കോഴിക്കോട്: മിഠായിത്തെരുവിൽ വഴിയോരക്കച്ചവടക്കാരുടെ നേതൃത്വത്തിൽ പ്രതിഷേധം. ഒഴിപ്പിക്കാൻ പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് പ്രതിഷേധവുമായി വ്യാപരികൾ രംഗത്ത് വന്നത്.രണ്ടരമാസക്കാലം തങ്ങൾ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുകയായിരുന്നുവെന്നും സർക്കാരിന്റെ ഉത്തരവ് നിലനിൽക്കുന്ന ദിവസങ്ങളിൽ കച്ചവടം നടത്തുമെന്നും വ്യാപാരികൾ പറയുന്നു. കോർപ്പറേഷൻ തങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും പിരിഞ്ഞുപോകില്ലെന്നുമാണ് ഇവരുടെ പക്ഷം.

മിഠായിത്തെരുവിൽ വഴിയോര കച്ചവടക്കാർ ഇന്ന് കച്ചവടം നടത്തരുതെന്ന് പൊലീസിന്റെ നിർദ്ദേശമുണ്ടായിരുന്നു. മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി. കച്ചവടം നടത്തിയാൽ കേസെടുക്കുമെന്നും ഒഴിപ്പിക്കുമെന്നുമായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്.

സിറ്റി പൊലീസ് കമ്മീഷണർ എ. വി. ജോർജാണ് കച്ചവടക്കാർക്ക് ഇന്നലെ മുന്നറിയിപ്പ് നൽകിയത്. കച്ചവടം നടത്താൻ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാർ സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ തീരുമാനിച്ചിരുന്നു.ലോക്ഡൗൺ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കടകൾ തുറക്കാൻ അനുമതി നൽകണമെന്നാണ് വ്യാപരികളുടെ ആവശ്യം.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. കടകളുടെ വിസ്തൃതിക്ക് അനുസരിച്ച് മാത്രമെ ആളുകളെ സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാവൂ. വലിയ കടകൾ ടോക്കൺ സംവിധാനം ഏർപ്പെടുത്തണമെന്നുമാണ് പൊലീസ് നിർദ്ദേശം. നിയന്ത്രണം ലംഘിച്ചാൽ അടച്ചുപൂട്ടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

10 വയസ്സിന് താഴെയുള്ള കുട്ടികളുമായി മാർക്കറ്റിലേക്ക് എത്തരുതെന്നാണ് പൊലീസ് നിർദ്ദേശം. മൂന്ന് ദിവസം കടകൾ തുറക്കുമെന്നതിനാൽ മിഠായി തെരുവിൽ തിരക്ക് പതിവിലും കുറവാണ്. വരുന്നവർ സ്വയം നിയ്ന്ത്രിക്കുന്നുവെന്നും വ്യാപാരികൾ പറയുന്നു. എന്നാൽ ഇന്നലെ ലോക്ഡൗൺ ലംഘനത്തിന് 70 ഓളും കേസുകളും പൊലീസ് എടുത്തു. നഗരത്തിലെ മറ്റ് മേഖലകളിലെ കടകളിലും മാർക്കിങ് ഏർപ്പെടുത്താനും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും നിർദ്ദേശമുണ്ട്. ഡി കാറ്റഗറിയിലെ സ്ഥാപനങ്ങളും ഇന്ന് തുറന്നിട്ടുണ്ട്