ലേക്ക് വുഡ്: സ്വവർഗാനുരാഗിയായിരുന്ന സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ പള്ളിക്കെതിരേ പ്രതിഷേധ പ്രകടനം. കൊളറോഡയിലെ ലേക്ക് വുഡിലുള്ള ന്യൂ ഹോപ്പ് മിനിസ്ട്രിയുടെ കീഴിലുള്ള പള്ളിയിലാണ് വനേസ കൊളിയർ എന്ന മുപ്പത്തിമൂന്നുകാരിയുടെ സംസ്‌കാരം നടത്താൻ പാസ്റ്റർ വിസമ്മതിച്ചത്.

സംസ്‌കാരശുശ്രൂഷകൾ തുടങ്ങി 15 മിനിട്ട് ആയപ്പോഴാണ് സംസ്‌കാരത്തിനെതിരേ പാസ്റ്റർ വിസമ്മതം പ്രകടിപ്പിച്ചത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയാണ് വനേസ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംസ്‌കാര ശുശ്രൂഷകൾക്കിടെ വെനേസയുടെ ജീവചരിത്രം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനത്തിനു ശേഷമാണ് പാസ്റ്റർ സംസ്‌കാരം നടത്താൻ സാധ്യമല്ലെന്ന് ബന്ധുക്കളെ അറിയിക്കുന്നത്.

വനേസ സ്വവർഗാനുരാഗിയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ അടങ്ങിയിരുന്നു. വീഡിയോ എഡിറ്റ് ചെയ്തു പ്രദർശിപ്പിക്കണമെന്നുള്ള പാസ്റ്ററുടെ നിർദേശവും ബന്ധുക്കൾ തള്ളിയതോടെയാണ് സംസ്‌കാരം പള്ളിയിൽ നടത്താൻ സാധ്യമല്ലെന്ന് പാസ്റ്റർ റോയ് ഷാവേസ് അറിയിക്കുന്നത്. തുടർന്ന് അടുത്തുള്ള ന്യൂകമ്മർ ഫ്യൂണറൽ ഹോമിൽ വെനേസയെ സംസ്‌കരിക്കുകയായിരുന്നു.
പാസ്റ്ററുടെ തീരുമാനത്തിനെതിരേ ഡിഗ്നിറ്റി ഇൻ ഡെത്ത് എന്ന പേരിലാണ് വനേസയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് പള്ളിക്കെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഭാര്യ ക്രിസ്റ്റീന ഹിഗ്ലി, പന്ത്രണ്ടും ഏഴും വയസുള്ള മക്കൾ എന്നിവർക്കൊപ്പമായിരുന്നു വനേസ താമസിച്ചിരുന്നത്. അതേസമയം പ്രതിഷേധത്തിനെതിരേ ഇതുവരെ ലേക്ക് വുഡ് ന്യൂഹോപ്പ് മിനിസ്ട്രി പ്രതികരിച്ചിട്ടില്ല.