ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിനിടെ കർഷകർക്കെതിരായ ഡൽഹി പൊലീസിന്റെ നടപടികളെ ലോക്സഭയിൽ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൊലീസിന് മറ്റു വഴികളില്ലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കണ്ണീർവാതകം, ജലപീരങ്കി, ബലപ്രയോഗം തുടങ്ങിയവ കർഷകർക്കെതിരെ ഉപയോഗിക്കുകയല്ലാതെ ഡൽഹി പൊലീസിന് മറ്റു വഴികളില്ലായിരുന്നു' പാർലമെന്റിൽ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി വിശദീകരിച്ചു.

കർഷകർ കലാപം നടത്തുകയും സർക്കാർ സ്വത്തുകൾ നശിപ്പിക്കുകയും ചെയ്തതിനാൽ ഡൽഹി പൊലീസിന് മറ്റു മാർഗങ്ങളില്ലായിരുന്നു. കർഷക പ്രതിഷേധത്തിൽ കോവിഡ് ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും മാസ്‌ക് പോലുമില്ലാതെ ആളുകൾ കൂട്ടംകൂടി നിൽക്കുകയാണെന്നും ഇതിലുണ്ട്.

പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ 2020 സെപ്റ്റംബർ-ഡിസംബർ മാസങ്ങൾക്കിടെ ഡൽഹി പൊലീസ് 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ആത്മഹത്യ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിനിടെ മരണമടഞ്ഞ കർഷകർക്ക് ഒരു വിധത്തിലുള്ള നഷ്ടപരിഹാരവും നൽകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി.