പാലക്കാട്: സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ച് പിൻവാങ്ങിയ കോഴിക്കോട് സ്വദേശിയും ഹയർ സെക്കൻഡറി അദ്ധ്യാപികയുമായ ബിന്ദു തങ്കം കല്യാണിക്കെതിരെ സ്ഥലം മാറിയെത്തിയ അട്ടപ്പാടിയിലും പ്രതിഷേധം. കനത്ത പൊലീസ് സുരക്ഷയിലാണ് തിങ്കളാഴ്ച അഗളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി ബിന്ദു ചുമതലയേറ്റത്. വിവരം പുറത്തു വന്നതോടെ ഒരു വിഭാഗം അയ്യപ്പസേവ സമിതി പ്രവർത്തകർ സ്‌കൂൾ പ്രവേശന കവാടത്തിൽ നാമജപം ചൊല്ലി പ്രതിഷേധിച്ചു.

അഗളി എസ്‌ഐ സുബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വൻ സുരക്ഷയൊരുക്കി. പ്രതിഷേധക്കാർ സ്‌കൂളിലെത്തി അധികൃതരുമായി ചർച്ച നടത്തി. കോഴിക്കോട് ചേവായൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു ബിന്ദു. നേരത്തെ ശബരിമല കയറാൻ തയാറായതിനെ തുടർന്ന് ഇവരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവർക്കെതിരെ സംഘ്പരിവാർ സംഘടനകൾ ചേവായൂർ സ്‌കൂളിലേക്കും വീട്ടിലേക്കും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അയ്യപ്പസേവക്കാർ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ബിന്ദു ആരോപിക്കുന്നുണ്ട്.

ക്ലാസിൽ ചെല്ലുമ്പോൾ വിദ്യാർത്ഥികൾ കൂക്കിവിളികളും ശരണം വിളികളുമായി ശല്യം ചെയ്യുകയാണ്. വിദ്യാർത്ഥികൾ ഇതെല്ലാം സ്വയം ചെയ്യുന്നതാണെന്ന് താൻ കരുതുന്നില്ലെന്ന് ബിന്ദു പറയുന്നു. പുറത്തു നിന്നുള്ളവരുടെ പ്രേരണയാലായിരിക്കണം കുട്ടികൾ ഇങ്ങനെ ചെയ്യുന്നത്. ഇതു സംബന്ധിച്ച് കുട്ടികളുമായി താൻ സംസാരിച്ചെന്നും സമാധാനപരമായ അന്തരീക്ഷം സ്‌കൂളിൽ ആവശ്യമാണെന്ന് അവരെ അറിയിച്ചുവെന്നും ബിന്ദു കല്യാണി വ്യക്തമാക്കി. സ്‌കൂളിലും ക്ലാസ് മുറിയിലും സമാധാനാന്തരീക്ഷം നിലനിർത്താൻ പ്രിൻസിപ്പാളും പിടിഎയും അടിയന്തരമായി ഇടപെടണമെന്ന് ഇവർ സ്‌കൂളധികൃതർക്ക് നൽകിയ തന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

12 അദ്ധ്യാപകർക്കാണ് അഗളി ഗവ. സ്‌കൂളിൽ നിന്ന് ഇത്തവണ സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഇവർക്ക് പകരമായി ഏഴ് അദ്ധ്യാപകർ ജോലിക്കെത്തി. ബാക്കിയുള്ളവർ രണ്ടാം തീയതിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കും. സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപിക സ്‌കൂളിലെത്തി ജോലിയിൽ പ്രവേശിക്കുക മാത്രമാണ് ഉണ്ടായതെന്നും അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.

തനിക്ക് നേരിട്ട അക്രമം വിശദീകരിച്ച് ബിന്ദു ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം:

അഗളി സ്‌കൂളിൽ ഇന്നലെ Join ചെയ്യുന്നതറിഞ്ഞ് തെറിപ്പാട്ടും നാമജപവുമായി എത്തിയവർ ഇന്നലെ മുതൽ കുട്ടികളെ ഉപയോഗിച്ചാണ് കൂകിവിളിക്കലും ശരണം വിളിയും (തെറിപ്പാട്ട് പോലെ).. ക്ലാസിനു പുറത്തും അകത്തും ശരണം വിളികൾ.. സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയാൽ, വരാന്തയിലൂടെ നടന്നാൽ ഒക്കെ അസഹനീയമായ തെറി വിളിപോലെ ശരണം വിളി.. പ്രിൻസിപ്പാളിനും PTA ക്കും പരാതി നൽകി.. ഗേറ്റിലെ നാമജപക്കാർ ശരണം വിളിക്കിടയിലൂടെ പറഞ്ഞത് കണ്ട വേശ്യകളെയൊന്നും ഇവിടെ പഠിപ്പിക്കാൻ സമ്മതിക്കില്ല എന്നാണ്.. പിന്നെ ചിലരുടെ സംശയം അവളേത് ജാതിയാണെന്നായിരുന്നു.. പട്ടികജാതിക്കാരിയാണെന്ന് മറ്റൊരു ഭക്തൻ ക്ലിയർ ചെയ്തു.. അപ്പോ അവളുമാരൊക്കെ അഴിഞ്ഞാടി നടക്കുന്നവരല്ലേ പിന്നെ നാണോം മാനോം ഇല്ലല്ലോയെന്ന് മറ്റേ ഭക്തൻ.. കുറേ ലവന്മാർ കേറിയിറങ്ങിയിട്ടും അവൾക്ക് കഴപ്പ് തീർന്നിട്ടില്ലാ അതാ ശബരിമലക്ക് പോയതെന്ന് മൂത്ത ഭക്തൻ.. (അതിനാണ് പെണ്ണുങ്ങൾ ശബരിമലക്ക് പോയതെന്ന് ഞാനിപ്പഴാ അറിഞ്ഞേ.. ക്ഷമിക്കണം ഇതറിഞ്ഞാ പോവില്ലാരുന്നു.. കാരണം അയ്യപ്പൻ ബ്രഹ്മചാരിയാണെന്ന് എനിക്കറിയാല്ലോ) ഇനി ഭക്തന്മാരെ നിങ്ങൾ കണ്ടില്ലാന്ന് വേണ്ട.. ദാ പിടിച്ചോ ഫോട്ടം