തിരുവനന്തപുരം: പുനഃസംഘടനയെ തുടർന്ന് സംസ്ഥാന ബിജെപിയിൽ ഉടലെടുത്തിരിക്കുന്ന പ്രശ്നം അതീവ ഗൗരവമെന്ന് സൂചന. നാല് നേതാക്കൾ ഔദ്യോഗിക ചാനൽ ചർച്ചാ ഗ്രൂപ്പിൽ നിന്ന് പുറത്തുപോയെന്നാണ് വിവരം. പികെ കൃഷ്ണദാസ്, എംടി രമേശ്, എ എൻ രാധാകൃഷ്ണൻ, എം എസ് കുമാർ എന്നിവരാണ് വാട്ട്സാപ്പ് ഗ്രൂപ്പ് വിട്ടത്. പുനഃസംഘടനയെ തുടർന്ന് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധി കാരണം. 

പുനഃസംഘടനയിലെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിആർ ശിവശങ്കറിനെ ചാനൽ ചർച്ചയ്ക്കുള്ള പാനലിൽ നിന്ന് ഒഴിവാക്കിയതും പാർട്ടിയിൽ ഒരു വിഭാഗത്തിനിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതൃപ്തികളെല്ലാം വിരൽ ചൂണ്ടുന്നത് കെ സുരേന്ദ്രന്റെ ഏകപക്ഷീയമായ നിലപാടുകളിലേക്കാണ്.

ശോഭാ സുരേന്ദ്രനെ ഒതുക്കാൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നുവെന്ന് ദീർഘകാലമായി നിലനിൽക്കുന്ന ആരോപണമാണ്. ഇതിൽ പാർട്ടി ഔദ്യോഗികമായൊന്നും പ്രതികരിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർമിപ്പിച്ചാണ് ശോഭയുടെ വിമർശനം.

ഇതുവരെ ഒരു പദവികൾക്കു പിന്നാലെയും പോയിട്ടില്ല. പദവികളിലേക്കുള്ള പടികൾ തന്നെ പ്രലോഭിപ്പിച്ചിട്ടുമില്ല. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് നിരവധി മഹദ് വ്യക്തികൾ തെളിയിച്ചതാണെന്നും ശോഭ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

ശോഭയടക്കമുള്ള സംസ്ഥാന നേതാക്കളിൽ പലരും നേതൃത്വവുമായി ഉടക്കിനിൽക്കുകയാണ്. മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീറും നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നു നസീറിനെ സസ്‌പെൻഡ് ചെയ്തതായി നേതൃത്വം പ്രഖ്യാപിച്ചു. ഇതോടൊപ്പം സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലിനെയും സസ്‌പെൻഡ് ചെയ്തു.

കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയതിനു പിന്നാലെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ശോഭയെ മാറ്റി പ്രാധാന്യം കുറഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയത്. ഇതോടെ പാർട്ടിയുടെ ഉയർന്ന സംവിധാനമായ കോർ കമ്മിറ്റിയിലെ അംഗത്വവും അവർക്കു നഷ്ടമായി.

സംസ്ഥാന പ്രസിഡന്റ്, മുൻ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയാണ് കോർ കമ്മിറ്റി. ഇതിനെത്തുടർന്നു കടുത്ത പ്രതിഷേധത്തിലായിരുന്ന ശോഭ ബിജെപിയുടെ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.

പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപി നേതാക്കൾ രാജിവച്ചിരുന്നു. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ബി. മദൻലാൽ ഉൾപ്പടെ പതിമൂന്നംഗ കമ്മിറ്റിയാണ് രാജിവച്ചത്.

വയനാട് ബിജെപിയിൽ ആഭ്യന്തര കലഹം മുറുകുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതിൽ അതൃപ്തി പരസ്യമാക്കിയാണ് നേതാക്കൾ രംഗത്തെത്തിയത്. കെ.പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് ഒരു വിഭാഗം വിട്ടുനിന്നിരുന്നു.

പരസ്യപ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെയാണ് വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതൽ രൂക്ഷമാകുന്നത്. കെ.സുരേന്ദ്രൻ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി.മധുവിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്കുള്ളിൽ ആരോപണ വിധേയനാണ് കെ.പി മധു. സ്ഥാനാരോഹണ ചടങ്ങിൽ വിയോജിപ്പ് പരസ്യമാക്കി മുൻ അധ്യക്ഷൻ രംഗത്തെത്തി.

തനിക്കെതിരെയുള്ള പ്രതിഷേധം സംസ്ഥാന അധ്യക്ഷനെ ലക്ഷ്യമിട്ടാണെന്ന് പുതിയ പ്രസിഡന്റ് കെ.പി മധു പറഞ്ഞു. കെ.പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന് യുവമോർച്ചയുടെയും മഹിളമോർച്ചയിലെയും ഭൂരിഭാഗം നേതാക്കളും വിട്ടുനിന്നു. പുനഃസംഘടനയിൽ പ്രതിഷേധിച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച കെ.ബി മദൻലാലിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

പികെ കൃഷ്ണദാസിനും സംസ്ഥാന അധ്യക്ഷനോട് അതൃപ്തിയാണ് ഉള്ളത്. ഇത് ഗൗരവകരമായി കാണാൻ കേന്ദ്ര നേതൃത്വം തയ്യാറാവാതിരുന്നത് കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിച്ചു. കേരളാ നിയമസഭയിൽ അംഗസംഖ്യ പൂജ്യമാക്കിയത് സുരേന്ദ്രനാണെന്ന് പലർക്കും വിമർശനമുണ്ട്.

പിആർ ശിവശങ്കറിനെ ചാനൽ ചർച്ചയ്ക്കുള്ള പാനലിൽ നിന്ന് ഒഴിവാക്കിയത് മറയാക്കി പുതിയ നീക്കങ്ങൾ നടത്താനാണ് എംടി രമേശ്, എംഎസ് കുമാർ, എഎൻ രാധാകൃഷ്ണൻ, പികെ കൃഷ്ണദാസ് എന്നിവർ ശ്രമിക്കുന്നത്.

ആഭ്യന്തര കലഹം രൂക്ഷമാണെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സുരേന്ദ്രനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തുകയുമാണ് ഇതുവഴി നാലുപേരും ലക്ഷ്യമാക്കുന്നകെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്റെ പിന്തുണയും മുതിർന്ന നേതാക്കൾക്ക് ലഭിക്കും.