തിരുവനന്തപുരം: മീഡിയ വൺ ചാനലിൽ തൊഴിൽ പീഡനവും മാനസിക പീഡനവും തുടർക്കഥയാവുകയാണ്. തൊഴിൽ-മാനസിക പീഡനങ്ങൾ നേരിട്ട വനിതാ മാധ്യമ പ്രവർത്തകരുടെ പരാതി പൊലീസിനും കോടതിക്കും കൈമാറുമെന്നാണ് സൂചന. ചാനലിലെ ഇന്റേണൽ സെൽ കമ്മിറ്റി ചെയർപേഴ്‌സണായ വനിത മാനേജ്‌മെന്റിനെതിരെ പരാതി നൽകാൻ ഒരുങ്ങുന്നതെന്നാണ് സൂചന. വനിതാ മാധ്യമപ്രവർത്തകർ നൽകിയ പരാതികൾ പരിഗണിക്കവേയാണ് കെയുഡബ്യൂജെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഇവരെ ഡൽഹിയിലക്ക് സ്ഥലം മാറ്റിയത്.

സഥലംമാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് സൂചനയുണ്ട്.ഇന്റേണൽ കമ്മിറ്റിക്ക് പരാതി നൽകുന്നതിന് മുമ്പ് വനിതാ മാധ്യമ പ്രവർത്തകർ മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതികളിൽ, ഒരു നടപടിയും എടുക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. പകരം, ആരോപണ വിധേയരായ മുതിർന്ന മാധ്യമ പ്രവർത്തകരെ സംരക്ഷിക്കുന്ന സമീപനമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്.

ഇന്റേണൽ സെൽ കമ്മിറ്റി ചെയർപേഴ്‌സണെ ഡൽഹിയിലക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ കൂടുതൽ നടപടികൾക്ക് മാനേജ്‌മെന്റ് ഒരുങ്ങുന്നതായാണ് സൂചന. 20 വർഷത്തിലധികമായി വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകനാണ് പുതിയ ഇര. മീഡിയവണിലെ കൊച്ചി ബ്യൂറോ ചീഫായ ഇയാളെ മുംബൈയിലേക്കാണ് സഥലം മാറ്റിയത്. മീഡിയവണിലെ വനിതാമാധ്യമപ്രവർത്തക നൽകിയ തൊഴിൽ പീഡനങ്ങളെ കുറിച്ചുള്ള പരാതിയാണ് ജമാഅത്തെ ഇസ്ലാമിക്കാരെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞമാസം നവംബറിലായിരുന്നു വനിതാമാധ്യമപ്രവർത്തക വിവരങ്ങൾ മെയിൽ മുഖേന മാനേജിങ് എഡിറ്റർ കൂടിയായ സി.ദാവൂദിന് നൽകിയത്. എന്നാൽ അദ്ദേഹം ബോധപൂർവം പരാതി അവഗണിച്ചു.

കോർഡിനേറ്റിങ് എഡിറ്റർ, സീനിയർ ന്യൂസ് എഡിറ്റർ,ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ,രണ്ടു ന്യൂസ് എഡിറ്റർമാർ,സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ,എച്ച് ആർ മാനേജർ എന്നിവർക്കെതിരെയാണ് വനിതാ മാധ്യമപ്രവർത്തക പരാതി നൽകിയത്. പത്രവർത്തക യൂണിയൻ മുൻ സംസ്ഥാന ഭാരവാഹി കൂടിയാണ് കൊച്ചി ബ്യൂറോ ചീഫ്. ഒരുമാസം മുൻപ് പുറത്താക്കൽ നോട്ടീസ് നൽകിയ മാധ്യമപ്രവർത്തക വേണ്ടി ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ഇദ്ദേഹം.

എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഈ മാധ്യമ പ്രവർത്തകനും, കോഴിക്കോട് സ്വദേശിയായ ഇന്റേണൽ സെൽ കമ്മിറ്റി ചെയർപേഴ്‌സണും ജീവിതപ്രാരാബ്ധങ്ങൾ ഏറെയാണ്. മാധ്യമപ്രവർത്തകയുടെ പരാതി ഇന്റേണൽ സെൽ കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് കോർഡിനേറ്റിങ് എഡിറ്റർ അടക്കമുള്ളവർ ചേർന്ന ചെയർപേഴ്‌സണെ ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്. 16 വർഷമായി മാധ്യമരംഗത്ത് തുടരുന്ന ഇവർ വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോളിലും അഭിനയിച്ചിട്ടുണ്ട്.മുസ്ലിം നാമധാരിയാണെങ്കിലും തട്ടമിടാതെ ഓഫീസിൽ വരുന്നതും ഇവർക്കെതിരെ നീങ്ങാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഔദ്യോഗിക പരാതി വനിതാ മാധ്യമപ്രവർത്തക നൽകിയിട്ട് 16 ദിവസം പിന്നിട്ടിരിക്കുകയാണ്. പരാതിക്കാരിക്കെതിരേയും ഭർത്താവിനെതിരേയും കുപ്രചാരണങ്ങളാണ് എഡിറ്റോറിയൽ വിഭാഗത്തിലെ തലപ്പത്തുള്ളവർ നടത്തുന്നത്. ചാനലിന്റെ തുടക്കം മുതൽ സ്പോർട്സ് വാർത്തകൾ ചെയ്യുന്നയാളാണ് പരാതിക്കാരിയുടെ ഭർത്താവ്. ഭാര്യ പരാതി നൽകിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരേയും പ്രതികാര നടപടികൾ തുടരുകയാണ്. കൊച്ചിയിൽ ഐഎസ്എല്ലിലെ ആദ്യ മൂന്ന് കളികൾ റിപോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മൽസരത്തിൽ നിന്ന് ഊര് വിലക്ക് ഏർപ്പെടുത്തി.

സ്‌പോർട്‌സിൽ നിന്ന് ഒഴിവാക്കിയതായ മെയിലും ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരിയുടെ ഭർത്താവിന് ലഭിച്ചു. തുടക്കം മുതൽ താൻ അനുഭവിക്കുന്ന വിവേചനങളും തൊഴിൽ പീഡനങ്ങളും ഉന്നയിച്ചതാണ് നേരും നന്മയും പറയുന്ന ചാനൽ മേധാവികളെ ചൊടിപ്പിച്ചത്. പരാതിക്കാരിക്കും ഭർത്താവിനുമെതിരെ തരംതാഴ്ന്ന പരാമർശങ്ങളാണ് ചാനലിലെ എഡിറ്റോറിയൽ മേധാവികളുടെ കൂട്ടുകെട്ട് നടത്തുന്നത്.കോൺഗ്രസുകാരനായ ഒരു ന്യൂസ് എഡിറ്റർ നിലനിൽപ്പിന് വേണ്ടിയാണ് ജമാഅത്തുകാരനായി മാറുന്നത്. നേരത്തെ മുസ്ലിം ലീഗുകാരനായ മറ്റൊരു ന്യൂസ് എഡിറ്റർ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് അനുഭാവിയാണ്. കോർഡിനേറ്റിങ് എഡിറ്ററും ന്യൂനപക്ഷ പ്രീണനം നടത്തുവെന്നാണ് ആരോപണം.

ഒന്നരവർഷം മുൻപ് മീഡിയവണിൽ നടന്ന ഓഡിറ്റിങിൽ ഇക്കൂട്ടർക്കെതിരെ രൂക്ഷ വിമർശങ്ങളാണ് ഉയർന്നത്. ഒരാഴ്ച മുൻപ് നടന്ന മാനേജ്‌മെന്റ് യോഗത്തിലും ന്യൂസ് ഹെഡ്‌സ് ഏറെ പഴികേട്ടിരുന്നു.അതിനിടെ പരാതിക്കാരിയുടെ പരാതി പിൻവലിപ്പിക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. മീഡിയവണിലെ പുതിയ സംഭവവികാസങ്ങളിൽ ജമാഅത്ത് നേതൃത്വവും സോളിഡാരിറ്റി ,വെൽഫെയർ പാർട്ടി പ്രവർത്തകരും അതൃപ്തരാണ്. കുറ്റക്കാർക്കെതിരെ കർശന നിലപാടെടുക്കുമെന്ന് ജമാഅത്ത് കൂടിയാലോചന സമിതി അംഗം നേതാവ് രഹസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.

മീഡിയവണിന്റെ പ്രധാന വരുമാനം വരുന്നത് ഗൾഫിൽ നിന്നാണ് .അവിടെ നിന്നുപോലും ശക്തമായ പ്രതിഷേധമാണ് മാനേജ്‌മെന്റിനെതിരെ ഉയരുന്നത്.ഇന്റേണൽ സെൽ കമ്മിറ്റി ചെയർപേഴ്‌സണെ സ്ഥലം മാറ്റുന്നതുവഴി പ്രമുഖ സംഘടനാ നേതാവിന്റെ മകളെ ചെയർപേഴ്‌സണാക്കാനാണ് മാനേജ്‌മെന്റ് നീക്കം. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ജീവനക്കാർക്കുള്ളത്.മാധ്യമപ്രവർത്തകയുടെ പരാതി കിട്ടി ഒന്നരമാസം പിന്നിട്ടിട്ടും മാനേജ്‌മെന്റ് നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊളുന്നത്. പരാതിയിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ ഇപ്പോഴും മീഡിയവണിൽ വിലസുകയാണ്.

മാനേജ്‌മെന്റ് കമ്മിറ്റി നിയോഗിച്ച കമ്മീഷനെതിരേയും ആരോപണം ശക്തമാണ്. തീർത്തും തൊഴിലാളി വിരുദ്ധ നിലപാടെടുക്കുന്നവരാണ് കമ്മീഷൻ അംഗങ്ങൾ. ഇതിനകം നിരവധി പേരുടെ മൊഴി എടുത്തതായാണ് വിവരം. എന്നാൽ കോർഡിനേറ്റിങ് എഡിറ്റർ ന്യൂസ് എഡിറ്റർമാർ എന്നിവരെ മൊഴി എടുക്കാൻ ഇതുവരെ വിളിച്ചിട്ടുമില്ല. ജൂനിയർ ജീവനക്കാരുടെ മൊഴി അപ്പോൾ തന്നെ സി .ദാവൂദ് കോർഡിനേറ്റിങ് എഡിറ്റർക്കും ന്യൂസ് എഡിറ്റർമാർക്കും കൈമാറും. ന്യൂസ് ഫ്‌ളോറിലെ ക്യാമറാമാൻക്കെതിരേയും പകപോക്കൽ നടത്തുന്നതിൽ അഗ്രഗണ്യനാണ് കോർഡിനേറ്റിങ് എഡിറ്റർ. ഇദ്ദേഹത്തിന്റെ ഇത്തരം നിലപാടുകൾക്കെതിരെ നിരവധി ക്യാമറാമാന്മാർ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി മാധ്യമപ്രവർത്തകരേയും ക്യാമറാമാന്മാരേയും സ്ഥലംമാറ്റത്തിന് വിധേയമാക്കുന്നതിൽ ചുക്കാൻപിടിക്കുന്നത് ന്യൂസ് ഹെഡുമാരാണ്. പാൽപ്പുഞ്ചിരിയുമായി പിന്നിൽ നിന്ന് പണികൊടുക്കുന്നതിൽ ഇക്കൂട്ടർ മുഖ്യപങ്കാണ് വഹിക്കുന്നത്.മീഡിയവണിലെ പത്രപ്രവർത്തക യൂണിയൻ വാട്‌സാപ്പ് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ മുകളിലേക്ക് എത്തിച്ചുകൊടുക്കുന്നവരാണ് ന്യൂസ് എഡിറ്റർമാർ.വരും ദിവസങ്ങളിലും നിരവധി മാധ്യമപ്രവർത്തകർക്ക് സ്ഥലംമാറ്റം ലഭിക്കുമെന്നാണ് സൂചന. മീഡിയവണിലെ സെൽ നിർജീവമായതാണ് തൊഴിൽ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ക്യാമറാമാൻ പറഞ്ഞു.