അടിമാലി: മാങ്കുളത്തെ വൈദ്യുത വകുപ്പിന്റെ നിർദ്ദിഷ്ട വൈദ്യുത പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം. പദ്ധതി തലയ്ക്കു മേലെ നിൽക്കുന്ന ജല ബോംബാണെന്നും ഇത് നാടിനെയാകെ നശിപ്പിക്കുന്നതിനുപോലും സാധ്യതയുണ്ടെന്നുമാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാരനും കർഷകരുടെ കൂട്ടായ്മയായ കിഫയുടെ സംസ്ഥാന കമ്മറ്റി അംഗവുമായ ബിജു മൈലാക്കൽ മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചിരുന്നു.

കത്തിലെ പ്രധാന സൂചനകൾ ചുവടെ..

മാങ്കുളത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന വളരെയേറെ പ്രാധാന്യമുള്ള വെള്ളത്താൽ മൂടിക്കളയുന്ന നിർദ്ദിഷ്ട ഡാം മാങ്കുളത്തെ സംബന്ധിച്ച് ഏറെ ആപൽക്കരമാണ്. കർഷകനെ അനാവശ്യ നിയമത്തിന്റെ കെട്ടുപാടുകളിൽ കുരുക്കിയിടുന്ന പരിസ്ഥിതി ദുർബല പ്രദേശം എന്ന് നിശ്ചയിച്ചിട്ടുള്ള പശ്ചിമഘട്ടത്തിലാണ് ഈ ഡാം വരുന്നത് എന്നത് ഏറെ ഗൗരവമുള്ളതാണ്.

വനത്താൽ ചുറ്റപ്പെട്ട മാങ്കുളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ തന്നെ വന്യമൃഗശല്യം അതിരൂക്ഷമാണ്.ഇപ്പോൾ ഡാം നിർമ്മിക്കുന്നതിന് 500 മീറ്ററിനുള്ളിൽ ആനയും കാട്ടുപോത്തും സ്ഥിര സാന്നിധ്യമാണ്. ഡാമിൽ വെള്ളം നിറയുന്നതോടെ മൃഗങ്ങൾ ഡാമിലേക്ക് ആകർഷിക്കപ്പെടുകയും തികച്ചും കാർഷിക ഗ്രാമമായ മാങ്കുളത്ത് ജനങ്ങളുടെ അധിവാസം സാധ്യമാവാതെ വരികയും ചെയ്യും.

ജനവാസ മേഖലയ്ക്കുള്ളിൽ ഈ പദ്ധതി ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നോ അതിനുള്ള പരിഹാരമെന്തെന്നോ ഉള്ള യാതൊരു പഠനവും നടത്താതെ, രാജ്യത്ത് നിലവിലുള്ള ഭൂമിയേറ്റെടുക്കൽ നിയമമനുസരിച്ച് ആവശമായ നഷടപരിഹാരം നല്കാൻ തയ്യാറാകാതെ, കെ എസ് ഇ ബി നിയമ ധ്വംസനത്തെ ശക്തമായി എതിർക്കേണ്ടതാണ് എന്ന വസ്തുത താങ്കളെ ഓർമ്മിപ്പിക്കട്ടെ .

പദ്ധതി നടപ്പിലാവുന്നതോടെ മാങ്കുളം പുഴ മാത്രമല്ല നല്ല തണ്ണി പുഴയും തങ്ങൾക്ക് നഷ്ടമാവുമെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ.പദ്ധതിയുടെ ഡാം തങ്ങളുടെ തലയ്ക്ക് മുകളിലെ ജല ബോംബാവും എന്ന ഭീതിയും പെരുമ്പാൻകുത്ത്, ആറാം മൈൽ ആനക്കുളം നിവാസികൾക്കുണ്ട്.പദ്ധതി മൂലം മാങ്കുളം എന്ന ഗ്രാമം തന്നെ ഇല്ലാതായേക്കാമെന്നും ഇവർ ഭയപ്പെടുന്നു.

പദ്ധതിയുടെ പ്രൊജക്ട് ഓഫീസ് പ്രവർത്തനം ധൂർത്തിന്റെ പര്യായായമായി മറിയെന്നും ഇതുമൂലം സർക്കാരിന് കനത്ത സാമ്പത്തീക നഷ്ടം ഉണ്ടാവുന്നുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.15 വർഷമായി പദ്ധതിയുടെ പ്രോജക്ട് ഓഫീസ് പ്രവർത്തിക്കുന്നുണ്ട്.15 ജീവനക്കാർ ഇവിടേയ്ക്ക് നിയമയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ അറിവ്.ഇവരിൽ പലരും വല്ലപ്പോഴുമെ ഓഫീസിലെത്താറുള്ളു എന്നും ഓഫീസ് പ്രവർത്തനത്തിന് എന്ന പേരിൽ വർഷം തോറും വൻതുക സർക്കാർ ചെലവാക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കൽ ജോലിക്കാണ് പ്രധാനമായും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്.100 ഏക്കറിൽ താഴെ ഭൂമി ഏറ്റെടുക്കാൻ 60 കോടിയിൽപ്പരം രൂപ ചെലവായതായിട്ടാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും വൻ തട്ടിപ്പാണ് ഇതിന്റെ പേരിൽ നടന്നിട്ടുള്ളതെന്നും പദ്ധതിക്കെതിരെ രംഗത്തുള്ള നാട്ടുകാരും കർഷക സംഘടന പ്രതിനിധികളും ആരോപിച്ചു.

ഏറ്റെടുത്ത കെട്ടിടങ്ങളിൽ ചിലത് 10 വർഷം പോലും പഴക്കമില്ലാത്തതായിരുന്നെന്നും ഇത് പൊളിച്ചുമാറ്റിയെന്നും നിർമ്മാണ സമയത്ത് ജോലിക്കാർക്കും മേൽനോട്ടക്കാർക്കും താമസിക്കാൻ പൂതിയ കെട്ടിടങ്ങൾ നിർമ്മിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും പുതിയ നിർമ്മാണ പ്രവർത്തനത്തിൽ പേരിൽ വൻതുക കീശയിലാക്കുന്നതിനുള്ള ഉദ്യോഗസ്ഥ- കരാർ ലോബിയുടെ ചരടുവലികളാണ് ഇത് പിന്നിലുണ്ടായതെന്നുമാണ് മറ്റൊരാരോപണം.

മേലാച്ചേരിയാർ ഉൽവിക്കുന്നത് ലക്ഷ്മി എസ്റ്റേറ്റിലെ ചപ്പകുളത്തുനിന്നുമാണ്.അവിടെ നിന്നും അനക്കുളം വരെ ഉള്ള ഹെഡ് 1000 അടിയാണ്. 15 കിലോമീറ്ററിൽ 1000 അടി ഹെഡിൽ മാങ്കുളം പുഴയിലെ വെള്ളം ഉപയോഗിച്ചാൽ 40 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാം.ഡാം വേണ്ട ,ടണൽ വേണ്ട., ഭൂമി ഏറ്റെടുക്കേണ്ട. ആകെ ചെലവ് ഒരു 50-100 കോടിയിൽ ഒതുങ്ങുകയും ചെയ്യും.എന്തു കൊണ്ട് ഇത്തരത്തിൽ ഒരു ആലോചന വൈദ്യുത വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല..നാട്ടുകാർ ചോദിക്കുന്നു.

കേരളത്തിന്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായതാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ നിർമ്മാണ ഉൽഘാടനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി പദ്ധതിയുടെ വിവധ വശങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്.കുറിപ്പിന്റെ പ്രധാന ഭാഗങ്ങൾ ചുവടെ:

പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണമാണ് ആരംഭിക്കുന്നത് അതോടൊപ്പം പുനരധിവാസ പാക്കേജിന്റെ ഭാഗമായി സ്ഥാപിച്ച വ്യാപാര സമുച്ചയവും കൈമാറുന്നു.കേരളത്തിന്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതി. 80.13 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ നിർമ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടർ വനഭൂമിയും 15.16 ഹെക്ടർ നദീതടവുമാണ്. പദ്ധതിക്ക് ആവശ്യമായ 52.94 ഹെക്ടർ സ്വകാര്യ ഭൂമിയിൽ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിച്ചത് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. 140 വ്യക്തികളിൽ നിന്നും 61 കോടി രൂപയ്ക്കാണ് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുത്തത്.

പദ്ധതി നടപ്പാക്കുന്നത് മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരസ്ഥാപന ഉടമകളെയും തൊഴിൽ നഷ്ടപ്പെടുന്നവരെയും പുനരധവസിപ്പിക്കുന്നതിനായാണ് 714.56 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വ്യാപാര സമുച്ചയം 2 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത്.

പദ്ധതിയുടെ നിർമ്മാണത്തിനു വേണ്ട 3.439 ഹെക്ടർ സ്ഥലം കുറത്തിക്കുടി ആദിവാസി സെറ്റിൽമെന്റിൽ നിന്നാണ് ഏറ്റെടുത്തത്. ആറ് ആദിവാസി കുടുംബങ്ങളുടെ ഭൂമിയും ഭവനവുമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തിട്ടുള്ളത്. നാലു പേരുടെ ഭൂമി ഭാഗികമായി ഏറ്റെടുത്തിട്ടുണ്ട്. ഭാഗികമായി സ്ഥലം നഷ്ടപ്പെട്ടവർക്ക് മികച്ച നഷ്ടപരിഹാരം നൽകുകയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പ്രത്യേക സ്ഥലം കണ്ടെത്തി അവിടെ വീടുവെച്ച് നൽകുകയും ചെയ്തു.

ഇതുകൂടാതെ, പദ്ധതിക്കു വേണ്ടി ഭൂമി നൽകിയവരിൽ മാങ്കുളം പഞ്ചായത്തിൽ മറ്റു ഭൂമികൾ കൈവശമില്ലാത്തവരും വാർഷിക വരുമാനം 75,000 രൂപയിൽ താഴെയുള്ളവരുമായവർക്ക് ഇടുക്കി ജില്ലയിൽ തന്നെ ആനച്ചാലിൽ 3 സെന്റ് ഭൂമി വീതം നൽകാനും സാധിച്ചു.
വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുവാൻ സഹകരിക്കുന്ന എല്ലാവരെയും ചേർത്തുപിടിച്ചാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത് എന്നതിന്റെ വലിയ ദൃഷ്ടാന്തമാണീ പദ്ധതി. സ്ഥലം വിട്ടുനൽകിയ ആദിവാസി സമൂഹത്തിൽപ്പെട്ടവർക്കും മറ്റു പ്രദേശവാസികൾക്കും വ്യാപാരികൾക്കും അഭിനന്ദനങ്ങൾ...!പിണറായി വിജയൻ.