ദൈവത്തെ വിശ്വസിക്കുന്നവരും ഇല്ലാത്തവരുമുണ്ട്. എന്നാൽ, കടുത്ത യു്ക്തിവാദികൾപോലും ചില ഘട്ടങ്ങളിൽ അറിയാതെ ദൈവത്തെ വിളിച്ചുപോകാറുണ്ട്. അതു വിശ്വാസംകൊണ്ട് സംഭവിക്കുന്നതല്ല, ദൈവവിശ്വാസമില്ലെങ്കിലും അറിയാതെ ഒരാശ്വാസത്തിന് വിളിച്ചുപോകുന്നതാണ്. ഇതുപോലെ തന്നെയാണ് വിശ്വാസികളുടെയും കാര്യം. പാതിയിലേറെ വിശ്വാസികൾക്കും പ്രാർത്ഥിക്കുന്നത് ദൈവം കേൾക്കാനൊന്നും പോകുന്നില്ലെന്നറിയാം. എങ്ക്ിലും അവർ വിശ്വസിക്കുകയും ദൈവത്തെ വിളിക്കുകയും ചെയ്യുന്നു.

ഒരു പ്രതിസന്ധിഘട്ടത്തിലെത്തി നിൽക്കുമ്പോഴോ, വ്യക്തിപരമായി ഒരു ദുരന്തം നേരിടുമ്പോഴോ, ഉറ്റവർ ആരെങ്കിലും മരിക്കുമ്പോഴോ ആണ് യുക്തിവാദികളും ദൈവവിശ്വാസമില്ലാത്തവരും ദൈവത്തെ വിളിച്ചുപോകുന്നത്. ഒഒരാശ്വാസത്തിനോ അല്ലെങ്കിൽ ഒറ്റയ്ക്കായിപ്പോകുന്നുവെന്ന തോന്നൽ ഒഴിവാക്കുന്നതിനോ ആണ് ഇങ്ങനെ വിളിക്കുന്നത്. കൃത്യമായി പള്ളിയിൽ പോകുന്നവരുടെ എണ്ണവും വൻതോതിൽ കുറയുന്നുണ്ട്. 1980-ൽ ബ്രിട്ടനിൽ ആറരക്കോടി ആളുകൾ പള്ളിയിൽ പോയിരുന്നുവെങ്കിൽ 2015-ൽ അത് മൂന്നുകോടിയായി ചുരുങ്ങി.

എന്നാൽ, പള്ളിയിൽ പോകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും, ബ്രിട്ടനിലെ പാതിയിലേറെയും ജനങ്ങൾ പ്രാർത്ഥിക്കാറുണ്ട്. മൂന്നിലൊരാൾ ആരാധനാലയത്തിലെത്തി പ്രാർത്ഥിക്കുന്നുണ്ടെന്നും ക്രൈസ്തവ സംഘടനയായ ടിയർഫണ്ടിനുവേണ്ടി കോംറെസ് നടത്തിയ സർവേയിൽ പറയുന്നു. മൂന്നിലൊരുഭാഗം ജനങ്ങൾ രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോഴോ രാത്രി ഉറങ്ങുന്നതിനുമുമ്പോ പ്രാർത്ഥിക്കുന്നവരാണ്. ആഹാരം പാചകം ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും പ്രാർത്ഥിക്കുന്നവരുമുണ്ട്.

ഈ പ്രാർത്ഥനകളൊക്കെ ദൈവം കേൾക്കുന്നുണ്ടെന്ന വിശ്വാസത്തിൽ പ്രാർത്ഥിക്കുന്നവർ വിശ്വാസികളിൽ പാതിപോലും വരില്ലെന്നാണ് സർവേ പറയുന്നത. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളാണ്. കുടുംബത്തിന്റെ സൗഖ്യമാണ് കൂടുതൽ പേർക്കും അതിനുള്ള കാരണം. 70 ശതമാനത്തിലേറെപേർ പ്രാർത്ഥിക്കുമ്പോൾ കുടുംബത്തിന് പ്രാധാന്യം നൽകുന്നു. 42 ശതമാനത്തോളം പേർ ദൈവത്തിന് നന്ദി പറയാനും ആ അവസരം വിനിയോഗിക്കുന്നു. 40 ശതമാനത്തോളം പേർ പ്രാർത്ഥനയിൽ സുഹൃത്തുക്കളെയും ഉൾപ്പെടുത്തുന്നു.

പ്രാർത്ഥന ദൈവവുമായുള്ള ആശയവിനിമയത്തിന്റെ ആദ്യപടിയാണെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ഇസബെൽ ഹാംലി പറയുന്നു. ഒരാളുടെ ആശങ്കകളെ വലിയൊരു ക്യാൻവാസിലേക്ക് കൊണ്ടുവരുന്നതാണ് പ്രാർത്ഥന. ദൈവത്തോട് പറയുമ്പോൾ അയാൾക്കുകിട്ടുന്ന ആശ്വാസമാണ് പ്രാർത്ഥനയുടെ ഏറ്റവും വലിയ ഫലം. പ്രാർത്ഥനയിൽ കുടുംബത്തെ മാത്രം ഉൾപ്പെടുത്താതെ, ലോകത്തെ വലിയ വലിയ പ്രശ്‌നങ്ങൾകൂടി ഉൾപ്പെടുത്താൻ ആളുകൾ തയ്യാറാകണമെന്ന് ടിയർഫണ്ടിൽ സർവേയ്ക്ക് നേതൃത്വം നൽകിയ റൂത്ത് വലേരിയോയും പറയുന്നു.