- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിലേക്ക് എംപിമാർക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധം വ്യാപകം; പ്രവേശനം നിഷേധിച്ചത് കഴിഞ്ഞ ദിവസം പുറത്ത് വന്ന സന്ദർശക വിലക്കിനെത്തുടർന്ന്; ലക്ഷദ്വീപിലെ യഥാർത്ഥ വസ്തുതകൾ രാജ്യം അറിയുമെന്ന ഭയം കൊണ്ടാണ് എംപിമാരുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയതെന്ന് എളമരം കരീം
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സിപിഐഎം എംപിമാർക്ക് ലക്ഷദ്വീപിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം. ദ്വീപിൽ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വി ശിവദാസനും എ എം ആരിഫും ലക്ഷദ്വീപിലേക്ക് സന്ദർശനത്തിന് അനുമതി അപേക്ഷിച്ചത്.എന്നാൽ അഡ്മിനിസ്ട്രേഷൻ ഇവർക്ക് അനുമതി നിഷേധിക്കുകയായിരുന്നു.സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.വിഷയത്തിൽ പ്രതികരണവുമായി എളമരം കരീം രംഗത്തെത്തി.
ലക്ഷദ്വീപിലെ യഥാർത്ഥ വസ്തുതകൾ രാജ്യം അറിയുമെന്ന ഭയം കൊണ്ടാണ് എംപിമാരുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയതെന്ന് എളമരം കരീം. എംപിമാരുടെ സന്ദർശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങൾ തുടരുമെന്നും എളമരം കരീം അറിയിച്ചു.
''ലക്ഷദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കാനും കേരളത്തിൽ നിന്നുള്ള സിപിഐഎം എംപിമാരുടെ പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഞാനും, സഖാവ് വി. ശിവദാസൻ, സഖാവ് എ. എം. ആരിഫ് എന്നിവരും ഉൾപ്പെടെയുള്ള സംഘത്തിന് ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷയും സമർപ്പിച്ചിരുന്നു.ഈ യാത്ര ഏതുവിധേനെയും മുടക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നത്. '
'കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ ദ്വീപിലേക്കുള്ള യാത്ര അഭികാമ്യമല്ലെന്നും ഞങ്ങളുടെ യാത്ര പിന്നീടൊരുദിവസത്തേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെടുകൊണ്ട് ലക്ഷദ്വീപ് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ ഔദ്യോഗിക അറിയിപ്പും ഇന്ന് ലഭിച്ചു. അതായത്, ദ്വീപിൽ ഇപ്പോൾ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവർ ഭയപ്പെടുന്നു. ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്കാരങ്ങളും അടിച്ചേൽപ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാർ തന്ത്രമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.''
''കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും തങ്ങളുടെ കച്ചവട താല്പര്യങ്ങൾക്കായി ദ്വീപിനെ യഥേഷ്ടം ഉപയോഗപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് അവിടെ നടപ്പിലാക്കുന്ന ഓരോ പരിഷ്കാരങ്ങളും. ഇതിനെതിരെ ശക്തമായി പോരാടുന്ന ദ്വീപ് നിവാസികളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് ശ്രമം. ഇത്തരം നടപടികൾക്കെതിരെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിശിഷ്യാ കേരളത്തിൽ നിന്നും ഉയർന്ന വൻ ജനകീയ പ്രതിഷേധം സംഘപരിവാരത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതോടൊപ്പം എംപിമാരുടെ സന്ദർശനത്തിന്റെ ഫലമായി ദ്വീപിലെ സംഭവവികാസങ്ങളുടെ യഥാർത്ഥ വസ്തുത രാജ്യം അറിയുമെന്നും അവയ്ക്ക് വൻ മാധ്യമ ശ്രദ്ധ കിട്ടുമെന്നും അവർ ഭയപ്പെടുന്നു. അതിനാലാണ് ഞങ്ങളുടെ സന്ദർശനം വൈകിപ്പിക്കണം എന്ന അഭ്യർത്ഥന അവർ മുന്നോട്ടുവെച്ചത്. '
'ഫലത്തിൽ എംപിമാരുടെ സന്ദർശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. ഈ നടപടിയിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങൾ ഞങ്ങൾ തുടരുമെന്നും എളമരം കരീം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ