കോട്ടയം: ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിൻ ജോസഫിന്റെ മരണം പൊലീസിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചുള്ള പ്രതിഷേധം ശക്തമാകുന്നു. പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതിഷേധം ശക്തമായത്.പരാതി നൽകിയ ഗാന്ധി നഗർ പൊലീസ് സ്‌റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സ്ഥലത്ത് സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ച് വിടാൻ ശ്രമിക്കുന്നതിനിടയിൽ കോട്ടയം എസ്‌പിക്ക് പ്രതിഷേധക്കാരുടെ കോടികൊണ്ടുള്ള അടിയേറ്റത്.

ദുരഭിമാന കൊലപാതകത്തെ തുടർന്നുള്ള പ്രതിഷേധം സ്റ്റേഷന് മുന്നിൽ സംഘാർഷാവസ്ഥയായി മാറുന്നതിനിടയിലാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി എത്തിയത്.പ്രതിപക്ഷ നോവ് രമേശ് ചെന്നിത്തലയും മുൻ ആഭ്യന്തര മന്ത്രി തുരുവഞ്ചൂരും സ്റ്റേഷന് മുന്നിൽ ഉണ്ട്. എസ്‌ഐ ഷിബുവിനെ അറസ്റ്റ് ചെയ്യുന്നത് വരെ കുത്തിയിരിപ്പ് സമരത്തിലാണ് തിരുവഞ്ചൂർ. പ്രതിപക്ഷ കക്ഷികൾ മുഴുവനും കോട്ടയം ഗാന്ധി നഗർ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘത്തോടെ തമ്പടിച്ചിരിക്കുന്നതാണ്. കോൺഗ്രസ് പ്രവർത്തകർക്ക് പുറമെ ബിജെപി എസ്ഡിപിഐ പ്രവർത്തകരും സ്റ്റേഷന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

കെവിന്റെ ദുരഭിമാനക്കൊലപാതകത്തിൽ പ്രതിഷേധം കത്തുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളുെ പ്രവർത്തകരും ഗാന്ധി നഗർ പൊലീസ് സ്റ്റേഷനു മുന്നിൽ രാവിലെ മുതൽ പ്രക്ഷോഭത്തിലാണ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എസ്ഐയെ അറസ്റ്റുചെയ്യുന്നതുവരെ അനിശ്ചിതകാല ഉപവാസമാരംഭിച്ചു. ബിജെപിയും സാംബവ-ചേരമർ സഭാംഗങ്ങളും തെരുവിലിറങ്ങി വമ്പിച്ച പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാളെ കോട്ടയം ജില്ലയിൽ ബിജെപിയും കോൺഗ്രസും ഹർത്താലിന് ആഹ്വാനം ചെയ്തു. അതേസമയം ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീക്കിനെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് ദുരഭിമാന കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിൽ കോൺഗ്രസും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെവിനെ തട്ടിക്കൊണ്ട് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നതുകൊല്ലം തെന്മലയില ഡിവൈഎഫ്‌ഐ നേതാവ് നിയാസാണ്.ഈ വാർത്ത പുറത്ത് വന്നതോടെയാണ് സിപിഎം പ്രതിരോധത്തിലാണ്.ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധധിക്കുമോ എന്ന ആശങ്കയും എൽഡിഎഫിന് ഉണ്ട്.

പൊലീസിന്റെ അനാസ്ഥയെ തുടർന്നുള്ള ദുരഭിമാന കൊലയാണ് ഇതെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാവുകയാണ്. താഴ്ന്ന ജാതിയിൽ പെട്ട യുവാവായ കെവിനെ നീനു എന്ന സാമ്പത്തികമായി മെച്ചപെട്ട നിലയിലുള്ള പെൺകുട്ടി വിവാഹം ചെയ്തതിനെതുടർന്നാണ് ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നത്. ഇന്നലെ പുലർച്ചയോടെയാണ് പെൺകുട്ടിയുടെ സഹോദരനും മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘവും ചേർന്ന് കെവിനെ കൊലപ്പടുത്തിയത്.

സംഭവത്തിൽ വീഴ്ചവരുത്തിയ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ എംഎസ് ഷിബുവിനേയും എഎസ്‌ഐ യേയും സസ്‌പെൻഡ് ചെയ്തു. കൂടാതെ കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. ഹരിശങ്കറാണ് പുതിയ കോട്ടയം എസ്‌പി. കെവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കെവിന്റെ മരണം കോട്ടയം ഡിവൈഎസ്‌പിയാകും അന്വേഷിക്കുക. പൊലീസിന്റെ വീഴ്ചയാണ് കെവിൻ മരണപ്പെടാൻ കാരണമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനാൽ വകുപ്പുതല നടപടികളും നിയമ നടപടികളും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പൊലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. 'ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം' എന്നാണ് എസ്‌ഐ പറഞ്ഞതെന്നാണ് റിപ്പോർട്ട്. പരാതി ലഭിച്ചയുടൻ അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.