തിരുവനന്തപുരം : ദേശീയ ഗെയിംസിലെ ലാലിസം അഴിമതിയെ ആദ്യം തുറന്ന് കാട്ടിയത് മറുനാടൻ മലയാളിയാണ്. ഇന്ന് എല്ലാവരും സത്യം മനസ്സിലാക്കുന്നു. പക്ഷേ മോഹൻലാലോ ദേശീയ ഗെയിംസ് സംഘാകരോ ഒന്നും പറയുന്നുമില്ല. കലയ്ക്ക് വിലയിടരുതെന്ന് മറുനാടൻ വാർത്തയെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്ന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒന്നും പറയാനില്ല. ലാലിസത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് ഗാനമേളയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ തീരുന്നില്ല. മലയാള മനോരമ ഒഴികെയുള്ള എല്ലാ മുഖ്യധാരാ മാദ്ധ്യമങ്ങളും ലാലിസത്തെ വിമർശിച്ച് രംഗത്തുണ്ട്. മനോരമയ്ക്ക് പോലും ന്യായീകരിക്കാൻ കഴിയുന്നില്ല. പക്ഷേ റൺ കേരള റണ്ണിനായി പത്ത് കോടി ദേശീയ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് വാങ്ങിയ മനോരമയ്ക്ക് മിണ്ടാതിരിക്കാനേ കഴിയൂ. എന്നും മോഹൻലാലിന്റെ പദ്ധതികളെ വാനോളം പുകഴ്‌ത്തിയിരുന്ന മാതൃഭൂമിക്ക് പോലും ലാലിസത്തിന് എതിരെ ഒന്നാം പേജിൽ വാർത്ത നൽകേണ്ടി വന്നു. കേരള കൗമുദിയും മംഗളവുമെല്ലാം ഈ അഴിമതി തന്നെയാണ് ഉയർത്തിക്കാട്ടുന്നത്.

ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും ബ്ലോഗിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പ്രതികരിക്കുന്ന നടനാണ് മോഹൻ ലാൽ. പക്ഷേ തനിക്കെതിരെ ഉയരുന്ന ആരോപണത്തിനോട് പ്രതികരിക്കാൻ സോഷ്യൽ മീഡിയിലൂടെ ലാൽ ഇതുവരെയും തയ്യാറായിട്ടില്ല. ഗാന്ധിസം, സാഡിസം, മാവോയിസം എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, ഈ 'ലാലിസം' എന്തൊരിസമാണ് ലാലേട്ടാ...മലയാളികളെ ഇത്രയും വെറുപ്പിക്കണമായിരുന്നോ... ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച മോഹൻലാലിന്റെ ലാലിസത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളാണ് ഇവ. 'ലാലിസം ഇന്ത്യ പാടുന്നു' എന്ന പരിപാടി ബാൻഡല്ല പകരം ഗാനമേളയായിരുന്നെന്നും നേരത്തേ റെക്കാഡ് ചെയ്ത പാട്ടിനനുസരിച്ച് മോഹൻലാൽ ചുണ്ടനക്കുക മാത്രമാണ് വേദിയിൽ ചെയ്തതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

സോഷ്യൽ മീഡിയ പേജുകളിൽ ലാലിന്റെ സിനിമാഡയലോഗുകളെയും കഥാപാത്രങ്ങളെയും കുട്ടിയിണക്കി തകർപ്പൻ തമാശകളാണു പ്രചരിക്കുന്നത്. കിരീടത്തിലെ തിലകന്റെ വിഖ്യാതമായ 'കത്തി താഴെയിടടാ' ഡയലോഗിനെ ഓർമിപ്പിച്ച് 'മൈക്കു താഴെയിടടാ' ആണു ഫേസ്‌ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചരിക്കുന്ന ലാൽ തമാശകളിലൊന്ന്. പരിപാടിക്കു കൊടുത്ത രണ്ടുകോടി രൂപ മാണിക്കു കൊടുത്തിരുന്നെങ്കിൽ പി.ജെ. ജോസഫിനെക്കൊണ്ടെങ്കിലും ഇതിലും നല്ല പാട്ടു പാടിക്കുമായിരുന്നു എന്നാണു മറ്റൊരു പോസ്റ്റ്. ഫഹദ് ഫാസിൽ പരിപാടി നടത്തിയാൽ ഫാസിസം, സന്തോഷ് പണ്ഡിറ്റ് പരിപാടി നടത്തിയാൽ പാണ്ടിസം എന്നിങ്ങനെ പല പോസ്റ്റുകളും ഇന്നലെ ഓൺലൈനിൽ വൈറലായി.

ആറാം തമ്പുരാനിലെ ഹിറ്റായ ഡയലോഗ് ചില ഫേസ്‌ബുക്ക് വിരുതന്മാർ മാറ്റിയെഴുതിയതിങ്ങനെ 'മോളു ഈ തിരുവന്തോം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം എന്നു കേട്ടിട്ടുണ്ടോ. തിരുവന്തോരം. ഇപ്പോൾ ട്രിവാൻഡ്രം. അവിടുത്തെ മൈതാനം സ്‌റ്റേഡിയം ലോകപ്രസിദ്ധമാണ്. ഓട്ടക്കാരും രാഷ്ട്രീയക്കാരും ജനങ്ങളും ഉള്ള കാര്യവട്ടത്തെ ഒരു സ്‌റ്റേഡിയം ഞാൻ ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്. ഒറ്റരാത്രി. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെ, കാരണവരെ ഒഴിപ്പിക്കുക എന്നുവച്ചാൽ ഒരു പാട്ടുപാടുന്ന അത്രയും ഈസിയായ ഒരു കാര്യമാണ്.'ലാലിസം സൂപ്പർസ്റ്റാറിന്റെ പേരുകളഞ്ഞു എന്നു പറഞ്ഞു സംവിധാകയകനായ ജൂഡ് ആന്റണി ജോസഫും വിനയനും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

'ഒരു രാജ്യത്തിന്റെ മുഴുവൻ കായിക മാമാങ്കം അരങ്ങേറുന്ന വേളയിൽ ഇങ്ങനെ റെക്കാഡ് ചെയ്ത പാട്ടിനു ചുണ്ട് അനക്കി ആസ്വാദകരെ മുഴുവൻ പറ്റിക്കുന്ന ഈ 'ഷോ' യെ ലാലിസം എന്നല്ല ഫാസിസം എന്നാണ് വിളിക്കേണ്ടത് ...ഒരിക്കലും ഒരു കലാകാരന് ചേർന്ന പണി അല്ല അത്...' ലാലിനെ പരിഹസിക്കുന്ന ഈ പോസ്റ്റുകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മോഹൻലാലിന്റെ ലാലിസത്തിനും ദി വാർ ക്രൈ പരിപാടിക്കുമായി സർക്കാർ പൊട്ടിച്ചത് രണ്ടു കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിന്റെ നിറം കെടുത്തിയ ലാലിസത്തിനു 1.80 കോടിരൂപയാണ് ചിലവഴിച്ചത്. അതിൽ 20 ലക്ഷം രൂപ പങ്കെടുത്തവരുടെ യാത്ര, താമസ ചെലവാണെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ പുറത്തുവന്നു. ഉദ്ഘാടന സമാപന ചടങ്ങുകളിലെ സാസ്‌കാരിക പരിപാടികൾക്ക് മാത്രം 15 കോടി രൂപയാണ് ചെലവാക്കുക എന്ന് രേഖകൾ വ്യക്തമാക്കുന്നു.

മോഹൻലാലിന്റെ പുതിയ ചിത്രമായ കുഞ്ഞാലിമരയ്ക്കാറുടെ പ്രചരണം മാത്രമായി ഒതുങ്ങിയ ദി വാർ ക്രൈ പരിപാടിക്ക് 20 ലക്ഷം രൂപ പൊട്ടിച്ചു. ഇതിൽ മോഹൻലാലിന്റെ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും വേദിയിൽ രണ്ട് നൃത്തം അവതരിപ്പിക്കുകയും മാത്രമാണ് ചെയ്തത്. എൽ.ഇ.ഡി, ലൈറ്റിങ് സംവിധാനങ്ങൾക്ക് അഞ്ച് കോടിയിലേറെ രൂപയാണ് ചെലവാക്കിയത്. അലങ്കാരത്തിന് 35 ലക്ഷം, ശബ്ദ സംവിധാനത്തിന് 0.87 കോടി, കരിമരുന്ന് പ്രയോഗത്തിന് 1.25 കോടി. 2300 മേളക്കാരും അതിലേറെ കലാകാരന്മാരും അണി നിരന്ന പകിട്ടാർന്ന ഭാവരസം എന്ന പരിപാടിക്ക് 1.69 കോടി രൂപ ചെലവാക്കി. മട്ടന്നൂർ ശങ്കരൻ കുട്ടിയും നൂറു പേരും ചേർന്നവതരിപ്പിച്ച ചെണ്ടമേളത്തിന് അഞ്ചര ലക്ഷം രൂപ പ്രതിഫലം നൽകി. കരുണാ മൂർത്തിയുടെ തവിൽ മേളത്തിന് 2.10 ലക്ഷം രൂപയും സംഗീത സംവിധായകൻ ശരത്തിന് എട്ട് ലക്ഷം രൂപയും പ്രതിഫലം നൽകി. ഇതിൽ ലാലിന്റെ പരിപാടി മാത്രമേ നിലവാരത്തിൽ പിന്നോട്ട് പോയതിന്റെ വിമർശനം നേരിടുന്നുള്ളൂ.

അതിനിടെ ദേശീയ ഗെയിംസ് സംഘാടനത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം കെമുരളീധരൻ പിൻവലിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇത്. ഗെയിംസ് സംഘാടനത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് മുരളീധരൻ രംഗത്ത് എത്തിയത്. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉന്നയിച്ച പ്രശ്‌നങ്ങൾ ഗെയിംസിന് ശേഷം പരിശോധിക്കാമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അക്രഡിറ്റേഷൻ കമ്മറ്റി അധ്യക്ഷൻ എന്ന പദവിയിൽ മുരളീധരൻ തുടരും.

അതിനിടെ ദേശീയ ഗെയിസ് ഉദ്ഘാടനത്തിന് ലാലിസത്തിന് സംഘാടകർ നൽകിയ പണം തിരികെ വാങ്ങണമെന്ന് കോൺഗ്രസ് വക്താവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വേദിയിൽ അവതരിപ്പിച്ചത് യഥാർത്ഥ ലാലിസമല്ലെന്നും അത് വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് ബാൻഡ് ട്രൂപ്പിന്റെ കോ ഓർഡിനേറ്റർ രതീഷ് വേഗ പറഞ്ഞത്. ജനങ്ങളെ മുഴുവൻ ലാലിസത്തിന്റെ പേരിൽ പറ്റിച്ചതിനു തെളിവാണത്. അതുകൊണ്ടാണ് പ്രതിഫലം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ടത്. വളരെ നിലവാരം കുറഞ്ഞ പരിപാടിയാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസിന്റെ 15.5 കോടി രൂപ മുടക്കിയ ഉദ്ഘാടനം വൻ ധൂർത്താണെന്നും കാണികളെ വിഡ്ഢികളാക്കിയെന്നും ഓർഗനൈസിങ് കമ്മിറ്റി അംഗമായ വി. ശിവൻകുട്ടി എംഎ!ൽഎയും പറഞ്ഞു. ഉദ്ഘാടനത്തിന് 15.5 കോടി ചെലവാക്കുന്നതിൽ മുഖ്യമന്ത്രിയും സിഇഒ ജേക്കബ് പുന്നൂസും നേരത്തേ സംശയം പ്രകടിപ്പിച്ചതാണ്. എന്നിട്ടും15.5 കോടി എങ്ങനെ ചെലവാക്കി. നാഷണൽ ഗെയിംസിലെ 611 കോടിയുടെ ചെലവിൽ ധൂർത്തും കെടുകാര്യസ്ഥതയുമാണ്. 1987 ലെ നാഷണൽ ഗെയിംസിന് ഒരു കോടി രൂപ സമാഹരിച്ചത് പി.ടി. ഉഷയുടെയും ഷൈനി വിൽസന്റെയും കൈയൊപ്പുള്ള സ്റ്റാമ്പ് വിദ്യാർത്ഥികൾ വഴി വിറ്റാണ്. നടൻ മോഹൻലാൽ പ്രതിഫലം വാങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നു. എങ്കിൽ ലാലിസം പരിപാടിയിൽ, റെക്കാഡ് ചെയ്ത പാട്ടിന് വേദിയിൽ ചുണ്ടനക്കിയതിന് ഒരു കോടി 80 ലക്ഷം രൂപ ആര് വാങ്ങിയെന്ന് മോഹൻലാൽ വ്യക്തമാക്കണമെന്ന് സിപിഐ(എം) നേതാവ് വ്യക്തമാക്കി.

ഒരു നർത്തകിയുടെ 45 മിനിട്ട് നൃത്തത്തിന് 25 ലക്ഷം രൂപ നൽകുന്നതും വിശദീകരിക്കണം. മോഹൻലാലിന് ഒരിക്കലും യേശുദാസോ മുഹമ്മദ് റാഫിയോ ജയചന്ദ്രനോ ആകാനാവില്ല. ലാലിസം തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഒഴിഞ്ഞു തുടങ്ങി. സച്ചിന്റെ സാന്നിദ്ധ്യം ഒരനുഭവമായിരുന്നു. ബാക്കിയെല്ലാം കാണികളെ വിഡ്ഢികളാക്കിയെന്നും ശിവൻകുട്ടി ആരോപിച്ചു. ചടങ്ങ് ജനങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു. അന്വേഷണമാവശ്യപ്പെട്ടു ഗെയിംസ് സിഇഒയ്ക്കു ശിവൻകുട്ടി കത്തു നൽകി.