മലപ്പുറം: മുത്തലാഖ് ബിൽ പാസാക്കിയ ദിവസം ലീഗ് എംപി പി.കെ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നത് വിവാദമായത് നേട്ടമാക്കാനുറച്ച് സിപിഎമ്മും മറ്റു മുസ്ലിം പാർട്ടികളും. വിഷയത്തിൽ ലീഗിനകത്തും പുറത്തും ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരാണെന്നു വരുത്താനുള്ള 'മത്സരവും' ചൂടുപിടിച്ചിരിക്കുന്നത്. മുത്തലാഖിൽ മൗനത്തിലിരുന്ന ഇടത് എം പിമാർക്കെതിരെ തിരിച്ചും പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ലീഗ് പ്രവർത്തകരും.

മുത്തലാഖ് വിഷയത്തിൽ അനുകൂലിക്കാനും എതിർക്കാനും കഴിയാത്ത സാഹചര്യത്തിലാണ് സി പി എമ്മും ഇടതുപക്ഷവും. എന്നാൽ മന്ത്രി കെ.ടി ജലീൽ ഐ.എൻ.എൽ അടക്കമുള്ളവർ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതിനെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. വ്യാഴാഴ്ച പാർലമെന്റിൽ മുത്തലാഖ് ബിൽ പാസാക്കുകയും മുത്തലാഖ് വിഷയത്തിൽ ചർച്ച നടന്നതിൽ പങ്കെടുക്കാതെയും വിട്ടുനിന്ന മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നും ലീഗ് നടപടിയെടുക്കണമെന്നുമായിരുന്നു മന്ത്രി ജലീൽ ആവശ്യപ്പെട്ടത്. കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ഇന്ത്യൻ നാഷണൽ ലീഗ് കുഞ്ഞാലിക്കുട്ടിയുടെ കാരാത്തോട് വസതിയിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധമാർച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനുസമീപത്തെ 50 മീറ്റർ അകലെ വച്ച് പൊലീസ് തടഞ്ഞു. തടഞ്ഞതിനെത്തുടർന്ന് ഐഎൻഎൽ പ്രവർത്തകർ കുറച്ചുസമയം റോഡ് ഉപരോധിച്ചു.

സമുദായിക വഞ്ചകനായ പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കണമെന്നും മുസ്ലിംലീഗ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത ഐഎൻഎൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇസ്മായിൽ പറഞ്ഞു. ഇടത് അനുകൂല സംഘടനക്കു പുറമെ എസ്.ഡി.പി.ഐ, പി ഡി പി, വെൽഫെയർ പാർട്ടി തുടങ്ങിയവരും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തെത്തി. മുസ്ലിം സമുദായത്തിന്റെ പേരിൽ പാർലമെന്റിലെത്തി മുസ്ലിംങ്ങളെ വഞ്ചിക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്തിരിക്കുന്നത് എന്ന രീതിയിലാണ് ഇതര മുസ്ലിം സംഘടനകളും പർട്ടികളും സോഷ്യൽ മീഡിയയിലടക്കം പ്രചരണം കൊഴുപ്പിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സ്വന്തം രാഷ്ട്രീയ നേട്ടം ഉണ്ടാക്കലാണ് ഓരോ പാർട്ടിയും ലക്ഷ്യമിടുന്നത്.

കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ബിജെപിയും രാഷ്ട്രീയ ആയുധമാക്കി തങ്ങൾക്ക് അനുകൂലമാക്കാനുള്ള പ്രചരണവും ശക്തമായിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ മുത്തലാഖ് ബില്ലിന് കുഞ്ഞാലിക്കുട്ടി അനുകൂലമാണെന്നും ഇത് മുസ്ലിം സമുദായത്തിൽ മുത്തലാഖിനെ എതിർക്കുന്ന ഒരു വിഭാഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്നുമാണ് ബിജെപി വാദം.

ഇ ടി മുഹമ്മദ് ബഷീർ ലീഗ് പ്രതിനിധിയായി പാർലമെന്റിൽ പ്രസംഗമവതരിപ്പിച്ചതിലൂടെ നിലപാട് വ്യക്തമാക്കിയെന്ന ആശ്വാസമാണ് ലീഗിനുള്ളത്. എന്നാൽ വിവാദം ശക്തമാകുന്നത് സമുദായത്തിനകത്തെ ലീഗിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും ലീഗിനുണ്ട്. ലീഗ് വോട്ടുകൾ വിവാദത്തിലൂടെ ഇളക്കാനുള്ള ശ്രമവുമുണ്ട്. യു ഡി എഫിലെ വിവിധ പാർട്ടി പ്രതിനിധികളും മുത്തലാഖ് ബില്ലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇടത് എം പിമാർ എതിർക്കാനോ അനുകൂലിക്കാനോ തയ്യാറായിരുന്നില്ല. യു ഡി എഫ് എം പിമാർ പ്രതികരിച്ചപ്പോൾ മൗനമായിരുന്നതും ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് മുസ്ലിംങ്ങൾക്കെതിരെയുള്ള സിപിഎമ്മിന്റെ കപട രാഷ്ട്രീയമാണെന്നും ഇത് തിരിച്ചറിയണമെന്നും ലീഗ് പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

എല്ലാ വിവാദങ്ങളും ട്രോളുകളും കൊടിമ്പിരി കൊള്ളുമ്പോഴും കുഞ്ഞാപ്പ ദുബായിലേക്ക് വിമാനം കയറിയിരിക്കുകയാണ്. എന്നാൽ സാധാരണ പ്രവർത്തകർക്കിടയിലെ അമർഷവും പ്രതിഷേധവും ഇപ്പോഴും ശക്തമാണ്. സോഷ്യൽ മീഡിയ വഴി ലീഗ് പ്രർത്തകർ തന്നെ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പാർലമെന്റിൽ പങ്കെടുക്കാതിരുന്നതിൽ പാർട്ടി കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി. ബിൽ അവതരണം വന്നാൽ പാർലമെന്റിൽ നിന്ന് ഇറങ്ങി പോവാനാണ് ആദ്യം യുഡിഎഫ് തീരുമാനിച്ചത് പിന്നീടാണ് ഇതിന് മാറ്റം വന്നതെന്നും, ഇതനുസരിച്ച് 27 ന് തീരുമാനിച്ച ചന്ദ്രിക ദിനപത്രത്തിന്റെ ഗവേണിങ് ബോഡി യോഗത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് പാർലമെന്റിൽ പങ്കെടുക്കാതിരുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം. ചന്ദ്രികയുടെ പ്രതിസന്ധി പരിഹരിക്കാൻ പുറത്ത് നിന്നടക്കമുള്ള ഡയറക്ടർമാർ പങ്കെടുത്ത മൂന്നു മണിക്കൂർ നീണ്ട സുപ്രധാന യോഗമായിരുന്നു അതെന്നും കുഞ്ഞാലിക്കുട്ടി ദുബൈയിൽ പറഞ്ഞു.