ന്യൂഡൽഹി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നവമ്പറിൽ പാക്കിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടിയിൽ നിന്നും ഇന്ത്യ പിന്മാറിയതിൽ സന്തോഷമുണ്ടെന്ന് പ്രമുഖ വ്യവസായിയായ രതൻ റ്റാറ്റ വ്യക്തമാക്കി. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാത്തെ മാറിനിൽക്കുന്നതിൽ ഇന്ത്യൻ വ്യാവസായിക മേഖലയ്ക്ക് അത്യധികം സന്തോഷമുണ്ട്. അതോടൊപ്പം തന്നെ സാർക്ക് രാജ്യങ്ങളിൽ നിന്നും ലഭിച്ച പിന്തുണയും ശുഭ സൂചനയാണെന്നും രതൻ റ്റാറ്റ ട്വിറ്ററിൽ കുറിച്ചു.

ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങളാണ് സാർക്കിൽ അംഗമായിട്ടുള്ളത്. നേപ്പാൾ, മാലദ്വീപ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയവരാണ് അംഗരാജ്യങ്ങൾ. നവംബറിൽ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന സാർക് സമ്മേളനത്തിൽ നിന്ന് ഇതിൽ പകുതി രാജ്യങ്ങൾ പിന്മാറിയത് സാർക്ക് ഉച്ചകോടിയെ തന്നെ ബാധിക്കും. പാക്കിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയിൽ നിന്ന് മാറി നിൽക്കുന്നത്.

അതേസമയം രതൻ റ്റാറ്റയുടെ ട്വീറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. 50,000 ൽ അധികം ആളുകൾ ട്വീറ്റിനെ പിന്തുണച്ച് എത്തിയിട്ടുണ്ട്. 10000 ൽ പരം റി ട്വീറ്റും നടന്നിട്ടുണ്ട്. സാർക്ക് ഉച്ച കോടി ബഹിഷ്‌കരിത്തതിനു പിന്നാലെ കഴിഞ്ഞ ദിവസം അർദ്ധ രാത്രി പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചിട്ടുണ്ട്. 38 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇന്ത്യയുടെ നടപടിയിൽ ലോകരാജ്യങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് നിലനിൽക്കുന്നത്.