- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടവിരുദ്ധമായി കുറച്ചു റാങ്ക് പട്ടികകളുടെ മാത്രം കാലാവധി നീട്ടാൻ തീരുമാനിച്ചത് നിയമ പോരാട്ടമായി; സുപ്രീംകോടതിയിൽ അപ്പീൽ നൽകി പി എസ് സി കാത്തിരിക്കുമ്പോൾ വെട്ടിലായത് പാവം ഉദ്യോഗാർത്ഥികളും; സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി എടുത്ത തീരുമാനം ഉണ്ടാക്കിയത് സർവ്വത്ര പ്രതിസന്ധി; യൂണിഫോം തസ്തികകളിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാക്കിയതും തൊഴിലന്വേഷകർക്ക് വിനയായി; പി എസ് സി വിവാദ ചുഴിയിൽ പെടുമ്പോൾ
തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങളെ സുപ്രീം കോടതി വരെ നീണ്ട നിയമക്കുരുക്കിലാക്കിയതു സംസ്ഥാന സർക്കാരിന്റെ പിടിവാശി.പൊലീസ്, എക്‌സൈസ്, വനം, മോട്ടർ വെഹിക്കിൾ, ജയിൽ, ഫയർഫോഴ്‌സ് വകുപ്പുകളിലെ യൂണിഫോം തസ്തികകളിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പിഎസ്‌സി ചെയർമാൻ മുൻകയ്യെടുത്തു 3 വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചിരുന്നു. യുവാക്കളെ ലഭിക്കാനാണിത് എന്നാണ് പറഞ്ഞ ന്യായം. ഇവയുടെ കാലാവധി നീട്ടരുതെന്ന ചട്ട ഭേദഗതിയും കൊണ്ടുവന്നു. ഇതിൽ എക്‌സൈസ് ലിസ്റ്റിലെ യുവവാണ് ജോലി കിട്ടാത്തതു കൊണ്ട് ആത്മഹത്യ ചെയ്തത്. യുഡിഎഫിനെ തൊഴിലില്ലായ്മയിൽ കുറ്റപ്പെടുത്തി അധികാരത്തിൽ എത്തിയ പിണറായി സർക്കാരും ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ആരോപണം.
ചില റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത് പ്രശ്‌നമായി മാറുകയും ചെയ്തു. സർക്കാർ സമ്മർദത്തിനു പിഎസ്‌സി വഴങ്ങിയായിരുന്നു പി എസ് സിയുടെ തീരുമാനം. ഇതോടെ നിയമനമില്ലാതെ വിഷമത്തിലായത് ഉദ്യോഗാർഥികളാണ്. നിയമ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. 6 വകുപ്പുകളിലെ യൂണിഫോം തസ്തികകളിലെ റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമായി കുറച്ചതായിരുന്നു എല്ലാത്തിനും തുടക്കം. പിന്നീടെത്തിയ പിണറായി സർക്കാരിന്റെ ആദ്യ കാലത്തു ചട്ടവിരുദ്ധമായി കുറച്ചു റാങ്ക് പട്ടികകളുടെ മാത്രം കാലാവധി നീട്ടാൻ തീരുമാനിച്ചതാണു നിയമക്കുരുക്കായത്. ഒരു തവണയെങ്കിലും കാലാവധി നീട്ടി നൽകാത്ത പട്ടികകൾ മാത്രം 6 മാസത്തേക്കു നീട്ടാനാണു സർക്കാർ പിഎസ്‌സിയോട് ആവശ്യപ്പെട്ടത്.
എല്ലാ പട്ടികകളുടെയും കാലാവധി ഒന്നിച്ചു നീട്ടണമെന്നാണു ചട്ടമെന്നും കുറച്ചെണ്ണം മാത്രം നീട്ടുന്നതു നിയമപ്രശ്‌നത്തിനും അഴിമതി ആരോപണത്തിനും ഇടയാക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇതോടെ ഈ ആനുകൂല്യം ലഭിക്കാത്ത ഉദ്യോഗാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിലും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും കേസ് കൊടുത്തു. രണ്ടു കോടതികളും പിഎസ്‌സിയുടെ തീരുമാനം തള്ളി. സർക്കാരും പിഎസ്‌സിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ കൊടുത്തെങ്കിലും വിധി എതിരായി. തുടർന്നു സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്. ഇതോടെ നിയമനവും തടസ്സപ്പെട്ടു.
കേസിൽപെട്ട റാങ്ക് പട്ടികകളിൽ ഉള്ളവർക്കു കാലാവധി നീട്ടിയിരുന്നുവെങ്കിൽ ലഭിക്കുമായിരുന്ന ഒഴിവുകൾ മാറ്റി വയ്ക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. ഇതോടെ ഒട്ടേറെ ഒഴിവുകൾ നിയമനം നടത്താതെ നീക്കിവയ്‌ക്കേണ്ട സ്ഥിതിയായി. ഇതും ഫലത്തിൽ ഉദ്യോഗാർത്ഥികളെ ബാധിച്ചു. ഹൈക്കോടതി തീരുമാനം സർക്കാരും പി എസ് സിയും അംഗീകരിച്ചിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ഇതിനൊപ്പമാണ് ആറു റാങ്കു ലിസ്റ്റുകളുടെ കാലാവധി ഒരു വർഷമായി കുറച്ച തീരുമാനം.
കഷ്ടപ്പെട്ടു പഠിച്ച് ഈ റാങ്ക് പട്ടികകളിൽ ഇടം നേടിയാലും ഒരു വർഷത്തിനകം മതിയായ ഒഴിവു റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ജോലി ഇല്ലെന്ന അവസ്ഥയിലാകും ഉദ്യോഗാർഥികൾ. അതുകൊണ്ട് തന്നെ ഇനി വരുന്ന വിജ്ഞാപനങ്ങളിലെങ്കിലും ഈ പട്ടികകളുടെ കാലാവധി 3 വർഷമാക്കാൻ സർക്കാർ തയാറാകുമോയെന്നാണ് ഉദ്യോഗാർഥികൾ ഉറ്റുനോക്കുന്നത്. വെള്ളറടയിൽ അനുവെന്ന ഉദ്യോഗാർത്ഥിയുടെ ജീവനെടുത്തതും ഈ ഇടപെടലായിരുന്നു.
അതിനിടെ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ സൈബർ ഇടങ്ങളിൽ ചറുക്കാനുള്ള നിർദേശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്ത് വന്നത് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ പേരിൽ അനു് ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടിക്കെതിരായ സോഷ്യൽ മീഡിയ പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്നതാണ് വാട്സ്ആപ്പിൽ പ്രചരിക്കുന്ന ശബ്ദരേഖ.
ഇടേണ്ട കമന്റുകൾ പാർട്ടി തയ്യാറാക്കി നൽകുമെന്നും ഒരു ലോക്കൽ കമ്മിറ്റി 300 മുതൽ 400 വരെ കമന്റുകൾ ഇടണമെന്നും നിർദേശത്തിൽ പറയുന്നു. ഒരാൾ ഒന്നിൽ കൂടുതൽ കമന്റ് ചെയ്യേണ്ടതില്ല. പാർട്ടിക്കെതിരേയുള്ള പ്രചരണം തടയുന്നതോടൊപ്പം പാർട്ടി പേജുകളുടെ ലൈക്ക് വർധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്കാണ് നിർദ്ദേശം. തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത ദിവസമാണ് ജയരാജന്റെ നിർദ്ദേശം പുറത്തുവന്നത്.
എം വി ജയരാജന്റെ ശബ്ദസന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ
തിരുവനന്തപുരത്ത് റാങ്ക് ലിസ്റ്റിൽ പേരുള്ള ഒരാൾ ജോലി ഇല്ലാത്തതിന്റെ ഫലമായി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എതിരാളികൾ നല്ലതുപോലെ ആസൂത്രിതമായുള്ള കമന്റുകൾ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും ആസൂത്രിതമായ രീതിയിൽ ഒരു പ്ലാൻ ഉണ്ടാക്കണം. അതിൽ എന്തെല്ലാമാണ് കമന്റ് ബോക്സിൽ രേഖപ്പെടുത്തേണ്ടത് എന്നുള്ളത് ചെറിയ കാപ്സ്യൂൾ ടൈപ്പ് ആയി അയച്ചുതരുന്നുണ്ട്. അത് ഒരു ലോക്കലിൽ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങൾ വരുത്താൻ ശ്രമിക്കണം.
ഒരാൾതന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതൽ പേർ കമന്റ് ചെയ്യുക എന്നിടത്ത് എത്തണം. അതൂകൂടി ശ്രദ്ധിക്കണം എന്നു പറയാനാണ് ഈ സമയം പങ്കിടുന്നത്. എല്ലാവർക്കും ഓണാശംസകൾ നേരുന്നു. പ്രചാരവേല ശക്തിപ്പെടുത്തുന്നതിന്റെയും ഫേയ്സ്ബുക്ക് ലൈക്ക് വർധിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള കാര്യങ്ങളിൽ എല്ലാ സഖാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടകണം എന്ന് അഭ്യർത്ഥിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ള സഖാക്കൾക്ക് ഈ നിർദ്ദേശം പോകേണ്ടതുണ്ട്.
മറുനാടന് മലയാളി ബ്യൂറോ