സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുവാനുള്ള ശ്രമവുമായി സർക്കാർ മുൻപോട്ട് പോകുന്നതറിഞ്ഞ് കേരളം മുഴുവൻ അയ്യപ്പഭക്തർ രേഷാകുലരായി രംഗത്തിറങ്ങിയിരിക്കുകയാണ്. കാസർകോഡ് മുതൽ കന്യാകുമാരി വരെ എല്ലായടങ്ങളിലും സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന വലിയ ജനക്കൂട്ടം പ്രാർത്ഥനാ മന്ത്രങ്ങളുമായി നാമജപ ഘോഷയാത്രയുമായി തെരുവിലിറങ്ങിയിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പന്തളം കൊട്ടാരത്തിന്റെ ആഹ്വാനങ്ങൾ സ്വീകരിച്ചുകൊണ്ട് പന്തളം നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകൾ ഒഴുകിയെത്തിയപ്പോൾ മാത്രമാണ് കേരള സമൂഹം ഈ വിധിയുടേയും തുടർ നടപടിയുടേയും ഭവിഷ്യത്ത് ആദ്യം മനസിലാക്കുന്നത്. അന്ന് അതൊരു പ്രാദേശിക പ്രശ്‌നമായി കരുതി വാർത്ത തമസ്‌ക്കരിച്ച വാർത്തകളും ചാനലുകളും ഇന്ന് ഒന്നാം പേജിലും പ്രൈം ടൈമിലും ഈ വിഷയം കുത്തി നിറയ്‌ക്കേണ്ട സാഹചര്യത്തിലേക്ക് വളർന്നിരിക്കുന്നു.

അന്ന് പന്തളത്ത് ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ ഇതിന്റെ ആവേശം ചോരാതെ ഭക്ത ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം മറ്റ് മാധ്യമങ്ങൾ ഞങ്ങളുടെ പിന്നാലെ എത്തുന്നുവെന്ന അഭിമാനം കൂടിയുണ്ട്. ഇന്ന് ചങ്ങനാശേരി നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഭക്ത ജനങ്ങൾ നാമജപവുമായി ഘോഷയാത്ര നടത്തിയപ്പോൾ എല്ലാ മാധ്യമങ്ങളും ലൈവായി റിപ്പോർട്ട് ചെയ്തു എന്നത് മാത്രം മതി ഈ വിഷയത്തിന് ഇപ്പോൾ ഇവിടത്തെ മാധ്യമങ്ങളും പൊതു സമൂഹവും നൽകുന്ന സ്വീകാര്യത അളക്കാൻ. ഇതൊരു മതത്തിന്റെ പ്രശ്‌നമാണ് അല്ലെങ്കിൽ വർഗീയതയുടെ പ്രശ്‌നമാണെന്ന പിന്തിരിപ്പൻ നയത്തോട് കൂടി മാറി നിന്ന മാധ്യമങ്ങളൊക്കെ ഇന്ന് അയ്യപ്പ ഭക്തന്മാരുടെ രോഷവും വേദനയും മനസിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. വീണ്ടുമാവർത്തിക്കട്ടെ ഇത് കോടതിക്കെതിരെയുള്ള സമര പ്രഖ്യാപനമല്ല. കോടതിയുടെ മുൻപിൽ ലഭിച്ച തെളിവുകളുടേയും സാക്ഷികളുടേയും അടിസ്ഥാനത്തിൽ അവർ വിധി പറഞ്ഞതിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഇവിടെ പരമ്പരാഗതമായി ഒരു സമൂഹം വെച്ചു പുലർത്തുന്ന പാരമ്പര്യങ്ങളും ശീലങ്ങളും സംരക്ഷിക്കാനുള്ള അവകാശ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാൻ ഒരു കോടതിക്കും ഒരു ഭരണകൂടത്തിനും സാധിക്കുകയില്ല. തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന സമ്പ്രദായമാണ് നിർഭാഗ്യവശാൽ ഈ സർക്കാർ എടുത്തിരിക്കുന്നത്. ചങ്ങനാശേരിയിലും പന്തളത്തും കരുനാഗപ്പള്ളിയിലും വടക്കും നാഥന്റെ സന്നിധിയിലും ഒക്കെ ഒഴുകിയെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ വേദനയും കണ്ണുനീരും രോഷവും കണ്ടില്ലെന്ന് നടിക്കുവാൻ ഈ സർക്കാരിന് ഒരിക്കലും സാധിക്കുകയില്ല. അങ്ങനെ കണ്ടില്ലെന്ന് നടിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത് എങ്കിൽ അത് എവിടെ ചെന്ന് അവസാനിക്കുമെന്ന് ഊഹിക്കാനുള്ള ഉത്തരവാദിത്വം ക്രമസമാധാനങ്ങളുടെ ചുമതലയുള്ള സർക്കാർ എന്ന നിലയിൽ ഈ സർക്കാരിലെ മന്ത്രിമാർ തിരിച്ചറിയേണ്ടിയിരിക്കുന്നു.