- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടത്തിൽ വ്യവസ്ഥയുള്ളത് പരീക്ഷകളിലോ തിരഞ്ഞെടുപ്പ് നടപടികളിലോ ക്രമക്കേട് നടത്തുന്നവരെ ശിക്ഷിക്കാൻ; മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നത് ആദ്യം; നടപടി എടുക്കാൻ തീരുമാനിച്ച ഉദ്യോഗാർഥികൾ മാധ്യമങ്ങളോടു സംസാരിച്ചതിൽ ഒരിടത്തും പിഎസ്‌സിയെ വിമർശിക്കുന്നില്ലെന്നതാണ് വസ്തുത; കുറ്റപ്പെടുത്തിയത് സർക്കാരിനേയും; ഇത് 'താറുമാറായ രാജ്യത്തെ, ആശയക്കുഴപ്പത്തിലായ രാജാവിന്റെ' ഉത്തരവ്; പി എസ് സിയുടെ വിലക്ക് അപഹാസ്യമാകുമ്പോൾ
തിരുവനന്തപുരം: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഉദ്യോഗാർഥികൾക്കെതിരേ പി.എസ്.സി. പ്രഖ്യാപിച്ച ശിക്ഷാനടപടി വിവാദത്തിലേക്ക്. അതിനിടെ പിഎസ്‌സിക്കെതിരെ കുപ്രചാരണം നടത്തുകയും പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള നിയമം പുതിയതല്ലെന്ന വിശദീകരണവുമായി പിഎസ്‌സി ചെയർമാൻ എം.കെ.സക്കീറും രംഗത്ത് വന്നു. ഉദ്യോഗാർഥികളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് ഇതെന്നു പ്രതിപക്ഷ യുവജന സംഘടനകളടക്കം കുറ്റപ്പെടുത്തുന്നു. ഉദ്യോഗാർഥികൾക്കു നിയമ സഹായം നൽകുമെന്നും യുവജന സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഇതോടെ പി എസ് സിയുടെ നീക്കം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും വ്യക്തമായി.
പിഎസ്‌സിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചു എന്ന പേരിൽ പിഎസ്‌സി നടപടി എടുക്കാൻ തീരുമാനിച്ച ഉദ്യോഗാർഥികൾ മാധ്യമങ്ങളോടു സംസാരിച്ചതിൽ ഒരിടത്തും പിഎസ്‌സിയെ വിമർശിക്കുന്നില്ലെന്നതാണ് വസ്തുത. മറിച്ച് സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതുകൊണ്ടാണ് നിയമനം നടക്കാത്തത് എന്നാണ് പരാതി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമനം നടത്താനും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത് സർക്കാരിനോടാണെന്നതും വസ്തുതയായി നിൽക്കുന്നു. അതുകൊണ്ട് തന്നെ ഇവർക്കെതിരെ നടപടി എടുത്തത് സർക്കാരിന് വേണ്ടിയാണെന്ന വാദവും സജീവമാണ്. സർക്കാരിന്റെ ചട്ടുകമായി പി എസ് സി മാറി. വിരട്ടിലിലൂടെ വിമർശനങ്ങൾ ഇല്ലായ്മ ചെയ്യാനാണ് ശ്രമം.
പരീക്ഷകളിലോ തിരഞ്ഞെടുപ്പ് നടപടികളിലോ ക്രമക്കേട് നടത്തുന്നവരെ ശിക്ഷിക്കാനാണ് ചട്ടത്തിൽ വ്യവസ്ഥയുള്ളത്. മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ പുതിയ നീക്കത്തിനെതിരെ പല കോണിൽ നിന്നും പ്രതിഷേധം ശക്തമാണ്. എഴുത്തുകാരൻ എൻ.എസ്. മാധവൻ പി.എസ്.സി. നീക്കത്തെ ട്വിറ്ററിലൂടെ പരിഹസിച്ചതോടെ വിവാദം രൂക്ഷമായി. 'താറുമാറായ രാജ്യത്തെ, ആശയക്കുഴപ്പത്തിലായ രാജാവിന്റെ' ഉത്തരവെന്നാണ് മാധവൻ ഉപമിച്ചത്. വിമർശകരെ ജോലിനൽകാത്തവിധം വിലക്കുന്ന പി.എസ്.സി.യുടെ നടപടി ഭരണഘടനാ ലംഘനമാണ്. പി.എസ്.സി.ക്കു പരാതിയുണ്ടെങ്കിൽ എഫ്.ഐ.ആർ. ഫയൽ ചെയ്യുകയോ അപകീർത്തിക്കേസ് നൽകുകയോ ആണ് വേണ്ടതെന്നും മാധവൻ അഭിപ്രായപ്പെട്ടു.
ഇതിന് പിന്നാലെയാണ് പി എസ് സി ചെയർമാൻ വിശദീകരണവുമായി രംഗത്തു വന്നത്. ജനാധിപത്യപരമായി അഭിപ്രായം പറയുകയും റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെടുകയും മറ്റും ചെയ്യുന്ന ഉദ്യോഗാർഥികൾക്കെതിരെ ഒരു കാരണവശാലും നടപടി എടുക്കില്ല. ജോലി ലഭിച്ചില്ലെന്നു പരാതി പറയുന്നതിനും പ്രശ്‌നമില്ല. പകരം ബോധപൂർവം സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തുകയും പിഎസ്‌സിക്കു സമാന്തരമായി പ്രവർത്തിക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ചെയർമാൻ പറയുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണം പിഎസ്‌സി വിജിലൻസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പിഎസ്‌സിയെ വിമർശിച്ച ഉദ്യോഗാർഥികൾക്കെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു ചെയർമാന്റെ വിശദീകരണം. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്തികയുടെ 38 ഒഴിവുകൾ സുപ്രീം കോടതി ഉത്തരവ് അനുസരിച്ചു മാറ്റിവച്ചിരിക്കുകയാണെന്ന് അറിഞ്ഞിട്ടും ചില ഉദ്യോഗാർഥികൾ ഒഴിവുകൾ പിഎസ്‌സി പൂഴ്‌ത്തിയെന്നു പ്രചാരണം നടത്തിയതിന്റെ പേരിലാണ് ആദ്യത്തെ നടപടിയെന്നും വിശദീകരിച്ചു.
ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറപ്പിസ്റ്റ്, ആയുർവേദ കോളജിലെ ഫിസിയോതെറപ്പിസ്റ്റ് തസ്തികകളുടെ പരീക്ഷാകേന്ദ്രം മാറ്റി നൽകാത്തതിനു ഗുരുതര ആരോപണം ഉന്നയിച്ചുവെന്നതാണു രണ്ടാമത്തെ കേസ്. പരീക്ഷാകേന്ദ്ര മാറ്റത്തിനു ഗൂഗിൾ സ്‌പ്രെഡ് ഷീറ്റ് വഴി അപേക്ഷിക്കുന്ന സമാന്തര സംവിധാനം ഉദ്യോഗാർഥികൾ രൂപപ്പെടുത്തിയെന്നും പിഎസ്‌സി ആരോപിക്കുന്നു. അടുത്തകാലത്ത് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങളെ വിമർശിച്ചും അതുവഴി പിഎസ്‌സി നിയമനങ്ങൾ നടക്കാതെ പോകുന്നതും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ വ്യാപകമായി രംഗത്തുവന്നിരുന്നു.
ഇതു സർക്കാരിനെതിരെ വൻ വിമർശനമായി ഉയർന്ന സമയത്തു തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന രീതിയിൽ പിഎസ്‌സി അറിയിപ്പ് ഇറക്കിയിരുന്നു. അങ്ങനെ സർക്കാരിന് വേണ്ടിയാണ് വിലക്കൽ തീരുമാനമെന്ന വാദമാണ് സജീവമാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ