ന്യൂഡൽഹി: 800 വർഷത്തിനു ശേഷം ഇന്ത്യക്ക് ആദ്യമായി ഒരു ഹിന്ദു പ്രധാനമന്ത്രിയെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമർശത്തിൽ ലോക്‌സഭയിൽ സിപിഎമ്മിന്റെ പ്രതിഷേധം. സിപിഐഎം എംപി മുഹമ്മദ് സലിമാണു രാജ്‌നാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

രാജ്യത്ത് പടരുന്ന അസഹിഷ്ണുതയെക്കുറിച്ചു ലോക്‌സഭ ചർച്ച ചെയ്യവെയാണു സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തിയത്. രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും ഇത് കെട്ടിച്ചമച്ച ആരോപണമല്ലെന്നും മുഹമ്മദ് സലിം എംപി പറഞ്ഞു. 800 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ആദ്യമായി ഒരു ഹിന്ദു പ്രധാനമന്ത്രിയായെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതായി ഈ അവസരത്തിലാണു സാലിം കുറ്റപ്പെടുത്തിയത്.

അതേസമയം, തനിക്കെതിരെ ഗുരുതര ആരോപണമാണ് സലിം ഉന്നയിച്ചതെന്നും അദ്ദേഹം മാപ്പുപറയണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. സലിം പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ സഭയിൽ ബഹളം വച്ചതോടെ ചർച്ച നിർത്തിവച്ച് സഭ താൽക്കാലികമായി പിരിഞ്ഞു. പിന്നീട്, സലിമിന്റെ പ്രസ്താവന സഭാരേഖകളിൽ നിന്നു നീക്കം ചെയ്യുന്നതായി സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.


രാജ്യത്ത് വർധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ച് ചർച്ച ചെയ്യാൻ 193ാം ചട്ടപ്രകാരമാണ് സ്പീക്കർ സുമിത്രാ മഹാജൻ അനുമതി നൽകിയത്. ചർച്ച തുടങ്ങും മുമ്പ് അസഹിഷ്ണുത എങ്ങനെ നിർത്തലാക്കാമെന്നതിൽ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷത്തിന്റെ അഭിപ്രായമാരാഞ്ഞു. തുടർന്ന് സ്പീക്കർ സിപിഐഎം നേതാവ് മുഹമ്മദ് സലിമിനെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് അസഹിഷ്ണുതയുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ആരും രാജ്യത്തെ അധിക്ഷേപിച്ചിട്ടുമില്ല. ഇതെല്ലാം കെട്ടിച്ചമച്ചതാണ്. എന്നാൽ രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നാണ് തങ്ങൾ പറയുന്നതെന്നും സലിം പറഞ്ഞു. മോദി അധികാരത്തിലെത്തിയപ്പോൾ 800 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു ഹിന്ദു പ്രധാനമന്ത്രിയായെന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. ഇതാമോ ജനാധിപത്യം, ഇതാണോ മതേതരത്വം, ഇത് ഭരണഘടനയുടെ ഭാഗമോണോയെന്നും സലിം ചോദിച്ചു.

ഇതോടെ, ബിജെപി അംഗങ്ങൾ സഭയിൽ ബഹളം വെക്കാൻ തുടങ്ങി. എന്നാൽ ഔട്ട്‌ലുക്ക് മാഗസിനെ ഉദ്ധരിച്ചാണ് പറഞ്ഞതെന്നും നിഷേധിക്കുന്നുണ്ടെങ്കിൽ രാജ്‌നാഥ് മാഗസിനെതിരെ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകട്ടെയെന്നും സാലിം പറഞ്ഞു. തുടർന്ന് ഔട്ട്‌ലുക്ക് മാഗസിനിലെ ഉദ്ധരണി വായിക്കുകയും ചെയ്തു.

എന്നാൽ ഇക്കാര്യം നിഷേധിച്ചാണ് രാജ്‌നാഥ് സിങ് പ്രസ്താവന നടത്തിയത്. തന്റെ പാർലമെന്ററി ജീവിതത്തിൽ ഇതുവരെ ഇത്രയധികം വേദനിച്ചിട്ടില്ല. ഒരു ആഭ്യന്തര മന്ത്രി അത്തരം പ്രസ്താവന നടത്തിയെങ്കിൽ ആ പദവിയിൽ തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും രാജ്‌നാഥ് പറഞ്ഞു. തനിക്കെതിരെ മുഹമ്മദ് സലിം ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചതെന്നും ഇത്തരം പ്രസ്താവന താൻ എവിടെയാണ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.