ചെന്നൈ: ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'ഫാമിലി മാൻ 2' വെബ് സീരിസിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം കനക്കുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ആമസോൺ ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകൾ മുന്നറിയിപ്പ് നൽകി.

ശ്രീലങ്കൻ തമിഴ്പോരാളിയായി സാമന്ത പ്രധാനവേഷത്തിലെത്തുന്ന വെബ്‌സീരിസിനെിരെയാണ് പ്രതിഷേധം. ശ്രീലങ്കൻ ആഭ്യന്തര സംഘർഷം വിഷയമാക്കിയാണ് വെബ് സിരീസ്. എന്നാൽ തമിഴ് വംശജരെ മോശമായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചിത്രീകരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രതമിഴ് സംഘടകൾ തമിഴ്‌നാട് മുഖ്യമന്ത്രിയെ സമീപിച്ചു.

പ്രതിഷേധത്തിന് പിന്തുണയുമായി ഭാരതിരാജ അടക്കം തമിഴ് സിനിമാ താരങ്ങളും രംഗത്തെത്തി. ഫാമിലി മാൻ 2 ന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. നടപടിയുണ്ടായില്ലെങ്കിൽ ആമസോൺ ഉത്പന്നങ്ങൾ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് തമിഴ് സംഘടനകളുടെ ആഹ്വാനം.

ഈ മാസം മൂന്നിനാണ് ആമസോൺ പ്രൈമിൽ ഫാമിലിമാൻ 2 റിലീസ് ആയത്. മനോജ് ബാജ്പേയി പ്രിയാമണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വിഷയത്തിൽ മൗനം പാലിക്കണമെന്നാണ് സാമന്ത അടക്കമുള്ള താരങ്ങളോട് ആമസോൺ ആവശ്യപ്പെട്ടിരിക്കുന്നത്.