തിരുവനന്തപുരം: പി എസ് സിയിലെ കള്ളക്കളി കണ്ടെത്തുന്നത് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷനാണ്. പലപ്പോഴും നീതിക്കായി സമരവും ചെയ്യേണ്ടി വരുന്നു. ഒടുവിൽ ഇത്തരം സമരങ്ങൾ കണ്ടെത്താൻ ഹിറ്റ്‌ലർ ബുദ്ധി പുറത്തെടുക്കുകയാണ് പിഎസ് സി. കോപ്പിയടിക്കാരെ പോലും കണ്ടില്ലെന്ന് നടിക്കുന്ന പി എസ് സി പഠിച്ച് പരീക്ഷ എഴുതുന്ന മിടുമിടുക്കരെ വിലക്കാനാണ് തീരുമാനം. അർഹതപ്പെട്ട ജോലിക്ക് വേണ്ടി ഇനി ശബ്ദമുയർത്തിയാൽ അവർക്ക് ജോലി കിട്ടില്ല.

പി എസ് സി പരീക്ഷ എഴുതുന്നവർ പ്രതിഷേധത്തിന് സാധാരണ എത്താറില്ല. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തുന്നവരാണ് ഇങ്ങനെ പ്രതിഷേധത്തിന് മുമ്പിൽ നിൽക്കുന്നത്. അങ്ങനെ കള്ളത്തരം വിളിച്ചു പറഞ്ഞാൽ അതിനെ ദുഷ് പ്രചാരണമായി കണക്കാക്കും. പിന്നെ അവർക്ക് പരീക്ഷ എഴുതാനാകില്ല. പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന ദുഷ്പ്രചാരണം നടത്തിയ ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പു നടപടികളിൽ നിന്നു വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു.

അന്വേഷണത്തിനു പിഎസ്‌സിയുടെ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി. അതായത് പി എസ് സി ഓഫീസിന് മുമ്പിൽ സമരം നടത്തിയ ആർക്കും ഇനി പരീക്ഷ എഴുതാനാകില്ല. മുമ്പ് തന്റെ എതിരാളികളെ ഒതുക്കാൻ ഹിറ്റ്‌ലർ പുറത്തെടുത്ത ശിക്ഷാ മാർഗത്തിന് സമാനമാണ് ഈ ഇടപെടലും. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്തികയുടെ 38 ഒഴിവുകൾ സുപ്രീം കോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കുകയാണ്. ഇത് അറിഞ്ഞിട്ടും ഒരു സംഘം ഉദ്യോഗാർഥികൾ ഒഴിവുകൾ പിഎസ്‌സി പൂഴ്തിവയ്ക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചു മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്നു യോഗം വിലയിരുത്തി.

ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോ തെറപ്പിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോ തെറപ്പിസ്റ്റ് തസ്തികകളുടെ ഒഎംആർ പരീക്ഷയിൽ പരീക്ഷാ കേന്ദ്രം മാറ്റി നൽകിയില്ല എന്ന കാരണത്താൽ പിഎസ്‌സിക്ക് എതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ ആരോപണം ഉന്നയിക്കുകയാണ്. പിഎസ്‌സിയിൽ പരാതി നൽകുന്നതിനു പകരം സമൂഹമാധ്യമങ്ങളിലും മറ്റും ആക്ഷേപം ഉന്നയിക്കുന്നു. ഇവർക്കൊന്നും ജോലി നൽകാതിരിക്കാനാണ് നീക്കം. ഇതിനൊപ്പം കോൺസ്റ്റബിൾ പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധക്കാരും നോട്ടപുള്ളികളാക്കും.

തിരുവനന്തപുരത്തു പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർഥികൾക്കു കേന്ദ്ര മാറ്റത്തിനു ഗൂഗിൾ സ്‌പ്രെഡ് ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്ന വിധത്തിൽ സമാന്തര സംവിധാനവും രൂപപ്പെടുത്തിയിരിക്കുകയാണ്. അവർക്കെതിരെയും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാൻ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി.

അങ്ങനെ ചരിത്രത്തിൽ ആദ്യമായി വിമർശനം ഉന്നയിക്കുന്നവരുടെ വായ മൂടികെട്ടാനും ഭാവിയിൽ ആരും സംസാരിക്കാതിരിക്കാനും ശിക്ഷാ നടപടിയുടെ പുതു മാതൃക അവതരിപ്പിക്കുകയാണ് പി എസ് സി.