പൂഞ്ഞാർ: ശബരിമല വിഷയത്തിൽ സിപിഎമ്മുമാ.ി കൂടുതൽ ഇടഞ്ഞ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ സ്വന്തം ത്ടകത്തിൽ പ്രതിഷേധം. എംഎൽഎ പങ്കെടുക്കാനെത്തിയ പൊതുപരിപാടിയിൽ മുദ്രാവാക്യം വിളികളുമായി എത്തിയ സിപിഎം പ്രർത്തകർ മുട്ടയേറും കയ്യാങ്കളിയും നടത്തി. പൂഞ്ഞാർ-പെരിങ്ങുളം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സംഘർഷം. ഭരണ കക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്.

പൂഞ്ഞാർ ബസ് സ്റ്റാൻഡ് അങ്കണത്തിലായിരുന്നു ചടങ്ങ്. കഴിഞ്ഞയാഴ്ച നടത്താനിരുന്ന ഉദ്ഘാടനം ബിജെപിയുടെ ഹർത്താലിനെ തുടർന്നാണ് മാറ്റിയത്. ചടങ്ങ് ആരംഭിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പ്രവർത്തകർ പ്രതിഷേധം ഉയർത്തുകയായിരുന്നു. ഇതിനിടെ ഒരാൾ സ്റ്റേജിലേക്കു മുട്ടയെറിഞ്ഞു. ജനപക്ഷാംഗമായ വാർഡംഗം അനിൽകുമാറിന്റെ ദേഹത്താണ് മുട്ട പതിച്ചത്. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകരും എംഎൽഎയുമായി വാക്കേറ്റവും ഉണ്ടായി.

ജനപക്ഷം പ്രവർത്തകരും സ്ഥലത്തെത്തി. പരിപാടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ആരെയും പേടിച്ച് ഓടാൻ ഉദേശിക്കുന്നില്ലെന്നു പിസി ജോർജ് പറഞ്ഞു. തിരക്കിട്ട് ഉദ്ഘാടനം പൂർത്തിയാക്കി വാഹനത്തിൽ കയറിയ എംഎൽഎയ്ക്ക് ജനപക്ഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സംരക്ഷണമൊരുക്കി.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനെത്തിയ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർക്ക് വേദിയിൽ കയറാനായില്ല. പ്രതിഷേധക്കാരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് ജനപക്ഷം കുറ്റപ്പെടുത്തി