തിരുവനന്തപുരം: റീലീസ് ദിവസം തൊട്ട് തുടങ്ങിയ മാലിക്കിനെതിരെയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല.വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളുമൊക്കെ ചിത്രത്തിനെതിരെ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.ഇപ്പോഴിത പ്രദേശവാസികൾ തന്നെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ യാഥാർഥ്യത്തെ വളച്ചൊടിച്ചു എന്നാരോപിച്ചാണ് ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പള്ളിപരിസരത്ത് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തിൽ സിനിമ ചിത്രീകരിച്ചു എന്ന് അവർ ചൂണ്ടിക്കാട്ടി. പി.ഡി.പി. സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ബീമാപള്ളി വെടിവയ്‌പ്പിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു. 2009 ൽ സംഭവിച്ച ബീമാപള്ളി വെടിവയ്‌പ്പ് സിനിമ തെറ്റായി ചിത്രീകരിച്ചതിൽ സമിതി വിയോജിപ്പ് രേഖപ്പെടുത്തി.

'ടേക്ക് ഓഫ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായിരുന്നു മാലിക്ക്.സുലൈമാൻ മാലിക്ക് എന്ന വ്യക്തിയുടെ ജീവിതത്തിലുടെ റമദാ പള്ളിയിലെ കഥയാണ് ചിത്രം പറയുന്നത്. കഥയും പശ്ചാത്തലവും സാങ്കൽപ്പിക്കമാണെന്ന് സംവിധായകൻ പറയുമ്പോഴും 2009 ലെ ബീമാപ്പള്ളി വെടിവെപ്പാണ് ചിത്രത്തിനാധാരം എന്നു ചുണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്.