- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടി വച്ചുകൊന്നാലും മാറില്ലെന്ന് പറഞ്ഞ് തന്റേടത്തോടെ സ്ത്രീകളും കുട്ടികളും; മണ്ണെണ്ണ കുപ്പികളുമായി വീട്ടമ്മമാർ; അമ്മമാരെ പൊലീസ് വലിച്ചിഴയ്ക്കുമ്പോൾ വാവിട്ട് നിലവിളിക്കുന്ന കുഞ്ഞുങ്ങൾ; കല്ലുകൾ പിഴുതുമാറ്റി സിൽവർ ലൈനിന് എതിരെ കേരളത്തിൽ സമാനതകൾ ഇല്ലാത്ത പ്രതിഷേധം
തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം കടുക്കുകയാണ്. മാടപ്പള്ളിയിലും കല്ലായിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ തിരൂർ വെങ്ങാനൂരിലും, ചോറ്റാനിക്കരയിലും ആവർത്തിച്ചു. സ്ത്രീകളടക്കം, കല്ലുകൾ പിഴുതുമാറ്റി. പൊലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ വെങ്ങാനൂർ ജുമാ മസ്ജിദിന്റെ പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കി. പള്ളി പറമ്പിൽ കല്ലിടുന്നത് ഒഴിവാക്കിയെങ്കിലും പൊലീസ് സഹായത്തോടെ വീടുകളുടെ പറമ്പിൽ കല്ലിടുന്നത് തുടർന്നു. എന്നാൽ ഈ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു.
കല്ലിടലിന് എതിരെ വീട്ടമ്മമ്മാരും കുട്ടികളും അടക്കം രംഗത്തിറങ്ങിയതോടെ പ്രതിഷേധത്തിന്റെ സ്വഭാവം മാറി. കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചതിന് സമാനമായ രംഗങ്ങളാണ് മലപ്പുറത്തുമുണ്ടായത്. ചോറ്റാനിക്കരയിലും പ്രതിഷേധം ഉയർന്നു. സമരസജ്ജരായി ജനം അണിനിരന്നതോടെ പ്രതിഷേധം ഭയന്ന് സർവെ അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി. അതിനാൽ ശനിയാഴ്ച എറണാകുളത്ത് സർവെ ഉണ്ടാകില്ല. യുഡിഎഫ് നേതാക്കളും സമരമുഖത്ത് അണിനിരന്നതോടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇവിടെ കെ-റെയിൽ ഉദ്യോഗസ്ഥർ നാട്ടിയ കല്ല് പിഴുത് തോട്ടിലെറിഞ്ഞു.
അയ്യോ...അമ്മയെ കൊണ്ടുപോകരുതേ
ചങ്ങനാശേരി മാടപ്പള്ളിയിൽ കഴിഞ്ഞ ദിവസം കെ-റെയിൽ വിരുദ്ധസമിതിയുടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. മാടപ്പള്ളി റീത്തുപള്ളിയിലും സമീപത്തും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാൻ വൻപൊലീസ് സന്നാഹമായിരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ എല്ലാവരും പിരിഞ്ഞുപോയില്ലെങ്കിൽ കേസെടുക്കുമെന്ന് ഡിവൈ.എസ്പി പറഞ്ഞതോടെ മുദ്രാവാക്യം വിളിയായി. രണ്ടുമൂന്നു വീട്ടമ്മമാർ മണ്ണെണ്ണ കുപ്പികളുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് നടപടി ആരംഭിച്ചു. സ്ത്രീകളെയുൾപ്പെടെ നിലത്ത് വലിച്ചിഴച്ചു. പലരും നിലത്തുവീണു. ചിലർക്ക് പൊലീസിന്റെ ചവിട്ടേറ്റു. സ്ത്രീകളെയും കുട്ടികളെയും പുരുഷ പൊലീസുകാർ ചവിട്ടിയതായും ആക്ഷേപം ഉയർന്നു.
പൊലീസ് അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട കുട്ടി നിലവിളിച്ചു. പൊലീസ് മർദനത്തിൽ അമ്മയുടെ ശരീരത്തിൽനിന്ന് രക്തം വരുന്നതുകണ്ടാണ് കുട്ടി നിലവിളിച്ചത്. മുതിർന്ന സ്ത്രീകളെത്തി കുട്ടിയെ സമാധാനിപ്പിച്ചു. അങ്ങനെ ആകെ നാടകീയ രംഗങ്ങൾ.
പിറ്റേന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ചങ്ങനാശേരി മാടപ്പള്ളിയിലെത്തി. സിൽവർലൈൻ വിരുദ്ധസമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സന്ദർശനം. അതിനിടെ, പൊലീസ് സംരക്ഷണയിൽ സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞ് സമരക്കാരും പ്രതിഷേധം ശക്തമാക്കി.
ചങ്ങനാശേരിയിലും കല്ലായിയിലും കല്ലുകൾ പിഴുതുമാറ്റി. പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരി മാടപ്പള്ളിയിൽ ഹർത്താലിന്റെ ഭാഗമായി വൻ പ്രതിഷേധ മാർച്ച് നടന്നു. മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.
വെടിവച്ചുകൊന്നാലും മാറില്ല
മാടപ്പള്ളിക്ക് പിന്നാലെ ഇന്നലെ കല്ലായിയിലായിരുന്നു കടുത്ത പ്രതിഷേധം. വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.
ഉന്തും തള്ളിലും സ്ത്രീകൾക്ക് ഉൾപ്പെടെ പരിക്കേറ്റു. പുരുഷ പൊലീസ് ലാത്തി വച്ച് കുത്തിയെന്ന് പ്രതിഷേധത്തിനെത്തിയ സ്ത്രീകൾ ആരോപിക്കുന്നു. കടുത്ത പ്രതിഷേധത്തിനിടയിലും ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു. പിന്നീട് അവ പിഴുതുമാറ്റി.
സമരം ഏറ്റെടുത്ത് യുഡിഎഫ്
നിയമസഭാ സമ്മേളനം തീർന്നതോടെ സിൽവർ ലൈൻ സമരം സർക്കാറിനെതിരെ സജീവമായി ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. മുതിർന്ന നേതാക്കൾ തന്നെ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരത്തിന് നേതൃത്വം നൽകുന്നു. കെ റെയിൽ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്. അതിരടയാള കല്ലുകൾ ഇനിയും പിഴുതെറിയുമെന്നും സതീശൻ വ്യക്തമാക്കി.
കോൺഗ്രസ് മാത്രമല്ല ബിജെപിയും സിൽവർലൈനിൽ കടുപ്പിക്കുകയാണ്. കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് കല്ലിടാൻ വന്നാൽ പ്രതിരോധിക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം കോൺഗ്രസ്സും ബിജെപിയും എസ്ഡിപിഐയും വികസനം തടയാൻ കൈകോർക്കുന്നു എന്ന ആക്ഷേപം ആവർത്തിച്ചാണ് സിപിഎം പ്രതിരോധം. എന്നാൽ ജനകീയ സമരം ഏറ്റെടുത്ത് മുന്നോട്ട് പോകാൻ തന്നെ പ്രതിപക്ഷം തീരുമാനിക്കുമ്പോൾ വരും ദിവസങ്ങളിൽ രാഷ്ട്രീയപ്പോര് കടുക്കും.
പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിൽ ഒതുങ്ങില്ലെന്ന് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്ന് പിണറായി ആവർത്തിച്ചു. ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്.
നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയ സമരത്തിന് യുഡിഎഫ് സംസ്ഥാന വ്യാപകമായി പൂർണ്ണ പിന്തുണ നൽകുമ്പോഴും മുഖ്യമന്ത്രി ഒരിഞ്ചും പിന്നോട്ടില്ലെന്ന് വ്യക്തമാണ്.
കലാപ ഭൂമി ആക്കാൻ ശ്രമമെന്ന് കോടിയേരി
കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
കെ-റെയിലിനെ എതിർക്കുന്നതോടെ വികസനത്തിന് തുരങ്കം വെക്കുകയാണ് പ്രതിപക്ഷം. പദ്ധതിക്ക് അനുകൂലമായി ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകും. നശീകരണ രീതിയിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നും കോടിയേരി വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ