- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനസംഖ്യാ ആനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്ന ക്രൈസ്തവ സഭകളുടെ പരാതിയിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടും; ന്യൂനപക്ഷ സ്‌കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് ക്രൈസ്തവ വിഭാഗങ്ങൾക്കു കിട്ടുന്നതെന്ന ചർച്ചയ്ക്ക് പിന്നിൽ മോദിയെ സഭയുമായി അടുപ്പിക്കൽ; ലൗജിഹാദിലും ആശങ്ക; കർദിനാളിനെ അനുനയിപ്പിക്കാൻ ഗവർണ്ണർ ശ്രീധരൻ പിള്ള എത്തുമ്പോൾ
തിരുവനന്തപുരം: ക്രൈസ്തവ സഭകളെ വീണ്ടും ചേർത്തു നിർത്താനാണ് മിസോറം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ ശ്രമം. ഗവർണ്ണറുടെ 'ജസ്റ്റിസ് ഫോർ ഓൾ, പ്രജുഡിസ് ടു നൺ' എന്ന പുസ്തക പ്രകാശന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തുന്നതിന് പിന്നിലും ഈ രാഷ്ട്രീയമാണ് സിപിഎം കാണുന്നത്. പുസ്തകം കർദിനാളിന് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്യുകയായിരുന്നു. മുമ്പും ബിജെപി നേതാക്കളിൽ സഭയുമായി ഏറെ അടുപ്പമുണ്ടായിരുന്നത് പി എസ് ശ്രീധരൻ പിള്ളയ്ക്കാണ്.
അതിനിടെ ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള വിഹിതത്തിൽ ക്രൈസ്തവരോട് അനീതിയുണ്ടെങ്കിൽ പരിഹരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായി ശ്രീധരൻ പിള്ള അറിയിക്കുകയും ചെയ്തു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനു കേന്ദ്രസർക്കാർ നൽകുന്ന വിഹിതം കുറഞ്ഞതു കർദിനാൾ നേരത്തേ ശ്രദ്ധയിൽപെടുത്തിയിരുന്നു.
80% ഒരു വിഭാഗത്തിനു നൽകുകയും ക്രൈസ്തവ സമുദായങ്ങൾക്കുള്ള വിഹിതം 20% ആയി കുറയുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചു. ക്രൈസ്തവ സഭയിലെ പെൺകുട്ടികൾ ഐഎസ് സ്വാധീനത്തിൽപെടുന്നതിനെക്കുറിച്ചു കർദിനാൾ ആശങ്ക അറിയിച്ചെന്നും എന്നാൽ ഇക്കാര്യം കേരള സർക്കാർ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരനേദ്രമോദിയുടെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതിൽ ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നുവെന്ന് കർദ്ദിനാൾ മാർ ആലഞ്ചേരി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആരോടും വിവേചനമില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിലേക്ക് ചർച്ചകൾ എത്തിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ശ്രീധരൻ പിള്ള. ഈ കൂടിക്കാഴ്ചയ്‌ക്കൊപ്പമാണ് കർദിനാൾ പുസ്തക പ്രകാശന ചടങ്ങിനെത്തിയതും. എല്ലാവർക്കും നീതിയും തുല്യതയും ഭരണഘടന വാഗ്ദാനം ചെയ്യുന്നുവെന്നും ഭരണഘടനയിൽ പ്രതിഫലിക്കുന്നതു ഭാരതീയ ദർശനമാണെന്നും ഗവർണർ പറഞ്ഞു. ഇതിനകം 126 പുസ്തകങ്ങൾ രചിക്കുകയും 18 പുസ്തകങ്ങൾ എഴുതി കോവിഡ് കാലത്തെ സർഗാത്മകമായി വിനിയോഗിക്കുകയും ചെയ്ത ശ്രീധരൻ പിള്ളയെ ഗവർണർ അനുമോദിച്ചു.
മിസോറമിൽ ചുമതലയേറ്റപ്പോൾ ശത്രുതയോടെ കണ്ട അവിടത്തെ ചില മുതിർന്ന നേതാക്കൾ ഒരു വർഷത്തിനകം അടുത്ത സുഹൃത്തുക്കളായെന്നു ശ്രീധരൻ പിള്ള പറഞ്ഞു. ഇതിന് പിന്നിലും സഭകളുടെ പിന്തുണയുണ്ട്. മിസോറാമിൽ നിർണ്ണായക സ്വാധീനം കത്തോലിക്കാ സഭകൾക്കുണ്ട്. മുമ്പ് മിസാറോം ഗവർണ്ണറായി കുമ്മനം രാജശേഖരൻ പോയപ്പോഴും വലിയ പിന്തുണ സഭയിൽ നിന്ന് കിട്ടിയിരുന്നു. ഇത് തന്നെയാണ് പിള്ളയ്ക്കും മിസോറാമിൽ കരുത്താകുന്നത്.
കേരളത്തിലെ വർഗീയവാദികളെക്കൊണ്ട് തള്ളാനുള്ള ഡമ്പിങ് ഏരിയയാണ് ഇവിടത്തെ ഗവർണർ പദവിയെന്നാണ് താൻ ഗവർണറായി മിസോറമിലെത്തിയപ്പോൾ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രസ്താവിച്ചത്. മിസോറമിലെ ഗവർണർ പദവി ഡമ്പിങ് ഏരിയയല്ലെന്ന് ഒരു വർഷം കൊണ്ട് താൻ തെളിയിച്ചു. ഒരു വർഷം തികയുന്നതിനു മുമ്പേ പ്രസ്താവനയിറക്കിയ നേതാവ് സുഹൃത്തുമായി. ഏറ്റവും സഹൃദയനായ ഗവർണർ എന്ന് എന്നെ അദ്ദേഹം വിശേഷിപ്പിച്ചെന്നും ശ്രീധരൻപിള്ള പറയുന്നു.
കഴിഞ്ഞ മാസം കർദിനാളുമായി ശ്രീധരൻ പിള്ള ചർച്ച നടത്തിയിരുന്നു. അന്ന് ചില ആശങ്കകൾ അവർ അറിയിച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നുവെന്ന് പിള്ള പറയുന്നത്. കേന്ദ്രത്തിന്റെ ന്യൂനപക്ഷ സഹായ പദ്ധതികൾ കേരളത്തിൽ മറ്റൊരു സമുദായത്തിന് കിട്ടുന്നുവെന്നും തങ്ങൾക്ക് അർഹമായത് കിട്ടുന്നില്ലെന്നും ക്രൈസ്തവ സഭകൾക്ക് പരാതിയുണ്ടെന്ന് അന്ന് ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത ആശങ്കയിലാണെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സഭാമേധാവികൾ നിവേദനം ഏൽപ്പിച്ചെന്നും ശ്രീധരൻപിള്ള പറഞ്ഞിരുന്നു.
അന്ന് കർദിനാൾ ഉൾപ്പെടെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ മാർ ആലഞ്ചേരി ഉൾപ്പെടെ നാല് ബിഷപ്പുമാർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. ജനസംഖ്യാ ആനുപാതികമായ വിഹിതം ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ന്യൂനപക്ഷ സ്‌കീമുകളിലൂടെ ലഭിക്കുന്ന തുകയുടെ 20 ശതമാനംമാത്രമാണ് ക്രൈസ്തവ വിഭാഗങ്ങൾക്കു കിട്ടുന്നത്. ബാക്കി മറ്റ് ന്യൂനപക്ഷ സമൂഹത്തിന് നൽകുകയാണെന്നും ബിഷപ്പുമാർ പറഞ്ഞതായി ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ഈ വിഷയമാണ് വീണ്ടും പിള്ള ചർച്ചയാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ