കോഴിക്കോട്: വർഗ്ഗീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച് ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഹനുമാൻ സേന ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ എൺപത്തിയേഴ് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഫെഡറേഷൻ ഓഫ് ഹിന്ദു ഓർഗനൈസേഷൻസ് നേതൃത്വ കൺവെൻഷനിൽ പങ്കെടുത്താണ് സുധാകരൻ സംസാരിച്ചത്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അതിതീവ്രമായി ചിന്തിക്കുന്ന സംഘടനകൾ കോഴിക്കോട് യോഗം ചേർന്നത്.

യു ഡി എഫ് അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിൽ ഭരണഘടനാ ഭേദഗതി ചെയ്ത് ഓർഡിനൻസ് കൊണ്ടുവരുമെന്ന് ചടങ്ങിൽ സുധാകരൻ പറഞ്ഞു. സർക്കാർ ഖജനാവിൽ നിന്നും ഫണ്ട് ദുരുപയോഗം ചെയ്താണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്ന് കൺവെൻഷനിൽ അദ്ദഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെയും കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതികളിലെ വനിതാ പ്രവർത്തകരെയും ഭീഷണിപ്പെടുത്തിയാണ് മതിൽ സംഘടിപ്പിക്കുന്നതെന്നടക്കമുള്ള വാസ്തവിരുദ്ധമായ കാര്യങ്ങളാണ് കൺവെൻഷൻ ഉയർത്തിയത്. ചുംബന സമരത്തെ ക്രൂരമായ അക്രമത്തിലൂടെ നേരിട്ടും സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി അക്രമങ്ങൾ നടത്തിയും കുപ്രസിദ്ധി നേടിയ സംഘടനയാണ് ഹനുമാൻ സേന. ഫ്ളാറ്റ് മുതലാളിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി പണം ചോദിച്ച സംഭവം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഈ സംഘടന അകപ്പെട്ടിട്ടുണ്ട്. ക്ഷേത്രങ്ങളുടെയും മറ്റും പേരിലും സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങൾക്ക് സംഘടന പലവട്ടം ശ്രമം നടത്തിയിട്ടുണ്ട്. ഇത്തരമൊരു സംഘടനയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് സുധാകരൻ എന്തിന് പോയി എന്ന ചോദ്യമാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്.

ശബരിമല വിഷയത്തിൽ കോൺഗ്രസിൽ ഏറ്റവും കൂടുതൽ തീവ്ര നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവാണ് കെ സുധാകരൻ. പാർട്ടിയെ തന്നെ ഇക്കാര്യത്തിൽ ബിജെപിയേക്കാളും തീവ്രമായ നിലപാടുകളിലേക്ക് എത്തിച്ചതും സുധാകരനാണെന്ന് ഒരു വിഭാഗത്തിന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. സുധാകരൻ നയിച്ച വിശ്വാസ സംരക്ഷണ യാത്ര ഉൾപ്പെടെ പൊതുസമൂഹത്തിന്റെ ഇടയിൽ കോൺഗ്രസിന്റെ മതേതര മുഖത്തിന് കോട്ടം തട്ടാൻ കാരണമായതായി പ്രവർത്തകരും നേതാക്കളും നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ തന്റെ നിലപാടുകളിൽ നിന്ന് ഒട്ടും മാറാതെ കൂടുതൽ വർഗ്ഗീയ നിലപാടുകളുള്ള സംഘടനകളുടെ പരിപാടിയിൽ ഉൾപ്പെടെ പോയി അവരുടെ പ്രിയം നേടിയെടുക്കുകയാണ് സുധാകരനെന്നാണ് ആക്ഷേപം ശക്തമായത്. ക്വട്ടേഷനുകളുമായി മുന്നോട്ട് പോവുന്ന സംഘടനയുടെ പരിപാടിയുമായി സഹകരിച്ച സുധാകരനെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും ആവശ്യം ഉയരുന്നുണ്ട്.

കോഴിക്കോട് നടന്ന പരിപാടിയിൽ ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലനാണ് അധ്യക്ഷത വഹിച്ചത്. ശബരിമല വിഷയത്തിൽ നേരത്തെ ഹർത്താൽ ഉൾപ്പെടെ ആഹ്വാനം ചെയ്ത അയ്യപ്പ ധർമ്മ സേനാ സംഘം ജനറൽ സെക്രട്ടറി ഷെല്ലി രാമൻ പുരോഹിത് മുഖ്യപ്രഭാഷണം നടത്തി. വിശാല വിശ്വകർമ്മ ഐക്യവേദി, എഴുത്തച്ഛൻ സമാജം, മുന്നോക്ക വിഭാഗം സംരക്ഷണ സമിതി, സാധുജനപരിഷത്ത്, തിയ്യ മഹാസഭ, ആചാരസംരക്ഷണ സമിതി, സമസ്ത നായർ സഭ, അയ്യപ്പ ധർമ്മ സേന തുടങ്ങിയ നിരവധി ജാത-മത സംഘടനകളും പരിപാടിയുമായി സഹകരിച്ചിരുന്നു.