- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞിനെ മാറ്റിയത് അനുപമയുടെ സമ്മതത്തോടെ; ഏതൊരു പിതാവും ചെയ്യുന്നത് മാത്രം'; തന്റെ മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ജയചന്ദ്രൻ; അച്ഛനെതിരായ സിപിഎം നടപടിയിൽ സന്തോഷമെന്ന് അനുപമ
തിരുവനന്തപുരം: അനുപമയുടെ സമ്മതത്തോടെയാണ് താൻ കുഞ്ഞിനെ മാറ്റിയതെന്ന് പിതാവ് പി.എസ് ജയചന്ദ്രൻ. ഏതൊരു പിതാവും ചെയ്യുന്നത് മാത്രമാണ് താൻ ചെയ്തത്. അതല്ലാതെ തന്റെ മുൻപിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്ന് പേരൂർക്കട ലോക്കൽ കമ്മിറ്റിയിൽ ജയചന്ദ്രൻ പറഞ്ഞു. അതേ സമയം പാർട്ടി നടപടിയിൽ സന്തോഷമുണ്ടെന്നും തെറ്റു ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്നും അനുപമ പ്രതികരിച്ചു.
ജയചന്ദ്രന്റെ വിശദീകരണത്തിനു ശേഷമാണ് ലോക്കൽകമ്മിറ്റി ഇയാൾക്കെതിരെ നടപടിയെടുത്തത്. പാർട്ടി പരിപാടികളിൽ നിന്ന് ജയചന്ദ്രനെ വിലക്കിയിട്ടുണ്ട്. കൂടാതെ, ആരോപണങ്ങൾ അന്വേഷിക്കാൻ ഏരിയ തലത്തിൽ അന്വേഷണ കമ്മിഷനെയും നിയോഗിച്ചു.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ നടപടിയാണ് ജയചന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു യോഗം വിലയിരുത്തി. ഇക്കാര്യം ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങും. ഏരിയ കമ്മിറ്റിയും വിഷയം അന്വേഷിക്കും.
ജയചന്ദ്രനെതിരെ നടപടിയെടുക്കണമെന്നു കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ദത്ത് വിഷയത്തിൽ കുറച്ചു കൂടി ജാഗ്രത ജയചന്ദ്രൻ കാണിക്കേണ്ടതായിരുന്നു. അമ്മ അറിയാതെ കുട്ടിയെ ദത്തു നൽകിയത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അംഗങ്ങൾ നിലപാടെടുത്തു. യോഗതീരുമാനങ്ങൾ ഏരിയ കമ്മിറ്റിയെ അറിയിക്കുമെന്ന് ലോക്കൽ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമൻ പറഞ്ഞു.
ഏരിയ കമ്മിറ്റിയോഗത്തിൽ ജില്ലാനേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ ഷിജുഖാനെ പാർട്ടി സംരക്ഷിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അനുപമയുടെ പരാതിയെത്തുടർന്ന് മാതാപിതാക്കൾ ഉൾപ്പെടെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാതിയിൽ പറയുന്നവർക്കു പാർട്ടി ബന്ധമുള്ളതിനാൽ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ല. മാധ്യമങ്ങളിൽ വാർത്ത വന്നശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അനുപമയുടെ മാതാവ് സ്മിത ജെയിംസ് പേരൂർക്കട എ ബ്രാഞ്ച് അംഗമാണ്. പരാതിയിൽ പറയുന്ന അച്ഛന്റെ സുഹൃത്ത് അനിൽകുമാർ മുൻ കൗൺസിലറാണ്. സംസ്ഥാന നേതൃത്വം അനുപമയ്ക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ജില്ലാ നേതൃത്വം വെട്ടിലായിരുന്നു.
ജില്ലാ സെക്രട്ടറിക്കു പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന അനുപമയുടെ ആരോപണവും വിവാദങ്ങൾക്കു മൂർച്ചകൂട്ടി. ജില്ലാ നേതൃത്വം നേരത്തെ നടപടി എടുത്തിരുന്നെങ്കിൽ സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ തടയാമായിരുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവാദം പാർട്ടിയെ ബാധിച്ച സാഹചര്യത്തിലാണ് കമ്മിറ്റികൾ വിളിച്ചുചേർത്ത് ശക്തമായ നിലപാടെടുക്കാൻ സംസ്ഥാന നേതൃത്വം നിർദേശിച്ചത്
ദത്ത് വിവാദത്തിൽ അച്ഛൻ പി എസ് ജയചന്ദ്രന് എതിരെയുള്ള സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയുടെ നടപടിയിൽ സന്തോഷമുണ്ടെന്നായിരുന്നു അനുപമ പ്രതികരിച്ചത്. വൈകിവന്ന നടപടിയാണെങ്കിലും സന്തോഷമുണ്ട്.
ഏരിയ സെക്രട്ടറി തന്നെ എതിർത്തുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. അച്ഛന് വേണ്ടി ഏരിയ സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ വിഷയത്തിൽ പാർട്ടി ഏരിയ സെക്രട്ടറി അന്വേഷണം നടത്തുന്നതിനോട് വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉൾപ്പെട്ട അന്വേഷണം വേണമെന്നും ഷിജു ഖാനെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.
സംസ്ഥാന തലത്തിൽ സ്വാധീനമുള്ള ഒരു വനിതാ നേതാവിനെ കൂടി ഉൾപ്പെടുത്തി കൊണ്ടായിരിക്കണം സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തേണ്ടതെന്ന് അനുപമ പറഞ്ഞു. ഇതേ രീതിയിൽ അന്വേഷണം മുന്നോട്ട് പോവുകയാണെങ്കിൽ പാർട്ടിയിൽ വിശ്വാസമെന്നും അനുപമ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ