- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടുകൾ ചെയ്യാനും പോസ്റ്റൽ വോട്ടുകൾ ഏർപ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവും; പ്രോക്സി വോട്ടുകൾക്കെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടുകൾ ചെയ്യാനും പോസ്റ്റൽ വോട്ടുകൾ ഏർപ്പെടുത്താനും ഏകപക്ഷീയമായി തീരുമാനമെടുത്ത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധവും ഏകാധിപത്യപരവുമാണെന്നും ഇതിനെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇതിനായി നിയമഭേദഗതികൾ കൊണ്ടുവരാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം കാര്യങ്ങൾ കേരളത്തിലെ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന കമ്മീഷന്റെ സമീപനം നേരത്തെ വോട്ടർ പട്ടികയുടെ കാര്യത്തിലുമുണ്ടായിരുന്നു.2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയതോടെ 2016ലെ അസംബ്ലി തിരഞ്ഞെടുപ്പിലും 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തവർ ഉൾപ്പെടെ കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് വോട്ടവകാശം നേടിയവരെല്ലാം വീണ്ടും അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേരുചേർക്കേണ്ട ഗതികേടുണ്ടാക്കിയ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധമായ തീരുമാനമാണ് നേരത്തെ കമ്മീഷൻ കൈക്കൊണ്ടത്.അതിന്റെ ബുദ്ധിമുട്ടുകൾ ജനം ഇപ്പോഴും അനുഭവിക്കുകയാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സാധാരണ ചെയ്യാറുള്ളത് പോലെ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കുവാൻ യാതൊരു സമീപനവും കമ്മീഷൻ സ്വീകരിച്ചില്ല.സർക്കാരിന്റെ താൽപ്പര്യം അനുസരിച്ച് കമ്മീഷൻ ഏകാധിപത്യപരവും ധിക്കാരപരവുമായ നിലപാടാണ് സ്വീകരിക്കുന്നത്.ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അധിക്ഷേപാർഹമാണ്. തുടരെത്തുടരെ സർക്കാരിനോട് കൂറ് പ്രഖ്യാപിക്കുന്ന സമീപനമാണ് കമ്മീഷൻ സ്വീകരിക്കുന്നത്.
കോവിഡ് രോഗവ്യാപനം അനുദിനം വർധിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളാകെ ആശങ്കയിലും ഉത്കണ്ഠയിലുമാണ്.സർക്കാരാകട്ടെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് കണ്ണൂർ മോഡൽ തിരഞ്ഞെടുപ്പിലൂടെ വിജയം നേടാനാണ് ശ്രമം.തദ്ദേശ തിരഞ്ഞെടുപ്പ് യഥാസമയം നടത്തുന്നതിന് സമ്പൂർണ്ണ സഹകരണമാണ് കോൺഗ്രസ് ഇതുവരെ നൽകിയത്. പക്ഷെ, കോൺഗ്രസിന്റെ മാന്യമായ നിലപാടിനെ ദൗർബല്യമായി കമ്മീഷൻ കാണരുത്. സിപിഎമ്മുമായി ചേർന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.