലൂടെയാണ് അർജുന്റെ വിശദീകരണം. നേരത്തേയുണ്ടായിരുന്ന ടാർ മിക്സിങ് പ്ലാന്റുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന റെഡ് കാറ്റഗറിയിൽപ്പെട്ടതാണെന്നും ഇപ്പോൾ ഇവിടെ വയ്ക്കുന്നത് മലിനീകരണ തോത് കുറഞ്ഞ ഓറഞ്ച് കാറ്റഗറിയിൽപ്പെട്ടതാണെന്നുമാണ് അർജുൻ പറയുന്നത്. ഇക്കാര്യം ജനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.
അതിനിടെ വർഗീയത അഴിച്ചു വിടാനും ശ്രമം തുടങ്ങി. ബിഷപ്പ് ഫ്രാങ്കോയുടെ സഹോദരൻ നടത്തുന്ന റെഡ് കാറ്റഗറിയിൽപ്പെട്ട പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റിന് കിൻഫ്ര പാർക്കിൽ പ്രവർത്തിക്കാമെങ്കിൽ എന്തു കൊണ്ട് എൻഎസ്എസ് നേതാവ് കലഞ്ഞൂർ മധുവിന്റെ ഓറഞ്ച് കാറ്റഗറിയിൽപ്പെട്ട ടാർ മിക്സിങ് പ്ലാന്റിന് പ്രവർത്തിച്ചു കൂടാ എന്നാണ് ചോദ്യം. ഈ സമരം ഫ്രാങ്കോയുടെ സഹോദരനെ സഹായിക്കാൻ വേണ്ടിയാണോ എന്നും ചോദ്യം ഉന്നയിക്കുന്നു.
സമരക്കാർ ഒറ്റക്കെട്ടായ സാഹചര്യത്തിലാണ് വർഗീയത വളർത്തുന്ന പോസ്റ്റുമായി കലഞ്ഞൂർ മധുവിനെ അനുകൂലിക്കുന്നവർ രംഗത്ത് വന്നിരിക്കുന്നത്. അടൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റു കൂടിയാണ് കലഞ്ഞൂർ മധു. ഇദ്ദേഹത്തിന്റെ കീഴിലുള്ള കരയോഗത്തിന്റെ പ്രസിഡന്റാണ് ഏനാദിമംഗലത്തെ പഞ്ചായത്ത് പ്രസിഡന്റ്. നിലവിൽ സമരത്തിന്റെ മുന്നിൽ ഇദ്ദേഹമുണ്ടെങ്കിലും സമരം അട്ടിമറിക്കാൻ അണിയറയിൽ ശ്രമിക്കുന്നവർക്കൊപ്പവുമുണ്ടെന്നാണ് സമര സമിതിയിലുള്ള ചിലർ പറയുന്നത്.
കാറ്റഗറി റെഡ് ആണെങ്കിലും ഓറഞ്ച് ആണെങ്കിലും മധുവിന്റെ പ്ലാന്റിന് ഇതു വരെ മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരം നൽകിയിട്ടില്ല. നാട്ടുകാരിൽ നിന്ന് പരാതി ഉയർന്ന സ്ഥിതിക്ക് അവരിൽ നിന്ന് പരാതി കേട്ട ശേഷം വേണം അനുമതി നൽകാൻ. അതിന് ബോർഡ് തയാറാകാത്തതിലും ദുരുഹത ഉണ്ട്.