- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമാക്കി തമിഴ് സംഘടനകൾ; രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത് മന്ത്രിസഭാ പ്രമേയം ഗവർണർ ബൻവാരിലാൽ പുരോഹിത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതോടെ; മന്ത്രിസഭാ ശുപാർശ അനുസരിക്കാൻ ഭരണഘടന പ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന് നിയമവിദഗ്ധരും
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ് സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതികളുടെ മോചനം വൈകുമെന്ന് ഉറപ്പായതോടെയാണ് തമിഴ്നാട്ടിൽ വീണ്ടും പ്രതിഷേധം ആരംഭിച്ചത്. അതേസമയം, പ്രതികളുടെ ബന്ധുക്കൾ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
മൂന്നു പതിറ്റാണ്ടായി ജയിൽ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന തമിഴ്നാട് മന്ത്രിസഭാ പ്രമേയം ഗവർണർ ബൻവാരിലാൽ പുരോഹിത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ചെന്നും തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും സത്യവാങ്മൂലത്തിൽ ഗവർണർ സുപ്രീം കോടതിയെ അറിയിച്ചു.
പ്രതികളിലൊരാളായ പേരറിവാളൻ മോചനമാവശ്യപ്പെട്ടു നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി, ഒരാഴ്ചയ്ക്കകം മന്ത്രിസഭാ പ്രമേയത്തിൽ തീരുമാനമെടുക്കണമെന്നു ഗവർണർക്കു നിർദ്ദേശം നൽകിയിരുന്നു. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. ഇതോടെ, കേസിലെ 7 പ്രതികളുടെയും മോചനം ഇനിയും വൈകുമെന്നുറപ്പായി. ദീർഘകാലമായി ജയിലിൽ കഴിയുന്ന പ്രതികളെ മോചിപ്പിക്കുന്നതിനും ശിക്ഷയിളവ് നൽകുന്നതിനും ഗവർണർക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് രാജീവ് വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു 2018 സെപ്റ്റംബറിലാണു മന്ത്രിസഭ ഗവർണർക്കു ശുപാർശ നൽകിയത്.
അതേസമയം, മന്ത്രിസഭാ ശുപാർശ അനുസരിക്കാൻ ഭരണഘടന പ്രകാരം ഗവർണർ ബാധ്യസ്ഥനാണെന്ന വാദവും നിയമവിദഗ്ദ്ധർക്കിടയിലുണ്ട്. ഇതുന്നയിച്ചു സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചാൽ മറ്റൊരു നിയമയുദ്ധത്തിനു കൂടി വഴിയൊരുങ്ങും. പേരറിവാളൻ, നളിനി, ഭർത്താവ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണു കേസിലെ പ്രതികൾ. വധശിക്ഷ പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.
പ്രമേയം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഗവർണറുടെ തീരുമാനത്തിനതിരെ പ്രതികളുടെ കുടുംബം കോടതിയെ സമീപിച്ചു. മന്ത്രിസഭാ ശുപാർശ പരിഗണിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് മുൻ ജസ്റ്റിസ് കെ ടി തോമസ്സ് അഭിപ്രായപ്പെട്ടു. മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കാനായിരുന്നു തമിഴ്നാട് സർക്കാർ ശുപാർശ. എന്നാൽ മന്ത്രിസഭാ പ്രമേയം ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കെന്നാണ് ഗവർണറുടെ നിലപാട്.
പ്രതിഷേധം ശക്തമായതോടെ തമിഴ്നാട് സർക്കാരും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. ഗവർണറുടെ തീരുമാനത്തിനെതിരെ കേസ് പരിഗണിച്ച മുൻ ജസ്റ്റിസ് കെ ടി തോമസ്സ് അടക്കം രംഗത്തെത്തി. ഭരണഘടനാപ്രകാരം സർക്കാർ ശുപാർശ പരിഗണിക്കാൻ ബാധ്യസ്ഥനാണെന്നും ഗവർണർ തന്നെ തീരുമാനം എടുക്കണമെന്നും നിയമവിദഗ്ദ്ധർ ചൂണ്ടികാട്ടി.
മറുനാടന് മലയാളി ബ്യൂറോ