- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യാക്കോബായക്കാരെ അനുനയിപ്പിക്കും; ഓർത്തഡോക്സുകാരെ കൂട്ടുകാരാക്കും; കിങ് മേക്കറായി തിളങ്ങാൻ മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള; മുസ്ലിം തീവ്രവാദത്തിനിരയായി വേദനിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രചാരണത്തിന് സുരേന്ദ്രനും; ക്രൈസ്തവ ന്യൂനപക്ഷത്തെ പിടിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
കോട്ടയം; നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിക്കാൻ പിഎസ് ശ്രീധരൻ പിള്ള ഉണ്ടാകില്ല. ആർ എസ് എസിന്റെ ബൗദ്ധിക മുഖമായ ആർ ബാലശങ്കറാകും ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി. എങ്കിലും കേരള രാഷ്ട്രീയത്തിൽ ഗവർണ്ണറുടെ റോളിൽ തന്നെ നിറഞ്ഞു കളിക്കാൻ ശ്രീധരൻ പിള്ളയുണ്ടാകും. പിള്ളയാകും ഇത്തവണ ബിജെപിയിലെ കിങ് മേക്കർ. ക്രൈസ്തവ സഭകളെ പാർട്ടിയോട് അടുപ്പിക്കുകയാണ് പിള്ളയുടെ ദൗത്യം. രാഷ്ട്രീയം പറയാതെ തന്ത്രങ്ങളിലൂടെ മോദി സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന സൂചന പിള്ള നൽകും.
സഭാതർക്കത്തിൽ മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ശ്രീധരൻ പിള്ള ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലും യാക്കോബായ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലും എത്തി ചർച്ച നടത്തിയതും ഇതിന്റെ ഭാഗമാണ്. പ്രശ്‌ന പരിഹാരത്തിനുള്ള ഫോർമുലയിൽ ചർച്ച തുടരും. സമാന രീതിയിൽ മറ്റ് ക്രൈസ്തവ സഭകളുമായും ബന്ധം തുടരും. മലങ്കര പ്രശ്‌ന പരിഹാരമാകും പ്രധാന ദൗത്യം. സഭകളുമായി നല്ല ബന്ധത്തിലാണ് കേന്ദ്ര സർക്കാർ എന്ന സന്ദേശമാകും ഇതിലൂടെ നൽകുക.
യാക്കോബായ സഭയുമായുള്ള ചർച്ചയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ, മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. ഏബ്രഹാം മാർ സേവേറിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, മാത്യൂസ് മാർ അപ്രേം, യൂഹാനോൻ മാർ മിലിത്തിയോസ്, വൈദിക ട്രസ്റ്റി സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ് എന്നിവർ പങ്കെടുത്തു. രാവിലെ ഒൻപതരയോടെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ച ശേഷമാണു മടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു കാതോലിക്കേറ്റ് അരമനയിൽ എത്തിയത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ.തോമസ് മാർ അത്തനാസിയോസ്, ഡോ.സഖറിയാസ് മാർ നിക്കോളാവോസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സഭ മാനേജിങ് കമ്മിറ്റിയംഗം മാത്യൂസ് മഠത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടു മണിക്കൂറിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. അങ്ങനെ രണ്ടു സഭകൾക്കും പിള്ള മതിയായ പ്രാധാന്യം നൽകി.
എൻ എസ് എസുമായും ശ്രീധരൻ പിള്ള അടുത്ത ബന്ധം പുലർത്തുന്നുണ്ട്. എൻ എസ് എസിന്റെ കേസുകളും വാദിച്ചിരുന്നു. ജി സുകുമാരൻ നായരുമായുള്ള ബന്ധവും ബിജെപിക്ക് അനുകൂലമാക്കാൻ ശ്രമിക്കും. മന്നം ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയുടെ ട്വീറ്റും മറ്റും ഈ സൗഹൃദത്തിന്റെ സാധ്യത തേടിയുള്ളതായിരുന്നു. പ്രധാനമന്ത്രി പെരുന്നയിൽ എത്താനും സാധ്യത ഏറെയാണ്. ബിജെപിയുമായി അടുക്കാത്ത സഭകളേയും എൻ എസ് എസിനേയും പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമം ഏറെ നാളായി പാർട്ടി നടത്തുന്നുണ്ട്. അതിൽ പിള്ളയുടെ ഇടപെടൽ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
അതിനിടെ മുസ്ലിം തീവ്രവാദത്തിനിരയായി വേദനിക്കുന്ന ക്രൈസ്തവ സമുദായത്തിനു വേണ്ടി പ്രചാരണ പരിപാടികൾ ആരംഭിക്കാൻ ബിജെപി സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിക്കുകയും ചെയ്തു. കേരളത്തിൽ ഭൂരിപക്ഷ ജന വിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരാണെന്നും വർഗീയ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഇരയാണ് ഇരു വിഭാഗമെന്നും അധ്യക്ഷത വഹിച്ചു സുരേന്ദ്രൻ പറഞ്ഞു. പിള്ളയുടെ ഇടപെടലുകൾക്ക് കരുത്ത് പകരാനാണ് ഇതും. ഗവർണ്ണർക്ക് രാഷ്ട്രീയം പറയാൻ പറ്റില്ല. ഇത് മനസ്സിലാക്കിയാണ് സുരേന്ദ്രൻ ആ ദൗത്യം ഏറ്റെടുക്കുന്നത്. ക്രൈസ്തവ സഭാ വോട്ടുകൾ പരമാവധി നേടാനാണ് നീക്കം.
സംസ്ഥാന സമിതി ഇക്കാര്യമെല്ലാം ചർച്ച ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റു വിഭജനവും സ്ഥാനാർത്ഥികളും യോഗം ചർച്ച ചെയ്തില്ല. പ്രമുഖരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ ആരെല്ലാം മത്സരിക്കുമെന്നു കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവു ശോഭ സുരേന്ദ്രൻ യോഗത്തിൽ നിന്നു വിട്ടുനിന്നതും ആരും പരാമർശിച്ചില്ല. ശോഭയെ പിന്തുണയ്ക്കുന്നെന്നു കരുതുന്ന ദേശീയ സമിതി അംഗങ്ങളായ കെ.പി.ശ്രീശൻ, പി.എം.വേലായുധൻ എന്നിവർ യോഗത്തിലുണ്ടായിരുന്നു.
ദേശീയ പ്രഭാരി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ത്രിപുരയിൽ കമ്യൂണിസ്റ്റു പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ കഴിഞ്ഞെങ്കിൽ കേരളത്തിലും അതു നടക്കുമെന്നു അദ്ദേഹം പറഞ്ഞു. ത്രിപുരയിലും ഗോവയിലും ക്രൈസ്തവ ന്യൂനപക്ഷങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. ഇതാണ് സഭകളെ അടുപ്പിച്ച് നേട്ടമുണ്ടാക്കമെന്ന കണക്കു കൂട്ടലിന് അടിസ്ഥാനം. കാസർകോട് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഫെബ്രുവരി 20ന് ആരംഭിക്കുന്ന ജാഥയെ തുടർന്നു തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും.
പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ 3നു തിരുവനന്തപുരത്തും 4നു തൃശൂരും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കും. ഇത്തരം പരിപാടികളിൽ എല്ലാം ക്രൈസ്തവ സഭാ പ്രശ്‌നങ്ങൾ ബിജെപി ചർച്ചയാക്കും.