- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹിച്ചത് കേന്ദ്രമന്ത്രി പദവി; കിട്ടിയത് പണ്ട് ആഗ്രഹിച്ച ഗോവയിലെ രാജ്ഭവനും; കോഴിക്കോടിന് തൊട്ടടുത്തുള്ള താക്കോൽ സ്ഥാനത്ത് എത്തി പി എസ് ശ്രീധരൻ പിള്ള; ഗവർണ്ണമാരുടെ മാറ്റവും നിയമനവും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി; ഇ ശ്രീധരനും സുരേഷ് ഗോപിയും കാബിനറ്റിൽ എത്തുമോ?
കോഴിക്കോട്: പിഎസ് ശ്രീധരൻപിള്ളയുടെ ഒരു കാലത്തെ വലിയ ആഗ്രഹമായിരുന്നു ഗോവയിൽ ഗവർണ്ണറാകുക എന്നത്. രാഷ്ട്രീയത്തിൽ അടുത്ത സുഹൃത്തായ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡു ഇതിന് വേണ്ടി ചരടുവലികളും മുമ്പ് നടത്തി. എന്നാൽ അന്ന് ഏവരേയും ഞെട്ടിച്ച് കുമ്മനം രാജശേഖരൻ മിസോറാം ഗവർണ്ണറായി. കേരള ബിജെപിയിലെ പ്രശ്നങ്ങൾ കാരണം മിസോറാമിൽ നിന്ന് കുമ്മനം മടങ്ങി എത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പിന്നീട് ഗവർണ്ണറാകാൻ യോഗമെത്തിയത് പി എസ് ശ്രീധരൻപിള്ളയ്ക്കായിരുന്നു. അപ്പോൾ കിട്ടിയത് മിസോറാമും.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പിഎസ് ശ്രീധരൻ പിള്ളയുടെ ഈ മോഹം നടക്കുകയാണ്. മിസോറാം ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ളയെ ഗോവയിലേക്കു മാറ്റ നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. കോഴിക്കോടാണ് ശ്രീധരൻ പിള്ളയുടെ കുടുംബം. ചെങ്ങന്നൂരുകാരനാണെങ്കിലും കോഴിക്കോട്ടേക്ക് ശ്രീധരൻ പിള്ള എൽഎൽബി പഠനകാലത്തേ കൂടുമാറിയതാണ്. ഗോവയിൽ ഗവർണ്ണറാകുമ്പോൾ തന്നെ വീടിനോട് കൂടുതൽ അടുത്തെത്തുകയാണ് പിള്ള.
ക്രൈസ്തവ സഭകളെ മോദിയുമായി അടുപ്പിക്കാൻ പിള്ള പ്രത്യേക ഇടപെടൽ നടത്തിയിരുന്നു. സഭാ തർക്കത്തിലും മറ്റും മധ്യസ്ഥന്റെ റോളിലും എത്തി. മിസോറാമിൽ നിന്ന് ക്രൈസ്തവ സഭകൾക്ക് നിർണ്ണായക സ്വാധീനമുള്ള ഗോവയിൽ പിള്ള എത്തുന്നത് സഭയുമായുള്ള നല്ല ബന്ധത്തിന്റെ കൂടെ പിൻബലത്തിലാണ്. ഗോവ ഭരിക്കുന്നതും ബിജെപിയാണ്. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ ഗോവയിൽ ഗവർണ്ണറായി പിള്ളയ്ക്ക് തുടരനാകും.
.കർണാടകയിലെ പുതിയ ഗവർണറായി കേന്ദ്രമന്ത്രി തവർചന്ദ് ഗെലോട്ടിനെ നിയമിച്ചു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാവുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാറ്റം. ഇതോടെ പിള്ള മന്ത്രിയാകില്ലെന്നും ഉറപ്പായി. ഹരിബാബു കുംബംപടിയാണ് പുതിയ മിസോറാം ഗവർണർ. മധ്യപ്രദേശിൽ മംഗുഭായി ചഗൻഭായിയെ ഗവർണറായി നിയമിച്ചു.ഗുജറാത്തിൽനിന്നുള്ള പ്രമുഖ ബിജെപി നേതാവാണ് മംഗുഭായി. കാലാവധി പൂർത്തിയാക്കിയ കർണാടക ഗവർണർ വാജുഭായി വാലയ്ക്കു പുതിയ നിയമനം ഇല്ല.
ഹിമാചൽ പ്രദേശ് ഗവർണറായി രാജേന്ദ്രൻ വിശ്വനാഥ് ആർലേക്കറെ നിയിച്ചു. സത്യേന്ദ്ര നാരായൺ ആര്യയെ ത്രിപുരയിലേക്കും രമേശ് ബയസിനെ ഝാർഖണ്ഡിലേക്കു മാറ്റി. ഹിമാചൽ ഗവർണർ ബന്ദാരു ദത്താത്രേയയെ ഹരിയാനയിലേക്കു മാറ്റി നിയമിച്ചു. ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര മന്ത്രിസഭാ വികസനമുണ്ടാകും. മലയാളിയായ ഇ ശ്രീധരനെ ഗവർണ്ണറാക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. അതു ചെയ്യാത്തതു കൊണ്ടു തന്നെ ശ്രീധരനെ കേന്ദ്ര മന്ത്രിസഭയിൽ എടുക്കുമോ എന്ന സംശയവും സജീവമാണ്.
വി മുരളീധരനാണ് കേന്ദ്രമന്ത്രിസഭയിലെ മലയാളി. ശ്രീധരനേയും സുരേഷ് ഗോപിയേയും പുനഃസംഘടനയിൽ പരിഗണിക്കുമെന്നും സൂചനയുണ്ട്. മുരളീധരനെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് മാറ്റുമെന്ന അഭ്യൂഹമുണ്ടെങ്കിലും ഔദ്യോഗികയാത്രകളുമായി മുരളീധരൻ വിദേശത്താണ്. കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ തുടങ്ങിയവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിൽ ഉള്ളതായി റിപ്പോർട്ടുണ്ട്.
അതേസമയം കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയതായാണ് സൂചന. 20 ഓളം പുതിയ മന്ത്രിമാർ പുനഃസംഘടനയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഏതാനും മന്ത്രിമാരെ മാറ്റിയേക്കുമെന്നും, വകുപ്പുകളിൽ വൻ അഴിച്ചുപണി ഉണ്ടാകുമെന്നുമാണ് വിവരം.
മധ്യപ്രദേശിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ, അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. സഖ്യകക്ഷികളായ ജനതാദൾ യുണൈറ്റഡ്, എൽജെപി, അപ്നാദൾ എന്നിവയ്ക്കും മന്ത്രിസഭയിൽ ഇടം ലഭിക്കും.
എൽജെപി നേതാവും അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാർ പരസ് മന്ത്രിയാകുമെന്ന് സൂചന നൽകി. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് പുനഃസംഘടനയിൽ മികച്ച പ്രാതിനിധ്യം ലഭിച്ചേക്കുമെന്നാണ് സൂചന.
പുതിയ മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരുമായി ചർച്ച നടത്തി. ഹിമാചൽപ്രദേശ് സന്ദർശനം വെട്ടിച്ചുരുക്കി ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയും ഡൽഹിയിലെത്തിയിട്ടുണ്ട്. സിന്ധ്യ, നാരായൺ റാണെ, സോനോവാൾ എന്നിവരോട് ഉടൻ തന്നെ ഡൽഹിയിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ